വരുമാനത്തില്‍ വമ്പന്‍ റെക്കോഡുമായി റൊണാള്‍ഡോ; 100 കോടി ഡോളര്‍ ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്ബോളര്‍

Image Courtesy: Twitter
Image Courtesy: Twitter

ദുബായ്: ഫുട്‌ബോളിന്റെ ചരിത്രത്തില്‍ 100 കോടി ഡോളര്‍ (ഏകദേശം 7600 കോടിയിലേറെ രൂപ) വാര്‍ഷിക വരുമാനം നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോള്‍ താരം എന്നതിനൊപ്പം ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിനും ബോക്‌സര്‍ ഫ്‌ളോയ്ഡ് മെയ്‌വെതറിനും ശേഷം ഇത്രയും വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം കായിക താരമെന്ന നേട്ടവും റോണോ സ്വന്തമാക്കി. 2009-ലാണ് ടൈഗര്‍ വുഡ്സ് ഈ നേട്ടം സ്വന്തമാക്കിയത്. മെയ്വെതര്‍ 2017-ലും.

പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പോയ വര്‍ഷം 105 ദശലക്ഷം ഡോളര്‍ (ഏകദേശം 8,000 കോടിയോളം രൂപ) ആണ് റോണോയുടെ വരുമാനം. വരുമാനത്തിന്റെ കാര്യത്തില്‍ ഫോബ്‌സ് 2020 പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും റോണോയ്ക്കായി.

കോവിഡ്-19 പ്രതിസന്ധികളെ തുടര്‍ന്ന് യുവെന്റസ് നാലു ദശലക്ഷം യൂറോ (ഏകദേശം 32 കോടിയിലേറെ രൂപ) വെട്ടിക്കുറച്ചതൊന്നും സൂപ്പര്‍ താരത്തിന്റെ വരുമാനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലബ്ബിന്റെ പ്രതിഫലത്തിനൊപ്പം പരസ്യ വരുമാനവും ബ്രാന്‍ഡ് വരുമാനവുമാണ് റോണോയ്ക്ക് കരുത്താകുന്നത്.

Content Highlights: Cristiano Ronaldo become first footballer to earn 1 billion dollor

Content Highlights: