ജാംസാഹെബ് അജയ്; ജാംനഗറിന്റെ പുതിയ 'അധിപനാ'യി അജയ് ജഡേജ

അഹമ്മദാബാദ്: ജാംനഗറിലെ അടുത്ത പുതിയ രാജാവായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ. ഗുജറാത്തിലെ ഒരു നാട്ടുരാജ്യമാണ് നവാനഗര്‍ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ജാംനഗര്‍. നവാനഗറിലെ മഹാരാജ ജാം സാഹെബാണ് ജഡേജയെ ജാം സാഹെബായി പ്രഖ്യാപിച്ചത്. നിലവിലെ ജാം സാഹെബായ ശത്രുസല്യാസിന്‍ഹ്ജിയുടെ പിന്‍ഗാമിയായാണ് ജഡേജയുടെ വരവ്. ജഡേജയുടെ പിതാവിന്റെ സഹോദരനാണ് ശത്രുസല്യാസിന്‍ഹ്ജി.
'പാണ്ഡവരുടെ വനവാസത്തില്‍നിന്നുള്ള വിജയാഘോഷത്തെ അടയാളപ്പെടുത്തുന്നതാണ് ദസറ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ന്, ദസറ ദിനത്തില്‍, എന്റെ അനന്തരാവകാശിയായി അജയ് ജഡേജയെ കണ്ടെത്തിയതില്‍ ഞാന്‍ സന്തോഷവാനാണ്. ജാംനഗറിലെ ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വം അജയ് ജഡേജ ഏറ്റെടുത്തെന്നത് ഇവിടത്തെ ജനതയ്ക്ക് ലഭിച്ച അനുഗൃഹമാണ്. അദ്ദേഹത്തിന് ഞാനെന്റെ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു' - മഹാരാജ ജാംസാഹെബ് ശത്രുസല്യസിന്‍ഹ്ജി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ 1992 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലെ പ്രധാന താരമായിരുന്നു ജഡേജ. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ചുമതല നിര്‍വഹിച്ചിരുന്ന അദ്ദേഹം വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ടു. 2003-ല്‍ ഡല്‍ഹി ഹൈക്കോടതി വിലക്ക് നീക്കിയെങ്കിലും, പിന്നീട് അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചുവന്നില്ല. ഐ.പി.എലില്‍ വ്യത്യസ്ത ടീമുകളുടെ മെന്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: former cricketer ajay jadeja declared heir to jamnagar royal throne