പാരാ ഏഷ്യൻ ഗെയിംസ് ടീം സെലക്ഷനിൽ അഴിമതിയെന്ന് ആരോപണം; 20% കമ്മീഷൻ ആവശ്യപ്പെട്ടതായി ഷൂട്ടർമാർ

ന്യൂഡൽഹി: ഐച്ചി നാഗോയ പാരാ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ സാമ്പത്തിക ക്രമക്കേടും അഴിമതിയും ആരോപിച്ച് ഒരു കൂട്ടം പാരാ ഷൂട്ടർമാർ രംഗത്ത്. അത്ലറ്റുകൾക്ക് ലഭിക്കുന്ന സർക്കാർ ക്യാഷ് അവാർഡുകളുടെ 20 ശതമാനം കമ്മീഷനായി നൽകിയാൽ മാത്രമേ ദേശീയ ടീമിലേക്ക് സെലക്ഷൻ നൽകൂ എന്ന് ചില ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി അത്ലറ്റുകൾ ആരോപിക്കുന്നു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഡയറക്ടർ ജനറലിന് സമർപ്പിച്ച നിവേദനത്തിലാണ് അത്ലറ്റുകൾ പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യക്ക് (പിസിഐ) എതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
കായിക മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് പിസിഐയും ഷൂട്ടിങ് ടെക്‌നിക്കൽ കമ്മിറ്റിയും ചേർന്ന് ടീമിനെ തിരഞ്ഞെടുത്തതെന്ന് ഷൂട്ടർമാർ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ക്വാട്ടയും സ്‌കോറുകളും ചില വ്യക്തികൾക്ക് അനുകൂലമായി മാറ്റിയെഴുതിയെന്നും അവർ ആരോപിക്കുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യക്ക് ലഭിച്ച 15 അന്താരാഷ്ട്ര വൈൽഡ് കാർഡ് ക്വാട്ടകളിൽ രണ്ടെണ്ണം ഉപേക്ഷിക്കേണ്ടി വന്നുവെന്നും അത്ലറ്റുകൾ വ്യക്തമാക്കുന്നു. കൂടാതെ, ഔദ്യോഗിക ഷൂട്ടിങ് മത്സരങ്ങളിൽ പങ്കെടുത്ത പരിചയമില്ലാത്ത ഒരാളെ സാങ്കേതിക വിദഗ്ധനായും ഡയറക്ടർ ഓഫ് ഓപ്പറേഷൻസായും നിയമിച്ചതിനെയും താരങ്ങൾ ചോദ്യം ചെയ്തു.
പി4 50 മീറ്റർ ഫ്രീ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ ഏഷ്യയിൽ മൂന്നാം റാങ്കുകാരനായ സന്ദീപ് കുമാർ സെലക്ഷനിലെ പക്ഷപാതിത്വത്തിനെതിരേ ശക്തമായി രംഗത്തുവന്നു. ഏഷ്യൻ ഒന്നാം റാങ്കുകാരനായ ആകാശിനെയും മൂന്നാം റാങ്കുകാരനായ സന്ദീപിനെയും ഒഴിവാക്കി 14-ാം റാങ്കുകാരനായ രുദ്രാംഷ് ഖണ്ഡേൽവാളിനെ തിരഞ്ഞെടുത്തത് തന്നിഷ്ടപ്രകാരമാണെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങൾ തള്ളി പിസിഐ പ്രസിഡന്റും ഇരട്ട പാരാലിമ്പിക് സ്വർണ മെഡൽ ജേതാവുമായ ദേവേന്ദ്ര ഝാഝരിയ രംഗത്തെത്തി. ടീം സെലക്ഷൻ 100 ശതമാനം സുതാര്യവും കായിക മന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയവുമായാണ് നടത്തിയതെന്നും വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലകനുമായുള്ള ബന്ധത്തിന്റെ പേരിലാണ് താരത്തെ തിരഞ്ഞെടുത്തതെന്ന വാദവും അദ്ദേഹം നിഷേധിച്ചു. ഇതിനിടെ, അത്ലറ്റുകൾ ഉന്നയിച്ച വിഷയം പരിശോധിക്കുമെന്ന് കായിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചെങ്കിലും, സെലക്ഷൻ നടപടികൾ പൂർത്തിയായതിനാൽ നിലവിൽ ടീമിൽ മാറ്റം വരുത്താനാകില്ലെന്ന് വ്യക്തമാക്കി.
തങ്ങളുടെ പരാതികളിൽ ന്യായമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയെ സമീപിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് അത്ലറ്റുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Para-shooters accuse PCI of demanding a 20% commission on government cash awards for national team selection., Athletes claim international quotas and scores were manipulated in favor of specific individuals., Top-ranked shooters Sandeep Kumar and Akash were allegedly bypassed for lower-ranked athletes., PCI President Devendra Jhajharia denied all corruption and bias allegations, stating selections were transparent., Athletes threaten to approach the High Court under Article 226 if a fair investigation is not conducted.