ലോക കബഡി ചാമ്പ്യന്‍ഷിപ്പ്: പാകിസ്താനിലെത്തിയ 'ഇന്ത്യന്‍ ടീം' ഏത്?; വിവാദം കൊഴുക്കുന്നു

ന്യൂഡല്‍ഹി: ലോക കബഡി ചാമ്പ്യന്‍ഷിപ്പിനായി പാകിസ്താനിലെത്തിയ ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് വിവാദം. വാഗാ അതിര്‍ത്തി കടന്ന് ലാഹോറിലെത്തിയ ഇന്ത്യന്‍ ടീം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രം പുറത്തുവന്നതോടെ വിശദീകരണവുമായി കേന്ദ്ര കായിക മന്ത്രാലയവും ദേശീയ കായിക ഫെഡറേഷനും രംഗത്തെത്തി. ഇന്ത്യയുടെ ഔദ്യോഗിക ടീമിനെ പാകിസ്താനിലേക്ക് അയച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയവും ഫെഡറേഷനും വ്യക്തമാക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായി പാകിസ്താന്‍ ആതിഥേയരാകുന്ന ലോക കബഡി ചാമ്പ്യന്‍ഷിപ്പിനായി ശനിയാഴ്ച്ചയാണ് 'ഇന്ത്യന്‍ ടീം' ലാഹോറിലെത്തിയത്. ലാഹോറിലെ പഞ്ചാബ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച്ച ടൂര്‍ണമെന്റ് ആരംഭിക്കും. ഗുജറാത്തിലെ ഫൈസലാബാദിലും മത്സരം നടക്കുന്നുണ്ട്.
എന്നാല്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ ഒരു കായികതാരത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 'അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കായിക മന്ത്രാലയത്തിന്റേയും വിദേശകാര്യ മന്ത്രാലയത്തിന്റേയും അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ ആര്‍ക്കും ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടില്ല'. കായിക മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹി റിട്ടയേര്‍ഡ് ജസ്റ്റിസ് എസ്.പി ഗാര്‍ഗും ഇക്കാര്യം വ്യക്തമാക്കി. ഫെഡറേഷന്‍ ഇത്തരമൊരു കാര്യത്തെ പിന്തുണക്കില്ലെന്നും വീഴ്ച്ച വരുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഗാര്‍ഗ് ചൂണ്ടിക്കാട്ടി.
പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ കായികമന്ത്രി തയ്മൂര്‍ ഖാന്‍ ഭട്ടി ഇന്ത്യന്‍ ടീമിനെ ലാഹോറിലെ ഹോട്ടലില്‍ സ്വാഗതം ചെയ്തു. വാഗാ അതിര്‍ത്തി കടന്നയുടനെ പാകിസ്താന്‍ കബഡി ഫെഡറേഷന്‍ അംഗങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലില്‍ ഇന്ത്യന്‍ ടീമിനെ ലാഹോറിലെ ഹോട്ടലിലെത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ജര്‍മനി, ഇറാന്‍, അസെര്‍ബയ്ജന്‍, കെനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ ആറു ലോക കബഡി ചാമ്പ്യന്‍ഷിപ്പുകളും നടന്നത് ഇന്ത്യയിലാണ്. ആറു തവണയും ഇന്ത്യയായിരുന്നു ചാമ്പ്യന്‍മാര്‍. 2010, 2012,2013,2014 വര്‍ഷങ്ങളില്‍ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. 10 മില്ല്യണ്‍ രൂപയാണ് വിജയികള്‍ക്കുള്ള സമ്മാനം. റണ്ണേഴ്‌സ്അപ്പിന് 7.5 മില്ല്യണ്‍ രൂപ ലഭിക്കും.
Content Highlights: Arrival of Unofficial Indian Team in Pakistan for World Kabaddi Championships Kicks up Controversy
Content Highlights: