അവൻ കുഞ്ഞായിരുന്നപ്പോൾ മുതൽ ഈ യാത്ര പതിവാണ്, അച്ഛനും അമ്മയും അവനും കൂടെ കടലും- ജോർജിന

ജോര്‍ജിനയും ക്രിസ്റ്റിയാനോയും/  സമ്മര്‍ വെക്കേഷനിടെ ക്രിസ്റ്റിയാനോയും ജോര്‍ജിനയും ക്രിസ്റ്റിയാനോ ജൂനിയറും | Photo: instagram/ georgina
ജോര്‍ജിനയും ക്രിസ്റ്റിയാനോയും/ സമ്മര്‍ വെക്കേഷനിടെ ക്രിസ്റ്റിയാനോയും ജോര്‍ജിനയും ക്രിസ്റ്റിയാനോ ജൂനിയറും | Photo: instagram/ georgina

ക്രിസ്റ്റിയാനോ റൊണാൾഡോയും കാമുകി ജോർജിന റോഡ്രിഗസും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. ക്രിസ്റ്റ്യാനോ ജനിച്ചു വളർന്ന പോർച്ചുഗലിലെ മദീര ദ്വീപിലെ ചരിത്രപ്രസിദ്ധമായ ഫുഞ്ചാൽ കത്തീഡ്രലിൽ വെച്ചാകും വിവാഹ ചടങ്ങുകളെന്നാണ് റിപ്പോർട്ട്. അതിനുശേഷം ആഡംബര ഹോട്ടലായ സവോയ് പാലസിൽ വിവാഹവിരുന്നും നടക്കും. ഈ വാരാന്ത്യത്തിൽ വിവാഹമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി തിയ്യതി പുറത്തുവിട്ടിട്ടില്ല.

നിലവിൽ സ്‌പെയ്‌നിലെ മല്ലോർക്കയിൽ ജോർജിനയ്ക്കും മൂത്ത മകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ജൂനിയറിനുമൊപ്പം വേനൽക്കാല അവധി ആസ്വദിക്കുകയാണ് ക്രിസ്റ്റിയാനോ. ഇവിടെനിന്നെടുത്ത ചിത്രങ്ങളും വീഡിയോയും ക്രിസ്റ്റിയാനോയും ജോർജിനയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

എന്നാൽ, അതിനൊപ്പം ജോർജിന ഹൃദയസ്പർശിയായ ഒരു കുറിപ്പും പോസ്റ്റ് ചെയ്തു. ക്രിസ്റ്റിയാനോ റൊണാൾഡോ ജൂനിയറുമായി ഒരു വളർത്തമ്മ എന്ന നിലയിലുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചാണ് ജോർജിന പറയുന്നത്. 2016-ൽ ജോർജിന ക്രിസ്റ്റിയാനോയ്‌ക്കൊപ്പം താമസിക്കാൻ തുടങ്ങിയതു മുതൽ അവനെ ഒരു മകനായാണ്‌ കണ്ടിരുന്നത്. ക്രിസ്റ്റിയാനോ ജൂനിയറിന്റെ കുട്ടിക്കാലം മുതൽ സമ്മർ അവധിക്കാലത്ത് ഈ യാത്ര പതിവാണെന്നും ഇപ്പോൾ 10 വർഷങ്ങൾ പിന്നിട്ടിരിക്കുന്നുവെന്നും അവർ കുറിച്ചു.

'മനസിൽ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് പൂർത്തിയാക്കുന്നതിൽ മിടുക്കനാണ് ജൂനിയർ. അവൻ കുഞ്ഞായിരുന്നപ്പോൾ മുതൽ ഈ യാത്ര ഞങ്ങളുടെ പതിവാണ്. അച്ഛനും അമ്മയും അവനും, കൂടെ കടലും. ഇത്തവണ ഞങ്ങളുടെ ഇഷ്ടഭക്ഷണവും രുചിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കുക എന്ന സ്വപ്‌നവും സാക്ഷാത്കരിച്ചു. '-ജോർജിന കുറിച്ചു.

സൗദി അറേബ്യയിലെ ക്ലബ്ബ് അൽ നസ്‌റിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റിയാനോ ജോർജിനയ്ക്കും അഞ്ച് മക്കൾക്കുമൊപ്പം റിയാദിലാണ് നിലവിൽ താമസിക്കുന്നത്. ക്രിസ്റ്റ്യാനോ ജൂനിയറിന്റെ യഥാർഥ അമ്മ ആരാണെന്ന് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജീവിതത്തിലെ ചില കാര്യങ്ങൾ സ്വകാര്യമാണെന്നും ആളുകൾ ആ സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്രിസ്റ്റിയാനോ നേരത്തെ മറുപടി നൽകിയത്. ആ രഹസ്യം താൻ മകനോട് വെളിപ്പെടുത്തുമെന്നും അവന് അതറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിൽ അൽ നസ്‌റിന്റെ യൂത്ത് ടീമിൽ അംഗമാണ് ക്രിസ്റ്റ്യാനോ ജൂനിയർ.

അഞ്ച് മക്കളിൽ രണ്ട് മക്കളുടെ മാത്രം അമ്മയാണ് ജോർജിന. ക്രിസ്റ്റിയാനോ ജൂനിയറിനുശേഷം 2017 ജൂണിൽ വാടക ഗർഭപാത്രത്തിലൂടെയാണ് ഇരട്ടക്കുട്ടികളായ എവ മരിയയും മാറ്റിയോയും ജനിച്ചത്. ഇരുവർക്കും ഇപ്പോൾ ഒമ്പത് വയസ്സാണ് പ്രായം. പിന്നാലെ നവംബറിൽ മകൾ അലാനയ്ക്ക് ജോർജിന ജന്മം നൽകി. 2022-ൽ ബെല്ല എസ്‌മെറാൾഡയും ജനിച്ചു. ഇപ്പോൾ നാല് വയസുകാരിയായ ബെല്ലയുടെ അമ്മ ജോർജിനയാണ്. ബെല്ലയുടെ ഇരട്ട സഹോദരനായിരുന്ന എയ്ഞ്ചൽ പ്രസവസമയത്തുതന്നെ മരിച്ചു.

2016-ൽ ഗുച്ചി ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റ് ആയിരുന്നപ്പോഴാണ് ജോർജിനയെ ക്രിസ്റ്റിയാനോ കണ്ടുമുട്ടുന്നത്. അതിന് മുമ്പ് ക്രിസ്റ്റ്യാനോയ്ക്ക് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. ജോർജിനയെ കണ്ടുമുട്ടിയതിന് ശേഷം ഇരുവരും പ്രണയത്തിലാകുകയും ആ ബന്ധം വളരുകയും ചെയ്തു. ഇപ്പോൾ 10 വർഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ക്രിസ്റ്റിയാനോ അണിയിച്ച മോതിരത്തിന്റെ ചിത്രം ജോർജിന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നു.

Content Highlights: Cristiano Ronaldo and Georgina Rodriguez are planning their wedding in Funchal, Madeira., The couple has been together for 10 years as of 2026., Georgina shared an emotional post about her bond with Cristiano Ronaldo Jr., Ronaldo currently plays for Al Nassr and resides in Riyadh with his family., The family recently enjoyed a summer vacation in Mallorca.