മൂത്ര സാമ്പിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ബജ്റംഗ് പുനിയയെ വീണ്ടും നാഡ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയയെ ദേശീയ ഉത്തേജക പരിശോധന സമിതി, നാഡ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. പരിശോധനയ്ക്കായി മൂത്ര സാമ്പിള്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് ഒരിക്കല്‍കൂടി നാഡ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
മാര്‍ച്ച് 10 ന് സോനിപതില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ തന്റെ മൂത്രസാമ്പിള്‍ നാഡയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പുനിയയെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് പുനിയയ്ക്ക് പുതിയ താത്കാലിക സസ്‌പെന്‍ഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലായ് 11-നകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ താന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് പുനിയ പ്രതികരിച്ചു. തന്റെ സാമ്പിള്‍ ശേഖരിക്കാന്‍ അയച്ച കാലഹരണപ്പെട്ട കിറ്റിനെക്കുറിച്ച് നാഡ അധികൃതര്‍ പ്രതികരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ചില്‍ ലഭിച്ച താത്കാലിക സസ്‌പെന്‍ഷന്‍ ആന്റി ഡോപ്പിങ് ഡിസിപ്ലിനറി പാനല്‍ (എഡിഎപി) റദ്ദാക്കിയിരുന്നു. ബജ്‌റംഗ് പുനിയയ്‌ക്കെതിരെ നാഡ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Content Highlights: Bajrang Punia Suspended Again by NADA for Anti-doping Rule Violation