ന്യൂജേഴ്‌സിയിൽ സ്പാനിഷ് അർമാദം; സ്‌പെയിൻ ലോകചാമ്പ്യൻമാർ, മെസ്സിക്ക് നിരാശ നിറഞ്ഞ മടക്കം

#ലോകകപ്പ് ഡെസ്ക്
ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം | Getty Images via AFP
ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം | Getty Images via AFP

ന്യൂയോർക്ക്: ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ 120 മിനിറ്റും സ്‌പെയിൻ നിറഞ്ഞു കളിച്ചു. അർജന്റീനയ്ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ വരിഞ്ഞു മുറുക്കി. ഒടുവിൽ കിരീടവുമായി സ്പാനിഷ് സംഘം മടങ്ങി. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നൽകിയ പാസാണ് ടോറസ് വലയിലെത്തിച്ചത്. സ്‌പെയിനിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടമുയർത്തി ഒന്നരപ്പതിറ്റാണ്ടിനു ശേഷം സ്‌പെയിൻ വീണ്ടും ലോക ചാമ്പ്യൻമാർ.

സ്‌പെയിൻ നിറഞ്ഞുകളിച്ചപ്പോൾ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലാതായിപ്പോയി. 120 മിനിറ്റോളം കളിച്ചിട്ടും രണ്ടേ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാനായത്. നിശ്ചിത സമയത്തും ഇൻജുറി ടൈമിലും ഒരു ഷോട്ടുപോലും സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാൻ അർജന്റീന താരങ്ങൾക്കായിരുന്നുമില്ല. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിങ് ഓർഡറും ലഭിച്ച് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന 10 പേരായി ചുരുങ്ങിയാണ് ശേഷിച്ച സമയം മത്സരത്തെ നേരിട്ടത്.

സ്‌പെയിനിന്റെ മുന്നേറ്റങ്ങൾക്കു മുന്നിൽ യാതൊരു മറുപടിയുമില്ലാതെ കളിക്കുകയായിരുന്നു അർജന്റീന താരങ്ങൾ. ലയണൽ മെസ്സിക്ക് പന്ത് തൊടാൻ പോലും കിട്ടാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

സ്‌പെയിനിന്റെ മധ്യനിര പതിവുപോലെ മികച്ച നിലവാരം പുലർത്തിയപ്പോൾ അർജന്റീന ഫിസിക്കലായി കളിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എങ്കിലും സ്പാനിഷ് മധ്യനിരയെ പതിവുപോലെ ഉണർന്നുകളിക്കാൻ അർജന്റീന അനുവദിച്ചില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലുമുതിർക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.

അഞ്ചാം മിനിറ്റിൽ തന്നെ യമാലിന്റെ മുന്നേറ്റത്തിൽ അർജന്റീന ഞെട്ടി. താരത്തിന്റെ ഷോട്ട് പക്ഷേ ഗോളി എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെയെത്തിയ സ്പാനിഷ് മുന്നേറ്റവും മാർട്ടിനെസ് തടഞ്ഞു. വലതുവിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി യമാൽ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. സ്‌പെയിൻ പന്ത് കൈവശം വെച്ച് കളിക്കാനാരംഭിച്ചതോടെ മത്സരം അൽപം ഫിസിക്കലായി മാറി. ആദ്യ 20 മിനിറ്റിനിടെ ലയണൽ മെസ്സിക്ക് രണ്ടു തവണ മാത്രമാണ് പന്ത് ലഭിച്ചത്.

പന്തടക്കത്തിൽ സ്‌പെയിൻ മുൻതൂക്കം നേടിയെങ്കിലും അർജന്റീനയുടെ പ്രതിരോധനിര ഉറച്ചുനിന്നു. അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയും ഏതാനും മുന്നേറ്റങ്ങൾ സൃഷ്ടിച്ചതോടെ മത്സരം ആവേശകരമായി.

സ്പാനിഷ് നിരയിൽ റോഡ്രിയുടെ പ്രകടനം ശ്രദ്ധേയമായി. പ്രതിരോധനിരയ്ക്കടുത്ത് വന്ന് പന്തെടുക്കുകയും മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത റോഡ്രി, അർജന്റീനയുടെ ആക്രമണങ്ങളുടെ മുന മിഡ്ഫീൽഡിൽ വെച്ചു തന്നെ ഒടിച്ചുകളയുന്നതിലും മുന്നിട്ടുനിന്നു. അർജന്റീന താരങ്ങളുടെ കടുത്ത മാർക്കിങ് കാരണം ആദ്യ പകുതിയിൽ ഡാനി ഓൽമോയ്ക്ക് സ്വതന്ത്രമായി കളിക്കാൻ സാധിച്ചില്ല.

അർജന്റീനയുടെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിന് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ പരിക്കേറ്റതിനെ തുടർന്ന് കോച്ചിന് ലിസാൻഡ്രോയെ പിൻവലിക്കേണ്ടി വന്നു.

സ്‌പെയിന്റെ മധ്യനിരയ്ക്ക് പന്ത് നൽകാതെ കളിക്കുകയെന്ന തന്ത്രം നടപ്പിലാക്കാനാണ് അർജന്റീന ശ്രമിച്ചത്. എന്നാൽ അതിൽ അവർക്ക് കാര്യമായി വിജയിക്കാനായില്ല. തുടർച്ചയായി ഫൈനൽ തേർഡിലേക്ക് പന്തെത്തിക്കാനായെങ്കിലും ബോക്‌സിൽ അവസരം മുതലാക്കാൻ പോന്ന താരങ്ങളില്ലാതിരുന്നത് സ്‌പെയിനിന് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ സ്‌പെയിൻ മുന്നേറ്റങ്ങളുടെ മൂർച്ച കൂടി. പലപ്പോഴും ബോക്‌സിൽ വെച്ച് ഏറെ പ്രായസപ്പെട്ട് പന്ത് ക്ലിയർ ചെയ്താണ് അർജന്റീന അപകടം ഒഴിവാക്കിയത്. പിന്നീട് തുടർച്ചയായി സ്‌പെയിൻ അർജന്റീന ബോക്‌സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. 67-ാം മിനിറ്റിൽ യമാലിന്റെ പാസിൽ നിന്നുള്ള ഫെറാൻ ടോറസിന്റെ ഹെഡർ മാർട്ടിനസ് രക്ഷപ്പെടുത്തി.

അവസാന മിനിറ്റുകളിൽ സ്‌പെയിൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവും മാർട്ടിനസിന്റെ സേവുകളും അവരെ ഗോൾ നേടുന്നതിൽ നിന്ന് അകറ്റി. 93-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കിട്ടി എൻസോ പുറത്തായത് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയുമായി. പിന്നീട് പത്ത് പേരുമായാണ് അർജന്റീന എക്‌സ്ട്രാടൈം കളിച്ചത്. 95-ാം മിനിറ്റിൽ നിക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലപം അതിനു മുമ്പ് മിക്കെൽ മെറീനോ, നിക്കോളാസ് ഒട്ടമെൻഡിയെ ഫൗൾ ചെയ്‌തെന്ന് വ്യക്തമായതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.

102-ാം മിനിറ്റിൽ ഉറച്ചൊരു ഗോളവസരം മിക്കെൽ മെറീനോ നഷ്ടപ്പെടുത്തുന്നതും കണ്ടു. നിക്കോ വില്യംസ് നൽകിയ ക്രോസിൽ നിന്നുള്ള മെറീനോയുടെ ഹെഡർ പുറത്തേക്ക് പോയത് ആശ്ചര്യത്തോടെയാണ് കാണികൾ കണ്ടത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാം മിനിറ്റിൽ വലകുലുക്കി. അതോടെ സ്പെയിൻ മുന്നിൽ . പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ അർജന്റീനയ്ക്കായില്ല. രണ്ടാം ലോകകിരീടത്തോടെ സ്പെയിനിന്റെ മടക്കം.

Content Highlights: The 2026 World Cup Final features Argentina against Spain., A generational clash between 39-year-old Lionel Messi and young talent Lamine Yamal., The match will be held at the MetLife Stadium in New Jersey., Tactical analysis of Scaloni's Argentina versus Spain's total football style., The final is highly anticipated as an 'El Clasico' style showdown.