ചരിത്രമെഴുതി വെലങ്ക; ഇനി ലക്ഷ്യം ഗോവൻ ഫുട്ബോൾ വിപ്ലവം

ഇന്ത്യയിൽ ഫുട്ബോൾ എന്നാൽ ബംഗാൾ, ഗോവ, കേരളം, ഹൈദരാബാദ്, പിന്നെ പഞ്ചാബ്. അങ്ങനെയൊരു കാലമുണ്ടായിരുന്നു. ഇവിടങ്ങളിലെ ക്ലബുകളും ടൂർണമെന്റുകളും എല്ലാവർക്കും സുപരിചിതം. കേരളത്തിലാണെങ്കിൽ ഗോവൻ ക്ലബുകൾക്ക് ആരാധകർ ഏറെയായിരുന്നു.
നമ്മുടെ അലിൻഡിനെയും ഫാക്ടിനെയും പ്രീമിയർ ടയേഴ്സിനെയും ഒക്കെപ്പോലെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ചർച്ചിൽ, സാൽഗോക്കർ , ഡെംപോ, വാസ്കോ, സെസ ടീമുകളെയൊക്കെ കണ്ടു.
വെലങ്ക അലിമാവോ എന്ന മുപ്പത്തിരണ്ടുകാരി ഗോവ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവരുടെ മനസ്സിൽ നിറഞ്ഞതും ആ പഴയ സുവർണ കാലമാണ്. ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ സാരഥിയാകുന്ന ആദ്യ വനിതയാണ് വെലങ്ക.
''ഐ.എം.വിജയൻ എന്നോടൊപ്പം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ ഉണ്ടായിരുന്നു.'' - കേരളത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ വെലങ്ക ഓർത്തെടുത്തു. ഒരു കാലത്ത് കോഴിക്കോട്ട് നാഗ്ജി, തൃശൂരിൽ ചാക്കോളാ തുടങ്ങിയ ടൂർണമെന്റുകളിൽ ഗോവൻ ക്ലബുകൾ ഗാലറി നിറച്ച കഥ ഓർമിപ്പിച്ചപ്പോൾ വെലങ്ക അലിമാവോയ്ക്ക് ആവേശം.
''ഫുട്ബോൾ പ്രേമികളെ ഗാലറികളിലേക്ക് മടക്കിക്കൊണ്ടുവരണം. എങ്കിലേ ആവേശം ഉയരൂ. ഫറ്റോർഡ സ്റ്റേഡിയതിൽ ഉൾപ്പെടെ കാണികൾ കുറയുന്നുണ്ട്. മുമ്പ് അവിടെ വന്നപ്പോൾ ജനക്കൂട്ടം എത്രയെന്നു കണ്ടിരിക്കുമല്ലോ?'' - വെലങ്ക ചൂണ്ടിക്കാട്ടി.
പുരുഷ, വനിത ഫുട്ബോളിന് ഒരു പോലെ പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. വിവിധ പ്രായപരിധികളിൽ വനിതാ ടൂർണമെന്റുകൾ, സ്റ്റേഡിയങ്ങൾ പ്രാദേശിക ക്ലബുകൾക്ക് പരിശീലനത്തിന് വിട്ടുനൽകുവാൻ നടപടി, പിന്നെ, അസോസിയേഷൻ പ്രവർത്തനങ്ങൾ സുതാര്യമാക്കും. മൂന്നു മാസത്തിലൊരിക്കൽ ക്ലബുകളെ കണക്ക് ബോധ്യപ്പെടുത്തും. വെലങ്ക അലിമാവോ തന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കി. 180 സ്റ്റേഡിയങ്ങൾ തുറന്നു കിട്ടേണ്ടതുണ്ട്. അവർ പറഞ്ഞു.
അഭിഭാഷക കൂടിയായ വെലങ്ക തന്റെ പിതാവ്, ഗോവ മുൻ മുഖ്യമന്ത്രി ചർച്ചിൽ അലിമാവോയെയും പിതൃ സഹോദരൻ ജൊയാക്വിം അലിമാവോയെയും പിൻതുടർന്നാണ് ഗോവ ഫുട്ബോൾ അസോസിയേഷന്റെ തലപ്പത്ത് എത്തിയത്. ചർച്ചിൽ ബ്രദേഴ്സിന്റെ സി.ഇ.ഒ. കൂടിയാണ് വെലങ്ക. ചർച്ചിലിന് 2026-27ൽ ഐ.എസ്.എലിൽ കളിക്കാൻ അനുമതിയുണ്ട്. ജംഷേദ്പുർ എഫ്.സി യിൽ നിന്നാണ് പ്ലേ റൈറ്റ് കിട്ടിയത്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 2022-ൽ എത്തിയ വെലങ്ക വനിതാ കമ്മിറ്റിയുടെ ചെയർപേഴ്സനുമാണ്. കമ്മിറ്റിയുടെ കാലാവധി ഈ വർഷം തീരും. കഴിഞ്ഞ വർഷം ഫിഫ വനിതാ ഫുട്ബോൾ വികസന സമിതിയിൽ എത്തിയ വെലങ്കയ്ക്ക് 2029 വരെ കാലാവധിയുണ്ട്.
''പുരുഷ-വനിതാ സമത്വത്തെക്കുറിച്ച് പഠിപ്പിച്ചത് പിതാവാണ്. സ്വയം പിൻവാങ്ങി തനിക്ക് അവസരമൊരുക്കിയത് സഹോദരൻ സാവിയോയും. ഗോവൻ ഫുട്ബോളിലെ സുവർണ യുഗം വീണ്ടെടുക്കുകയാണ് ആത്യന്തിക ലക്ഷ്യം.'', അതിന് പിതാവിന്റെ പിന്തുണ ബലം നൽകുമെന്നു പറഞ്ഞ വെലങ്ക തനിക്ക് മാതാവിന്റെ ക്ഷമാശീലവും കിട്ടിയിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു.
Content Highlights: Velanka Alemao becomes the first female president of the Goa Football Association., Aims to revive Goan football's golden era and bring fans back to stadiums., Focuses on equal promotion of men's and women's football with transparent association operations., Churchill Brothers has permission to play in the ISL for the 2026-27 season.