സാബി എങ്ങും പോകില്ല; ജര്‍മന്‍ ക്ലബ്ബില്‍ തുടരുമെന്ന് പ്രഖ്യാപനം

Photo: AFP
Photo: AFP

ബെര്‍ലിന്‍: അടുത്ത സീസണിലും ജര്‍മന്‍ ക്ലബ്ബ് ബയേര്‍ ലേവര്‍ക്യൂസനില്‍ തുടരുമെന്ന് പ്രഖ്യാപിച്ച് മുഖ്യപരിശീലകന്‍ സാബി അലോന്‍സോ. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളും ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കും സാബിക്കുവേണ്ടി രംഗത്തിറങ്ങിയതിനുപിന്നാലെയാണ് നിലപാട് പ്രഖ്യാപിച്ചത്.

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ സാബിക്കുകീഴില്‍ സ്വപ്നതുല്യമായ കുതിപ്പിലാണ് ലേവര്‍ക്യൂസന്‍. സീസണിനൊടുവില്‍ ലിവര്‍പൂളിന്‍നിന്ന് പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പും ബയേണില്‍നിന്ന് തോമസ് ടുഷേലും പടിയിറങ്ങും. ഇതോടെയാണ് ഇരുക്ലബ്ബുകളും സാബിയെ സ്വന്തമാക്കാന്‍ ശ്രമം തുടങ്ങിയത്.

2022 ഒക്ടോബറില്‍ ലേവര്‍ക്യൂസനില്‍ എത്തിയശേഷം 76 മത്സരങ്ങളില്‍ സാബി ടീമിനെ ഇറക്കി. ഇതില്‍ 51 ജയവും 15 സമനിലയും നേടി. 10 കളികളില്‍ തോറ്റു. തോല്‍വിയെല്ലാം കഴിഞ്ഞ സീസണിലായിരുന്നു. ഇത്തവണ എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി ഒരു കളിയിലും തോല്‍വിയറിയാതെയാണ് കുതിപ്പ്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ടീം ഒന്നാമതാണ്. 13 പോയിന്റാണ് ലീഡ്. അപരാജിത കുതിപ്പില്‍ ബുണ്ടസ് ലിഗ റെക്കോഡും ടീം സ്വന്തമാക്കി. 27 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞില്ല. ഇതില്‍ 23 ജയവും നാലു സമനിലയുമുണ്ട്. മൊത്തം 73 പോയിന്റായി. കഴിഞ്ഞ സീസണില്‍ ടീം ആറാമതായിരുന്നു.

റയല്‍ മഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള മധ്യനിരതാരം വലിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടില്ല. റയല്‍ സോസിഡാഡ് ബി ടീമിനെ പരിശീലിപ്പിച്ചതാണ് മുന്‍പരിചയം. എങ്കിലും ലേവര്‍ക്യൂസനെ അടിമുടി മാറ്റാനായി.

Content Highlights: xabi alonso remain his role as Bayer Leverkusen manager next season