‘വിജയ് ഒന്ന് വിളിച്ചിരുന്നെങ്കിൽ...’; മെഡൽ നേട്ടത്തിന് പിന്നാലെ ആഗ്രഹം തുറന്നുപറഞ്ഞ് ആൻസി

നഗോയ: ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ 6.53 മീറ്റർ ചാടിയാണ് മലയാളി താരം ആൻസി സോജൻ വെള്ളി നേടിയത്. അവസാനംവരെ മുന്നിലായിരുന്ന ആൻസിയെ ആറാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് മറികടക്കുകയായിരുന്നു. ചൈനീസ് താരം 6.55 മീറ്റർ ചാടി. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി നേടിയിരുന്നു. ഇപ്പോഴിതാ മെഡൽ നേട്ടത്തിന് പിന്നാലെ മറ്റൊരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ആൻസി സോജൻ. തമിഴ്നാട് മുഖ്യമന്ത്രി വിജയി തന്നെ ഫോൺ വിളിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായി ആൻസി പറഞ്ഞു.
"അദ്ദേഹത്തിൽനിന്ന് ഒരു കോൾ ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പ്രചോദനവും മറ്റും എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് ഒരു കോൾ ലഭിച്ചാൽ ഞാൻ വളരെയധികം സന്തോഷവതിയായിരിക്കും", ആൻസി പറഞ്ഞു.
ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് വളരെ മുൻപ് തന്നെ വിജയിയോടുള്ള ആരാധന ആൻസി പ്രകടമാക്കിയിരുന്നു. അന്ന് തമിഴ് സൂപ്പർതാരമായിരുന്നു വിജയ്. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വനിതകളുടെ ലോങ് ജമ്പ് ഇനത്തിൽ സ്വർണം നേടിയതിന് ശേഷം വിജയിയെ അനുകരിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷം ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ആൻസി.
ജപ്പാനിൽ സ്വർണം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അവസാനനിമിഷം കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും നേരത്തേ ആൻസി പറഞ്ഞിരുന്നു. ‘ഈ സീസണിൽ പത്തിൽക്കൂടുതൽ കോംപറ്റീഷനിൽ മത്സരിച്ചു. സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈയൊരു സാഹചര്യത്തിൽ ഇത്രയും ചെയ്യാനായതിൽ സന്തോഷമുണ്ട്. പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ട്. ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല. തുടങ്ങാൻ പോകുന്നതേയുള്ളൂ. ഇതൊരു തുടക്കം മാത്രമാണ്. അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കും’, ആൻസി പറഞ്ഞു.
ആദ്യ ശ്രമത്തിൽത്തന്നെ മിന്നുംപ്രകടനമാണ് ആൻസി പുറത്തെടുത്തത്. 6.49 മീറ്റർ ദൂരമാണ് ആൻസി കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ ചാടി. പിന്നീട് ആൻസിയാണ് മുന്നിട്ടുനിന്നത്. എന്നാൽ, അഞ്ചാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് 6.49 മീറ്റർ ചാടി ആൻസിക്കൊപ്പമെത്തി. അഞ്ചാം ശ്രമത്തിൽ അത് മറികടന്ന് ആൻസി നില ഭദ്രമാക്കി. 6.53 മീറ്ററാണ് ആൻസി ചാടിയത്. സ്വർണം ഉറപ്പിച്ച നിമിഷത്തിലാണ് ചൈനീസ് താരം ആൻസിയെ മറികടക്കുന്നത്. ചൈനീസ് താരം 6.55 മീറ്റർ ചാടി.
Content Highlights: Ancy Sojan won the silver medal in the Asian Games long jump with a 6.53m jump., She expressed her desire to receive a phone call from Tamil Nadu CM Vijay