ഒറ്റ മത്സരം പോലും ജയിക്കാതെ പുറത്ത്; യുറഗ്വായ് താരങ്ങൾക്ക് അസോസിയേഷൻ വക 'എട്ടിന്റെ പണി'

2026 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം നടത്തിയ യുറഗ്വായ് ഫുട്‌ബോൾ ടീമിന് എട്ടിന്റെ പണികൊടുത്ത് യുറഗ്വായ് ഫുട്‌ബോൾ അസോസിയേഷൻ. കടുത്ത ശിക്ഷാ നടപടികളിലേക്കാണ് അസോസിയേഷൻ കടക്കുന്നത്. ഇതിന്റെ ഭാഗമായി താരങ്ങൾക്കായി ഒരുക്കിയിരുന്ന ചാർട്ടർ വിമാനം ഫുട്‌ബോൾ അസോസിയേഷൻ റദ്ദാക്കി. താരങ്ങൾ ഇനി ഒരുമിച്ച് മടങ്ങുന്നതിന് പകരം സാധാരണ വിമാനങ്ങളിൽ അതും വ്യത്യസ്ത വിമാനങ്ങളിലായി വേണം നാട്ടിലേക്ക് തിരിക്കാൻ.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്‌പെയിനിനോട് തോറ്റ അവർ കേപ് വെർദെ, സൗദി അറേബ്യ ടീമുകളോട് സമനില വഴങ്ങുകയായിരുന്നു. ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് അവർ ഫിനിഷ് ചെയ്തത്.
ആദ്യ റൗണ്ടിൽ തന്നെ പുറത്തായ യുറഗ്വായ് ടീമിനെതിരേ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്തായത്. ടീമിന്റെ പരാജയത്തിന് പിന്നാലെ പരിശീലകൻ മാർസെലോ ബിയൽസയും താരങ്ങളും തമ്മിലുള്ള ഭിന്നതയും പരസ്യമായിട്ടുണ്ട്. തന്റെ പരിശീലന കാലയളവിൽ യുറഗ്വായ് ഫുട്‌ബോളിന് നേട്ടങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ലെന്ന് ബിയൽസ ഇതിനോടകം സമ്മതിച്ചു കഴിഞ്ഞു.
സ്‌പെയിനുമായുള്ള മത്സരത്തിന് മുൻപ് തന്നെ പരിശീലകൻ ബിയൽസയുടെ തന്ത്രങ്ങളെയും പരിശീലന രീതികളെയും കളിക്കാർ ചോദ്യം ചെയ്തിരുന്നു. ടീമിന്റെ പരാജയത്തിന് ശേഷം ബിയൽസ സ്വയം വിമർശനപരമായ നിലപാടാണ് സ്വീകരിച്ചത്. താൻ യുറഗ്വായ് ഫുട്‌ബോളിന് ഒന്നും നൽകിയിട്ടില്ലെന്നും, ഫലം ലഭിക്കാത്ത സാഹചര്യത്തിൽ തന്റെ മൂന്ന് വർഷത്തെ അധ്വാനത്തിന് വിലയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ നാലാം സ്ഥാനത്തിനോ കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനത്തിനോ ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Uruguay eliminated from 2026 World Cup without a single win., Football Association cancels charter flights as a disciplinary measure., Internal conflict reported between coach Marcelo Bielsa and the players., Bielsa admits failure to deliver results during his tenure.