എൽദോസ് പോളിനും ട്രീസാ ജോളിക്കും ജി.വി. രാജ പുരസ്‌കാരം; മാതൃഭൂമിയിലെ കെ.കെ. സന്തോഷിന് ഫോട്ടോഗ്രഫി പുരസ്‌കാരം

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ ജി.വി രാജ പുരസ്‌കാരം ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോളിനും ബാഡ്മിന്റൺ താരം ട്രീസാ ജോളിക്കും. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുകയും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുകയും ചെയ്ത താരമാണ് എൽദോസ് പോൾ. ലോക ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ വെങ്കലം, കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും വെങ്കലവും, ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ സ്വർണവുമാണ് ട്രീസയെ അവാർഡിന് അർഹയാക്കിയത്.
മികച്ച സ്‌പോർട്‌സ് ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം മാതൃഭൂമിയിലെ സീനിയർ ഫോട്ടോഗ്രാഫർ കെ.കെ സന്തോഷിനാണ്. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ ഫ്രാൻസിസ് ന്യൂർ അഡോയുടെ ബൈസിക്കിൾ കിക്കിന്റെ നിർണായക നിമിഷം പകർത്തിയതാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. മികച്ച സ്‌പോർട്‌സ് ലേഖകൻ പുരസ്‌കാരം മലയാള മനോരമയിലെ അജയ് ബെന്നും മികച്ച സ്‌പോർട്‌സ് ദൃശ്യമാധ്യമ പരിപാടിക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ശ്രാവൺ കൃഷ്ണയും നേടി.
ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോ. പി.ടി ജോസഫിനാണ്. മികച്ച കായിക പരിശീലകനായി അനൂപ് ജോസഫിനെ തിരഞ്ഞെടുത്തു. മികച്ച കായിക അധ്യാപകൻ ഡോ. സദാനന്ദൻ സി.എസും മികച്ച കോളേജ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജുമാണ്. മികച്ച സ്‌പോർട്‌സ് ഹോസ്റ്റൽ കായികതാരമായി വോളിബോൾ താരങ്ങളായ എഡ്വിൻ പോൾ സിബിയേയും അനാമികയേയും തിരഞ്ഞെടുത്തു.
മികച്ച സ്‌പോർട്‌സ് പുസ്തകം സിബിൻ ബി.ടിയടെ 'ഉണരൂ ആരാധകരേ ഉണരൂ' എന്ന പുസ്തകമാണ്. പാരാ പവർ ലിഫ്റ്ററായ ജോബി മാത്യുവും മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം വിക്ടർ മഞ്ഞിലയും പ്രത്യേകം പരാമർശം നേടി. അഞ്ജു ബോബി ജോർജ്ജ്, പി.ആർ ശ്രീജേഷ്, ഡോ ബിനു ജോർജ് വർഗീസ്, സനിൽ പി തോമസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
Content Highlights: Eldhose Paul and Treesa Jolly win the prestigious GV Raja Award for 2026., KK Santhosh of Mathrubhumi wins the best sports photography award., Awards include cash prizes, plaques, and citations across multiple sports categories in Kerala.