ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: നവംബര്‍ മാസത്തെ ഏറ്റവും മികച്ച താരമായി ട്രെന്റ് അര്‍ണോള്‍ഡ്

Photo: AFP
Photo: AFP

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നവംബര്‍ മാസത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി ലിവര്‍പൂള്‍ പ്രതിരോധ താരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്. 

ലിവര്‍പൂളിന്റെ റൈറ്റ് ബാക്കായ അര്‍ണോള്‍ഡ് പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങുന്ന പ്രതിഭയാണ്. നവംബറില്‍ മൂന്ന് കളികളില്‍ നിന്ന് ഒരു ഗോളും നാല് അസിസ്റ്റും രണ്ട് ക്ലീന്‍ ഷീറ്റുകളും നേടിയെടുക്കാന്‍ ഈ ഇംഗ്ലീഷ് യുവതാരത്തിന് സാധിച്ചു. 

അതില്‍ വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ലിവര്‍പൂള്‍ പരാജയപ്പെട്ടെങ്കിലും ട്രെന്റിന്റെ ഗോള്‍ ഏറെ ശ്രദ്ധനേടി. 

ട്രെന്റിനെ കരിയറിലെ രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുരസ്‌കാരമാണിത്. ഇതിനുമുന്‍പ് 2019 ഡിസംബറിലാണ് താരം ഈ പുരസ്‌കാരം ആദ്യമായി സ്വന്തമാക്കിയത്. ലിവര്‍പൂള്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 

ഒക്ടോബറില്‍ ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലയാണ് ഈ പുരസ്‌കാരം നേടിയത്. ഇത്തവണ പുരസ്‌കാരത്തിനായുള്ള ഫൈനല്‍ റൗണ്ടില്‍ ട്രെന്റിനൊപ്പം ജാവോ ക്യാന്‍സലോ, ഇമ്മാനുവേല്‍ ഡെന്നിസ്, ഡിയോഗോ ജോട്ട, ജോണ്‍ മക്ഗിന്‍, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരാണ് മത്സരിച്ചത്. 

നവംബര്‍ മാസത്തെ മികച്ച പരിശീലകനുള്ള പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള സ്വന്തമാക്കി. 

Content Highlights: Trent Alexander-Arnold wins player of the month award for November

Content Highlights: