ഹാര്‍ദിക്കിനെയും ക്രുണാലിനെയും വഞ്ചിച്ച് 4.3 കോടി തട്ടി; അര്‍ധ സഹോദരന് അറസ്റ്റില്‍

മുംബൈ: ബിസിനസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും വഞ്ചിച്ച് 4.3 കോടി തട്ടിയെന്ന പരാതിയില്‍ ഇവരുടെ അര്‍ധ സഹോദരന് വൈഭവ് പാണ്ഡ്യ അറസ്റ്റില്‍. താരങ്ങളുടെ പരാതിയില്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2021-ല്‍ വൈഭവ്, പാണ്ഡ്യ സഹോദരന്മാരുടെ പങ്കാളിത്തത്തോടെ പോളിമര്‍ കമ്പനി ആരംഭിച്ചിരുന്നു. 40 ശതമാനം വീതം മൂലധനം പാണ്ഡ്യ സഹോദരങ്ങളും 20 ശതമാനം വൈഭവും നിക്ഷേപിക്കുമെന്നായിരുന്നു വ്യവസ്ഥ. ലാഭവിഹിതവും ഇതേ അനുപാതത്തിലായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്.
എന്നാല്‍, പങ്കാളിത്ത കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് വൈഭവ് ബിസിനസിന്റെ ലാഭം അനധികൃതമായി ഒരു പ്രത്യേക സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. 4.3 കോടി രൂപയാണ് ഇത്തരത്തില്‍ ഇയാള്‍ മാറ്റിയത്. തുടര്‍ന്ന് പാണ്ഡ്യ സഹോദരങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കല്‍, ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത വൈഭവിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Content Highlights: hardik pandyas stepbrother arrested for cheating cricketer of Rs 4.3 crore