'10 കോടിക്ക് ഓഡിറ്റോറിയവും റസ്റ്ററന്റും ഉണ്ടാക്കുന്നതിലായിരുന്നു ശ്രദ്ധ, പിന്നെങ്ങനെ മെഡൽ നേടാനാണ്?'

അര്‍ഷാദ് നദീം | Photo: AFP
അര്‍ഷാദ് നദീം | Photo: AFP

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പ്രതീക്ഷയായിരുന്ന പാകിസ്താന്റെ അർഷാദ് നദീം ഇത്തവണ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ അർഷാദിന് ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 80 മീറ്റർ പോലും ജാവലിൻ പായിക്കാൻ താരത്തിന് കഴിഞ്ഞില്ല. അതേസമയം, കഴിഞ്ഞ നാല് വർഷമായി അർഷാദിന്റെ പ്രധാന എതിരാളിയായ ഇന്ത്യൻ താരം നീരജ് ചോപ്ര വെള്ളി നേടി മികവ് ആവർത്തിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ അർഷാദിനെതിരെ വൻവിമർശനമാണ് ഉയരുന്നത്. പരിശീലനത്തിന്റെ കുറവും അനാസ്ഥയുമാണ് ഇതിന് കാരണമെന്ന് അദ്ദേഹത്തിന്റെ മുൻ പരിശീലകർ കുറ്റപ്പെടുത്തി. പാരിസ് ഒളിമ്പിക്‌സിൽ 92.97 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ അർഷാദ്‌ കോമൺവെൽത്തിൽ 12 പേരുണ്ടായിരുന്ന ഫൈനലിൽ ഒമ്പതാം സ്ഥാനത്തേക്ക് വീണതിന് കാരണം ഇതാണെന്നും പരിശീലകർ പറയുന്നു. ഒളിമ്പിക്‌സിലെ നേട്ടത്തിന് പിന്നാലെ കുറേ ആളുകൾ അർഷാദിന്റെ ഇഷ്ടക്കാരായി പിന്നാലെ കൂടുകയും തന്നെ ഒന്ന് കാണാൻ പോലും അനുവദിക്കുകപോലും ചെയ്തില്ലെന്നും നദീമിന്റെ ആദ്യകാല പരിശീലകൻ അക്രം സാഹി പറയുന്നു.

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു പരിശീലകനും സാഹിയുടെ അഭിപ്രായത്തോട് യോജിച്ചു. 'അർഷാദ് നദീം അതിമോഹിയായി മാറിയിരുന്നു. പരിശീലനം നടത്താനോ കഠിനാധ്വാനം ചെയ്യാനോ അയാൾ ശ്രമിച്ചില്ല. ദക്ഷിണാഫ്രിക്കൻ കോച്ച് ടെർസിയസ് ലീബൻബെർഗിന്റെ കീഴിലുള്ള പരിശീലനത്തിന് ശേഷമാണ് അദ്ദേഹം ഒളിമ്പിക്‌സ് സ്വർണം നേടിയത്. ഇതിലൂടെ നല്ല പ്രതിഫലവും അദ്ദേഹത്തിന് ലഭിച്ചു. ജീവിതസാഹചര്യങ്ങളും മാറി. ദക്ഷിണാഫ്രിക്കയിലേക്ക് വീണ്ടും പരിശീലനത്തിന് പോകാനുള്ള പണം അദ്ദേഹത്തിന്റെ കൈയിലുണ്ട്. എന്നാൽ, ഇപ്പോഴും ഫെഡറേഷനും സർക്കാറും പണം തരുന്നതിനായി കാത്തിരിക്കുന്നു.' -അദ്ദേഹം കൂട്ടിച്ചേർത്തു.

നദീമിന്റെ പരിശീലകൻ സൽമാൻ ബട്ടിനേയും സാഹി കുറ്റപ്പെടുത്തി. ‘ജാവലിൻ ത്രോയുമായി യാതെരു ബന്ധവുമില്ലാത്ത വ്യക്തിയാണ് സൽമാൻ ബട്ട്. വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. ഡിസ്‌കസ് ത്രോ താരമായിരുന്നു. അദ്ദേഹം എപ്പോഴും നദീമിന് പിന്നാലെ കൂടി.’ ആ പരിശീലനം നദീമിന്റെ പ്രകടനത്തെ നന്നായി ബാധിച്ചുവെന്നും സാഹി ചൂണ്ടിക്കാണിക്കുന്നു.

'10 കോടിയോളം രൂപ പ്രതിഫലമായി ലഭിച്ച ശേഷം നദീം ബിസിനസ് സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജന്മനാടായ മിയാൻ ചന്നുവിൽ ഓഡിറ്റോറിയമുണ്ടാക്കി. റസ്റ്ററന്റും തുടങ്ങി. ഇതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ. ഒരു കായികതാരം ഒരിക്കലും ഇങ്ങനെയാവരുത്.'-സാഹി കൂട്ടിച്ചേർത്തു.

Content Highlights: Arshad Nadeem finished ninth in the Glasgow competition after a record-breaking 2024 Olympic run., Mentors cite lack of professional training and personal distractions as primary causes., Concerns raised over the athlete's focus on business ventures over athletics., Calls for better coaching infrastructure and investment in high-performance training camps.