വെള്ളിയണിഞ്ഞ് അഫ്സലും സാന്ദ്രയും മെറീനയും

വനിതകളുടെ ലോങ്ജമ്പില്‍ വെള്ളി നേടിയ സാന്ദ്ര ബാബു, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയ മുഹമ്മദ് അഫ്സല്‍ എന്നിവര്‍ | ചിത്രം: ബി.കെ രാജേഷ്
വനിതകളുടെ ലോങ്ജമ്പില്‍ വെള്ളി നേടിയ സാന്ദ്ര ബാബു, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയ മുഹമ്മദ് അഫ്സല്‍ എന്നിവര്‍ | ചിത്രം: ബി.കെ രാജേഷ്

തേഞ്ഞിപ്പലം (മലപ്പുറം): ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ കേരളത്തിന് ആശ്വസിക്കാന്‍ മൂന്ന് മെഡല്‍ കൂടി. മൂന്നും വെള്ളി. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് അഫ്സലും വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവും വനിതകളുടെ ഹെപ്റ്റാത്തലണില്‍ മരീറ ജോര്‍ജുമാണ് വെള്ളി നേടിയത്.

പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമുറപ്പിച്ചു കുതിച്ച അഫ്സലിന് രണ്ട് മില്ലി സെക്കന്‍ഡ് വ്യത്യാസത്തിലാണ് സ്വര്‍ണം വഴുതിപ്പോയത്. 1:47.45 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. 1:47.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹരിയാണയുടെ കൃഷ്ണ്‍ കുമാര്‍ സ്വര്‍ണം നേടി. അവസാന മുന്നൂറ് മീറ്ററില്‍ ലീഡ് പിടിച്ച അഫ്സലിനെ അവസാന അമ്പതു മീറ്ററിലെ കുതിപ്പിലാണ് കൃഷ്ണ്‍ ആവേശകരമായി മറികടന്നത്. സ്വര്‍ണം ഉറപ്പിച്ചിരുന്നുവെന്നും അവസാനം കൃഷ്ണന്‍ കുതിച്ചെത്തുന്നത് അറിഞ്ഞില്ലെന്നും അഫ്സല്‍ പറഞ്ഞു. 1:46.02  സെക്കന്‍ഡാണ് അഫ്സലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ 12.98 മീറ്റര്‍ ചാടിയാണ് സാന്ദ്ര വെള്ളി നേടിയത്. കഴിഞ്ഞ ദിവസം ലോംഗ് ജമ്പില്‍ സാന്ദ്ര വെങ്കലം നേടിയിരുന്നു.  തന്റെ പ്രകടനത്തില്‍ ഒട്ടും തൃപ്തിയില്ലെന്ന് രണ്ട് ചാട്ടം ഫൗളായ സാന്ദ്ര പിന്നീട് പറഞ്ഞു. എതിരേ വീശിയ കാറ്റും പരിശീലനത്തിനിടെ പറ്റിയ പരിക്കുമാണ് വിനയായതെന്നും സാന്ദ്ര പറഞ്ഞു. നാലാമത്തെ ചാട്ടത്തിലാണ് സാന്ദ്ര ഈ ദൂരം കണ്ടെത്തിയത്. 13.14 മീറ്റര്‍ ചാടിയ തമിഴ്നാടിന്റെ കാര്‍ത്തിക ഗോദണ്ഡപാണിക്കാണ് സ്വര്‍ണം.

വനിതകളുടെ ഹെപ്റ്റാത്തലണില്‍ 2283 പോയിന്റ് നേടിയാണ് മെറീന വെള്ളി നേടിയത്. 5249 പോയിന്റോടെയാണ് മെറീന വെള്ളി നേടിയത്. സ്വപ്ന ബര്‍മനാണ് സ്വര്‍ണം.

പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ ദേശീയ ചാമ്പ്യനും ദേശീയ റെക്കോഡുകാരനുമായ തമിഴ്നാടിന്റെ എസ്. ശിവ നിരാശപ്പെടുത്തി. 5.30 മീറ്റര്‍ ചാടി ദേശീയ റെക്കോഡും 5.16 മീറ്റര്‍ ചാടി മീറ്റ് റെക്കോഡുമിട്ട ശിവയ്ക്ക് സ്വര്‍ണം പങ്കിടാനായെങ്കിലും അഞ്ച് മീറ്റര്‍ കടക്കാനായില്ല. പ്രകടനത്തില്‍ തീര്‍ത്തും നിരാശനാണെന്ന് ശിവ പറഞ്ഞു. അഞ്ച് അവസരത്തിലും ഓട്ടം ശരിയായില്ലെന്നും ശിവ പറഞ്ഞു. നാട്ടുകാരനായ ഗോകുല്‍നാഥുമായി സ്വര്‍ണം പങ്കിടുകയായിരുന്നാ ശിവ.

പുരുഷന്മാരുടെ ഡിസ്‌ക്കസ് ത്രോയില്‍ പഞ്ചാബിന്റെ കൃപാല്‍ സിങ് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 61.83 മീറ്ററാണ് എറിഞ്ഞ ദൂരം. 59.55 മീറ്റര്‍ എന്ന അനില്‍കുമാറിന്റെ പേരിലുള്ള ഇരുപത്തിരണ്ട് വര്‍ഷം പഴകിയ റെക്കോഡാണ് കൃപാല്‍ തിരുത്തിയത്. നാലാമത്തെ ശ്രമത്തിലായിരുന്നു റെക്കോഡ് ദൂരം കണ്ടെത്തിയത്. കൃപാല്‍ ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടുകയും ചെയ്തു. ഹരിയാണയുടെ പ്രശാന്ത് മാലിക് വെള്ളിയും രാജസ്ഥാന്റെ അമിത് കുമാര്‍ വെങ്കലവും നേടി.

Content Highlights: Afsal Sandra and Marina wins silver in federation cup athletics 2022