ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോളിന്

പേരാവൂര്‍ (കണ്ണൂര്‍): കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 37-മത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ജുന അവാര്‍ഡ് ജേതാവും ട്രിപ്പിള്‍ ജമ്പ് താരവുമായ എല്‍ദോസ് പോള്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ലാണ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2022-ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയതോടെയാണ് എല്‍ദോസ് അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്. 2022-ല്‍ അമേരിക്കയിലെ ഒറിഗോണിലും 2023-ല്‍ ബുദാപെസ്റ്റിലും നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത എല്‍ദോസ് 2022-ല്‍ ഫൈനലില്‍ ഒന്‍പതാം സ്ഥാനം കരസ്ഥമാക്കി. 2024-ല്‍ ജര്‍മനിയിലും ഫ്രാന്‍സിലും സ്ലോവാക്കിയയിലും നടന്ന അന്തര്‍ദേശീയ മത്സരങ്ങളില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നടന്ന ദേശീയ തല മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള എല്‍ദോസിന്റെ മികച്ച ദൂരം കോമണ്‍വെല്‍ത്ത് ഗെയിംസിലെ 17.03 മീറ്ററാണ്. 2022-ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള ഏക മലയാളിയായ എല്‍ദോസ് കോലഞ്ചേരി സ്വദേശിയാണ്. കൊച്ചുതോട്ടത്തില്‍ പൗലോസിന്റെയും മറിയക്കുട്ടിയുടെയും മകന്‍. ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനാണ്. നവംബര്‍ 30-ന് പേരാവൂര്‍ ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ജിമ്മി ജോര്‍ജ് അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
Content Highlights: Triple jumper Eldhose Paul, an Arjuna Awardee, has been honored with the prestigious 37th Jimmy George Foundation Award for Kerala`s Best Sports Personality.