കുരങ്ങ് മുഖത്ത് മാന്തി; ലോകകപ്പ് പൂര്‍ത്തിയാക്കാതെ ഓസീസ് യുവതാരം നാട്ടിലേക്ക് മടങ്ങി

പോച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടര്‍-19 ലോകകപ്പിനിടെ കുരങ്ങ് ആക്രമിച്ച ഓസ്‌ട്രേലിയന്‍ താരം ഫ്രേസര്‍ മകഗ്യുര്‍ഗ് നാട്ടിലേക്ക് മടങ്ങുന്നു. ടീമംഗങ്ങള്‍ ഒരുമിച്ചുള്ള യാത്രയ്ക്കിടെ വന്യജീവി സങ്കേതത്തില്‍വെച്ച് ഓസീസ് താരത്തെ കുരങ്ങ് ആക്രമിക്കുകയായിരുന്നു. മുഖത്ത് മാന്തലേറ്റ ഫ്രേസറെ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് നാട്ടിലേക്ക് തിരിച്ചയക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് പിന്നാലെയാണ് ഫ്രേസറിനെ കുരങ്ങ് ആക്രമിക്കുന്നത്. മുഖത്ത് പോറലേറ്റെങ്കിലും ഇന്ത്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രേസര്‍ കളത്തിലറങ്ങി. എന്നാല്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഫ്രേസര്‍ റണ്‍ഔട്ടായി. സഹതാരം സാം ഫാനങ്ങുമായുള്ള ആശയവിനിമയത്തിലെ പ്രശ്‌നമാണ് റണ്‍ഔട്ടില്‍ കലാശിച്ചത്.
Read More: ആന്ധ്രയോടും രക്ഷയില്ല; അഞ്ചാം തോല്‍വിയുമായി കേരളം തരംതാഴ്ത്തല്‍ ഭീഷണിയില്‍
ക്വാര്‍ട്ടറില്‍ ഇന്ത്യയോട് 74 റണ്‍സിന് തോറ്റ ഓസ്‌ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു. എന്നാല്‍ ടൂര്‍ണമെന്റിലെ സ്ഥാനനിര്‍ണയത്തിനുള്ള രണ്ടു മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ഓസ്‌ട്രേലിയക്ക് ദക്ഷിണാഫ്രിക്കയില്‍ തന്നെ തുടരണം. കുരങ്ങ് ആക്രമിച്ച സാഹചര്യത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ ചികിത്സ വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഫ്രേസര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
Content Highlights: Australian cricketer Fraser McGurk attacked by monkey
Content Highlights: