കോച്ചുമായി നേർക്കുനേർ; അതൃപ്തി തുറന്നുപറഞ്ഞ് യുറഗ്വായ് താരങ്ങൾ, റിപ്പോർട്ട്

വാഷിങ്ടൺ: സ്‌പെയിനിനെതിരേ നിർണായക പോരാട്ടത്തിനിറങ്ങുകയാണ് യുറഗ്വായ്. സ്‌പെയിനിനെ തോൽപ്പിച്ച് നോക്കൗട്ട് ബെർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ടീം. അതേസമയം യുറഗ്വായ് ക്യാമ്പിൽ നിന്ന് വരുന്ന വാർത്തകൾ പ്രകാരം ടീമിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു. പരിശീലകൻ മാഴ്‌സലോ ബിയെൽസയുടെ രീതികളോട് യുറഗ്വായ് താരങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സ്‌പെയിനിനെതിരായ മത്സരത്തിന് മുൻപായി താരങ്ങൾ പരിശീലകന്റെ കളി രീതികളെക്കുറിച്ചുള്ള അതൃപ്തി വ്യക്തമാക്കി. ഫെഡറിക്കോ വാൽവെർദേ, റോഡ്രിഗോ ബെന്റൻകർ, സെർജിയോ റൊഷറ്റ് തുടങ്ങിയ താരങ്ങളാണ് പരിശീലകന്റെ പദ്ധതികളെക്കുറിച്ച് തുറന്നടിച്ചത്. തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയല്ല അവലംബിക്കുന്നതെന്ന് താരങ്ങൾ ബിയെൽസയോട് പറഞ്ഞു. മാത്രമല്ല, താരങ്ങളോടുള്ള സമീപനം മാറ്റണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശീലകനോട് നേർക്കുനേർ നിന്നാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ആദ്യ രണ്ട് മത്സരങ്ങൾ സമനിലയിൽ കുടുങ്ങിയ യുറഗ്വായ് ടീമിന്റെ നോക്കൗട്ട് പ്രതീക്ഷകൾ തുലാസിലാണ്. സ്‌പെയിനിനെതിരായ മത്സരമാണ് അവസാനപ്രതീക്ഷ. സ്‌പെയിനിനെതിരേയും കാര്യമായ മാറ്റങ്ങൾക്ക് മുതിരാതിരുന്നതാണ് താരങ്ങളെ ചൊടിപ്പിച്ചതെന്നാണ് വിവരം. അതോടെ യുറഗ്വായ് ക്യാമ്പിൽ കലാപക്കൊടി ഉയർന്നു. സ്‌ക്വാഡിന്റെ മുഴുവൻ ശക്തിയും വിനിയോഗിക്കാൻ ബിയെൽസയുടെ പദ്ധതികൾക്ക് സാധിക്കുന്നില്ലെന്ന വിമർശനം താരങ്ങൾക്കിടയിൽ തന്നെയുണ്ട്.
താരങ്ങളുടെ പരിശീലനവും ജോലിഭാരവുമാണ് മറ്റൊരു വിഷയം. കഠിനമായ ജോലിഭാരം താരങ്ങൾക്ക് പരിക്കേൽക്കാൻ കാരണമാകുന്നുവെന്നും ഉന്നയിക്കപ്പെടുന്നു. സ്‌പെയിനിനെതിരായ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് യുറഗ്വായ് ക്യാമ്പിലെ അസ്വാരസ്യം.
Content Highlights: ruguay players express dissatisfaction with Marcelo Bielsa's coaching methods., Key players like Valverde and Bentancur confront the coach before the Spain match., Internal disputes include player workload concerns and tactical rigidity., Uruguay's 2026 knockout qualification hinges on the upcoming Spain clash.