ആസിഡാക്രമണത്തിൽ നിന്ന് ജീവിതത്തിലേക്ക്, റോണോയുടെ ഹൃദയം തകർത്ത ഗോൾ; വിസ്സ ഓർക്കാനിഷ്ടപ്പെടാത്ത ആ ദിനം

#ലോകകപ്പ് ഡെസ്ക്
യോനെ വിസ്സ | Getty Images via AFP
യോനെ വിസ്സ | Getty Images via AFP

ഹൂസ്റ്റൺ: ഒൻപത് പേരെ പ്രതിരോധത്തിന് നിയോഗിച്ച ഡി.ആർ. കോംഗോ പരിശീലകൻ സെബസ്റ്റ്യാൻ സൊബ്രെയുടെ നീക്കം ഫലിച്ചു. പേരുകേട്ട മുന്നേറ്റ-മധ്യനിരയുമായെത്തിയ പോർച്ചുഗൽ കിണഞ്ഞുശ്രമിച്ചിട്ടും കോംഗോ വലയിലേക്ക് പന്തെത്തിക്കാൻ കഴിഞ്ഞത് ഒരു തവണ. അതിന് കോംഗോ മറുപടിയും നൽകി. ഇതോടെ ലോകകപ്പ് ഫുട്‌ബോളിലെ പോർച്ചുഗൽ-കോംഗോ മത്സരം സമനിലയിലായി. 52 വർഷത്തിന് ശേഷം ലോകകപ്പിലേക്ക് മടങ്ങിയെത്തിയ കോംഗോ ചരിത്രത്തിലെ ആദ്യഗോളും കണ്ടെത്തി. യോനെ വിസ്സയാണ് കോംഗോയ്ക്കായി വലകുലുക്കിയത്. കോംഗോയുടെ ഹീറോയായ വിസ്സ അഞ്ചുവർഷങ്ങൾക്ക് മുൻപ് ജീവിതത്തോട് പോരാടുകയായിരുന്നു. അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ആസിഡ് ആക്രമണമാണ് താളംതെറ്റിച്ചത്. അതിൽ നിന്ന് പതിയെ തിരിച്ചുവന്നാണ് ആ കോംഗോ സ്ട്രൈക്കർ ലോകകപ്പിലും ചരിത്രം കുറിക്കുന്നത്.

കളിയുടെ തുടക്കത്തിൽ പോർച്ചുഗൽ ലക്ഷ്യം കണ്ടപ്പോൾ ഗോൾമഴയാണ് ഫുട്‌ബോൾ പ്രേമികൾ പ്രതീക്ഷിച്ചത്. പെഡ്രോ നെറ്റോ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്തിൽ തലവെച്ചാണ് ജാവോ നെവാസ് സ്‌കോർ ചെയ്തത്. എന്നാൽ ഗോളിന് ശേഷം പോർച്ചുഗലിനെ കോംഗോ തളച്ചിടുന്ന കാഴ്ചയാണ് കണ്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൃത്യമായി മാർക്ക് ചെയ്ത കോംഗോ പ്രതിരോധം പോർച്ചുഗൽ അപകടകാരികളായ ബെർണാഡോ സിൽവ,ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരേയും കർശനനിരീക്ഷണത്തിലാക്കി. ഇതോടെ തുടരെ ആക്രമണമെന്ന പോർച്ചുഗൽ പ്ലാൻ പൊളിഞ്ഞു.ക്രിസ്റ്റ്യാനോക്ക് ആദ്യപകുതിയിൽ ഒറ്റഷോട്ട് പോലും പായിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ കോംഗോയുടെ സമനിലഗോൾ വന്നു. അർതർ മസൗക്കു ബോക്‌സിലേക്ക് ഉയർത്തിവിട്ട പന്തിൽ ഉയർന്നുചാടി യോനെ വിസ്സയുടെ ഹെഡർ പോർച്ചുഗൽ വലകുലുക്കി. പിന്നീട് ഇരുടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതോടെ മത്സരം സമനിലയിലുമായി.

ലോകകപ്പിലെ കോംഗോയുടെ ആദ്യത്തെ ഗോൾ കൂടിയാണ് വിസ്സ ബുധനാഴ്ച നേടിയത്. ഇന്ന് രാജ്യത്തിന്റെ ഹീറോയായി നിൽക്കുന്ന വിസ്സ അഞ്ചുവർഷങ്ങൾക്ക് മുൻപ് ആസിഡ് ആക്രമണം നേരിട്ടയാളാണ്. ഗുരുതരമായി പരിക്കുമേറ്റു. കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാവുന്ന സ്ഥിതിയിൽ നിന്ന് അദ്ഭുതകരമായാണ് താരം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. അവിടെ നിന്നാണ് വിസ്സ വീണ്ടും മെതാനത്ത് പോരാട്ടം തുടങ്ങുന്നതും.

അഞ്ചുവർഷങ്ങൾക്ക് മുൻപ് ഒരു ജൂലായ്‌യിലാണ് സംഭവം. ഫ്രഞ്ച് ലീഗിൽ ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടിയ ലോറിയന്റിന്റെ സൂപ്പർ സ്‌ട്രൈക്കറായിരുന്നു അന്ന് വിസ്സ. ഫ്രഞ്ച് ലീഗിൽ തരംഗം തീർക്കുന്ന സമയം. പ്രീമിയർ ലീഗ് ക്ലബ്ബ് ബ്രന്റ്‌ഫോർഡ് വിസ്സയെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഏകദേശ ധാരണയുമായി. ആ ഘട്ടത്തിലാണ് വിസ്സയുടെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്.

വീട്ടിലായിരുന്ന യൊനെ വിസ്സയെ ഒരു സ്ത്രീ ആരാധികയെന്ന വ്യാജേന സമീപിക്കുകയായിരുന്നു. വിസ്സ വാതിൽ തുറന്നതും അവർ ഒരു ദ്രാവകം താരത്തിന്റെ മുഖത്തേക്കൊഴിച്ചു. വിസ്സ നിലവിളിച്ചുകൊണ്ട് ഓടി. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു. പെട്ടെന്ന് വിസ്സയുടെ ഭാര്യ അടിയന്തര സേവനം തേടുകയും മുഖം കഴുകിക്കൊണ്ടിരിക്കുകയും ചെയ്തു. ഇന്നും പേടിയോടെയാണ് ആ ദിവസത്തെ വിസ്സ ഓർക്കുന്നത്. വിസ്സയുടെ ഇളയ മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു ആക്രമണം നടത്തിയ സ്ത്രീയുടെ ഉദ്ദേശ്യമെന്നാണ് അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീടങ്ങോട്ട് ജീവിതകാലം മുഴുവൻ താരത്തിന് തുള്ളിമരുന്ന് ഉപയോഗിക്കേണ്ട സാഹചര്യമായി. കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുന്നതിന്റെ വക്കിൽ നിന്ന് വിസ്സ രക്ഷപ്പെടുന്നത് അദ്ഭുതകരമായാണ്.

ഈ സംഭവം താരത്തിനെ മാനസികമായ പിരിമുറുക്കത്തിലേക്കും വലിച്ചെറിഞ്ഞു. ദീർഘനാളുകൾക്ക് ശേഷമാണ് വിസ്സ ഇതിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകുന്നത്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥതയുണ്ടാകാറുണ്ടെന്നും അപരിചിതർക്കിടയിൽ ഇടപെടുന്നത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും പിന്നീട് വിസ്സ തന്നെ പറഞ്ഞിട്ടുണ്ട്. അതോടെ പ്രീമിയർ ലീഗിലേക്കുള്ള ട്രാൻസ്ഫറും വൈകി. 2021 ലെ ബ്രന്റ്‌ഫോർഡിന്റെ പ്രീ-സീസൺ മത്സരങ്ങളെല്ലാം നഷ്ടപ്പെട്ടു. ശേഷം തിരിച്ചെത്തുകയും നാല് വർഷം ബ്രന്റ്‌ഫോർഡിനായി തിളങ്ങാനും വിസ്സയ്ക്ക് കഴിഞ്ഞു. അവിടെ നിന്ന് ന്യൂകാസിൽ യുണൈറ്റഡിലേക്കും കൂടുമാറി. അവിടെ നിന്നാണ് ലോകകപ്പ് കളിക്കാൻ കോംഗോയിലേക്ക് വണ്ടികയറുന്നത്.

Content Highlights: Yoane Wissa scored DR Congo's first-ever FIFA World Cup goal., The goal ended a 52-year scoring drought dating back to 1974 (as Zaire)., The match resulted in a 1-1 draw against Portugal., The achievement is highlighted by Wissa's personal recovery from a near-blindness injury five years ago.