മഴയിലും മിന്നിക്കാം; സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്നു തുടക്കം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടന ചടങ്ങിനുള്ള പരിപാടികളുടെ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ | ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടന ചടങ്ങിനുള്ള പരിപാടികളുടെ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ | ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

കോഴിക്കോട്: എൻ.ഐ.ടി.യിലെ പുത്തൻട്രാക്കിൽ, കനത്തമഴയുടെ അകമ്പടിയിൽ പുതിയ ദൂരവും സമയവും ഉയരവും കണ്ടെത്താൻ നാളെയുടെ കായികകേരളം ഇന്നുമുതൽ ഇറങ്ങും. പി.ടി. ഉഷയിലും ഷൈനി വിത്സനിലും അഞ്ജു ബോബി ജോർജിലും തുടങ്ങി ആൻസി സോജൻവരെയെത്തിനിൽക്കുന്ന അഭിമാനതാരങ്ങളുടെ പട്ടികയിലേക്ക് ഓടിക്കയറാൻ കൗമാരതാരങ്ങൾക്ക് കോഴിക്കോട് വേദിയൊരുക്കും. 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് ചാത്തമംഗലം എൻ.ഐ.ടി. ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് കായികമേളയാണിത്. ഏഴുദിവസങ്ങളിലായി 10 വേദികളിലായി 9309 കുട്ടികൾ പങ്കെടുക്കും. ദേശീയ ചാമ്പ്യൻഷിപ്പ് നേരത്തേ നടത്തേണ്ടതിനാൽ നീന്തൽ, ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയ 30-ഓളം ഗെയിംസ് മത്സരങ്ങൾ നേരത്തേത്തന്നെ സംഘടിപ്പിച്ചിരുന്നു. 'സേ നോ ടു ഡ്രഗ്‌സ്' എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തിയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് അത്ലറ്റിക്‌സും മേളയുടെ ഭാഗമായി നടക്കും. ഗൾഫ് മേഖലയിലുള്ള സ്‌കൂളുകളിൽനിന്നുള്ള 28 കുട്ടികളും മത്സരത്തിനിറങ്ങും. ആയിരത്തോളം വൊളന്റിയർമാരും രണ്ടായിരത്തോളം ഒഫീഷ്യലുകളും ഭാഗമാകും. രണ്ടുദിവസമായി പെയ്യുന്ന കനത്തമഴ മത്സരത്തിന്റെ നടത്തിപ്പിൽ ആശങ്കയുണർത്തുന്നുണ്ട്. അടുത്ത രണ്ടുദിവസങ്ങളിലും കോഴിക്കോട് ജില്ലയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയും ശനിയുമായി കോഴിക്കോട് 122 മില്ലീമീറ്റർ മഴയാണ് പെയ്തത്. എന്നാൽ, മത്സരക്രമത്തിലോ വേദികളിലോ മാറ്റമില്ല. കാണികൾക്കായി എൻ.ഐ.ടി. ഗ്രൗണ്ടിൽ താത്കാലിക ഗാലറികൾ ഒരുക്കിയിട്ടുണ്ട്. പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുദിവസം 25,000 കുട്ടികൾക്കുവീതം നോൺ വെജ് ഭക്ഷണം ഒരുക്കും.

പി.ടി. ഉഷ ദീപശിഖ തെളിയിക്കും

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ ദീപശിഖ തെളിയിക്കും. മന്ത്രി എൻ. ഷംസുദ്ദീനാണ് അധ്യക്ഷൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും. നാലായിരത്തോളം കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും മൂവായിരത്തോളം വിദ്യാർഥികൾ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. കായികമേളയുടെ ചാമ്പ്യൻമാർക്കുള്ള 117.5 പവന്റെ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഘോഷയാത്ര ഞായറാഴ്ച രാവിലെ 9-ന് കോഴിക്കോട്ട് എത്തും. 31-ന് വൈകീട്ട് 4-ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ് മുഖ്യാതിഥിയാകും.

Content Highlights: 68th edition of the Kerala State School Sports Meet starts in Kozhikode., Hosted at the NIT Chathamangalam ground following an Olympics model., Over 9,300 students participating across 10 venues despite heavy rains and red alerts., Features inclusive athletics and participants from Gulf schools., PT Usha to light the torch and Chief Minister VD Satheesan to inaugurate.