പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം

വിനോദ് കുമാര്‍ | ചിത്രം: PTI
വിനോദ് കുമാര്‍ | ചിത്രം: PTI

ടോക്യോ: പാരാലിമ്പിക്സ് ഡിസ്‌കസ് ത്രോയില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. ഡിസ്‌കസ് ത്രോ ഫൈനലില്‍ 19.91 മീറ്റര്‍ കണ്ടെത്തിയാണ് ഏഷ്യന്‍ റെക്കോഡോടെ വിനോദ് വെങ്കലം സ്വന്തമാക്കിയത്. പോളണ്ടിന്റെ പയോട്ടര്‍ കോസെവിച്ച് 20.02 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ക്രൊയേഷ്യന്‍ അത്ലറ്റ് വെലിമിര്‍ സാണ്ടര്‍ 19.98 മീറ്റര്‍ കണ്ടെത്തി വെള്ളി മെഡല്‍ നേടി. ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.

സൈനികരുടെ കുടുംബത്തില്‍ നിന്നാണ് വിനോദ് കുമാര്‍ വരുന്നത്. അച്ഛന്‍ 1971ലെ യുദ്ധത്തിന്റെ ഭാഗമായിരുന്നു. വിനോദും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ 2002ല്‍ പരിശീലനത്തിനിടെ ലേയില്‍ വെച്ച് ഒരു പാറയില്‍ നിന്ന് വീണ് അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടാകുകയും ഏകദേശം 10 വര്‍ഷത്തോളം അദ്ദേഹം കിടപ്പിലാകുകയുമായിരുന്നു.

നേരത്തെ വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന പട്ടേലും ഹൈജമ്പില്‍ നിഷാദ് കുമാറും വെള്ളി മെഡല്‍ നേടിയിരുന്നു. വിനോദ് കുമാറിന്റെ വെങ്കലനേട്ടത്തിലൂടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. ദേശീയ കായിക ദിനത്തില്‍ത്തന്നെയുള്ള ഇന്ത്യയുടെ മെഡല്‍ നേട്ടങ്ങള്‍ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. അഭിനന്ദനപ്രവാഹമാണ് മെഡല്‍ ജേതാക്കള്‍ക്ക് ട്വിറ്ററിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights: India bags their third medal at paralympics through bronze win by vinod kumar in discuss throw

Content Highlights: