ഫിഫ ലോകകപ്പ്: ആരാധകർക്ക് സൗജന്യമായി കോണ്ടം വിതരണംചെയ്യാൻ ടൊറന്റോ നഗരസഭ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/TheTorontoSun/
Photo: x.com/TheTorontoSun/

ടൊറന്റോ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സുരക്ഷിതമായ ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഫുട്‌ബോൾ ആരാധകർക്ക് സൗജന്യമായി ഗർഭനിരോധന ഉറകൾ വിതരണംചെയ്യാൻ ടൊറന്റോ നഗരസഭ. ഫിഫ ലോകകപ്പിനായി കാനഡയിലെത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് ടൊറന്റോ പബ്ലിക് ഹെൽത്ത് വിഭാഗമാണ് സൗജന്യമായി ഇവ വിതരണംചെയ്യുക.

ഫുട്‌ബോൾ പ്രമേയമാക്കി സോക്കർ തീമിലുള്ള ഗർഭനിരോധന ഉറകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഈ കായിക മാമാങ്കത്തിൽ ഏകദേശം 3,00,000 സന്ദർശകരെയാണ് നഗരം പ്രതീക്ഷിക്കുന്നത്. ആറ് വ്യത്യസ്ത ഡിസൈനുകളിലുള്ള ലിമിറ്റഡ് എഡിഷൻ ഗർഭനിരോധന ഉറകളാണ് ടൊറന്റോ പബ്ലിക് ഹെൽത്ത് പുറത്തിറക്കുന്നത്. Block those shots, What a finish, Peaches & Cream തുടങ്ങിയ രസകരമായ പേരുകളാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്.

Photo: x.com/TheTorontoSun/

കോണ്ടം ടിഒ എന്ന സംരംഭത്തിന്റെ ഭാഗമായി ടൊറന്റോ പബ്ലിക് ഹെൽത്ത് നടത്തുന്ന ലൈംഗികാരോഗ്യ ക്ലിനിക്കുകൾ വഴിയും സന്നദ്ധ സംഘടനകൾവഴിയുമാണ് ഇവ സൗജന്യമായി പൊതുജനങ്ങൾക്കായി വിതരണം ചെയ്യുക. സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുക, ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള സാമൂഹികമായ വിമുഖത കുറയ്ക്കുക, ആളുകളെ ആരോഗ്യ സേവനങ്ങളുമായി കൂടുതൽ അടുപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഏകദേശം രണ്ട് ലക്ഷം ഡോളർ ചെലവഴിച്ച് ആറ് വ്യത്യസ്ത ഡിസൈനുകളിലുള്ള അഞ്ചര ലക്ഷത്തിലധികം ഉറകളാണ് പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. ഫുട്‌ബോൾ പദപ്രയോഗങ്ങളും ഫുട്ബോളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ഈ ഉറകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Content Highlights: Toronto Public Health distributing free soccer-themed condoms for the 2026 FIFA World Cup., Goal is to promote safe sex and reduce stigma around sexual health., Over 550,000 limited edition condoms with six unique designs being distributed., Initiative targets an estimated 300,000 visitors expected in Toronto.