വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരായ അതിക്രമം; AIFF അംഗം അറസ്റ്റില്‍

മഡ്ഗാവ്: വനിതാ ഫുട്‌ബോള്‍ താരങ്ങളെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച സംഭവത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ദീപക് ശര്‍മയെ ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വനിതാ ലീഗിനിടെ മദ്യപിച്ചെത്തിയ ദീപക് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന രണ്ട് വനിതാ ഫുട്‌ബോള്‍ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ്. മാര്‍ച്ച് 28-നായിരുന്നു സംഭവം. വിഷയത്തില്‍ അതിവേഗം നടപടിയെടുക്കാന്‍ കേന്ദ്ര കായികമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള ഖാദ് എഫ്.സിയിലെ രണ്ട് വനിതാ താരങ്ങളാണ് എ.ഐ.എഫ്.എഫിനും ഗോവ ഫുട്‌ബോള്‍ അസോസിയേഷനും പരാതി നല്‍കിയത്. ഹിമാചല്‍പ്രദേശ് ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറികൂടിയാണ് ഇയാള്‍.
ഔദ്യോഗികമായി ലഭിച്ച പരാതിയെ തുടര്‍ന്ന് ദീപക്കിനെ ശനിയാഴ്ച ചോദ്യം ചെയ്യലിനായി മപുസ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. മുറിവേല്‍പ്പിക്കല്‍, സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തല്‍, മറ്റ് കുറ്റങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് മപുസ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (മപുസ) സന്ദേശ് ചോദങ്കര്‍ പറഞ്ഞു.
Content Highlights: aiff executive committee member deepak sharma arrested assaulting two women players