ആ വാര്‍ത്തകള്‍ വ്യാജം; സിദാന്‍ പി.എസ്.ജിയിലേക്കില്ല

പാരിസ്: മുന്‍ ഫ്രഞ്ച് താരം സിനദിന്‍ സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനത്തേക്കെത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് രംഗത്ത്.
അടുത്ത സീസണില്‍ മൗറീസിയോ പോച്ചെറ്റിനോയ്ക്ക് പകരം സിദാന്‍ പിഎസ്ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഫ്രഞ്ച് റേഡിയോ സ്‌റ്റേഷനായ യൂറോപ്പ് 1 ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തു. ഇതിനു പിന്നാലെയാണ് പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി സിദാന്റെ ഉപദേഷ്ടാവ് അലയ്ന്‍ മിഗ്ലിയാസിയോ രംഗത്തെത്തിയത്. ''ഇന്നുവരെ സിദാനെ പ്രതിനിധീകരിക്കാനും ഉപദേശിക്കാനും അനുവാദമുള്ള ഒരേയൊരു വ്യക്തിയാണ് ഞാന്‍. എന്നെയോ സിദാനെയോ പിഎസ്ജി ഉടമ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല.'' - മിഗ്ലിയാസിയോ വ്യക്തമാക്കി.
2020-21 സീസണില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാന്‍ മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിരുന്നില്ല.
Content Highlights: Zinedine Zidane s advisor denies contact with psg