റൊണാള്‍ഡീന്യോക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ

ദുബായ്: മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. പത്തുവര്‍ഷത്തെ വിസയാണ് അനുവദിച്ചത്.കഴിഞ്ഞ ദിവസം ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ അല്‍ മര്‍റി ഗോള്‍ഡന്‍ വിസ അടിച്ച പാസ്‌പോര്‍ട്ട് താരത്തിന് കൈമാറി.
യുഎഇയില്‍ 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികള്‍ക്ക് ഇത്തരത്തിലുള്ള വിസ അനുവദിച്ചത്. വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ സമൂഹത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് യുഎഇ വിസ നല്‍കുന്നത്. ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫിഗോ, പോള്‍ പോഗ്ബ, റോബര്‍ട്ടോ കാര്‍ലോസ്, റൊമാലു ലുകാകു, ദിദിയര്‍ ദ്രോഗ്ബ, സാമുവല്‍ ഏറ്റൂ, ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് തുടങ്ങിയവര്‍ക്കെല്ലാം മുന്‍പ് യുഎഇ ഗോള്‍ഡന്‍ റെസിഡന്‍സി അനുവദിച്ചിരുന്നു.
ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയിലൂടെ കരിയര്‍ തുടങ്ങിയ റൊണാള്‍ഡീന്യോ പിഎസ്ജി, ബാഴ്‌സിലോണ, എസി മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടി കളിച്ചു. ചാംപ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള ക്ലബ് കിരീടങ്ങള്‍ നേടി. ബ്രസീലിന്റെ 2002 ലോകകപ്പ് നേട്ടത്തില്‍ പ്രധാന പങ്കു വഹിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കരിയില കിക്കിലൂടെ നേടിയ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നാണ്. 2005-ല്‍ ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ദ്യോര്‍ പുരസ്‌കാരവും നേടി.
Content Highlights: Brazilian Football Legend Ronaldinho Gets UAE Golden Visa
Content Highlights: