പകരക്കാർ കളിമാറ്റി; ബോസ്‌നിയൻ പൂട്ട് പൊളിച്ച് സ്വിറ്റ്‌സർലൻഡിന് തകർപ്പൻ ജയം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

ലോസ് ആഞ്ജലിസ്: 73 മിനിറ്റോളം ഗോൾരഹിതമായ മത്സരത്തിന് പിന്നീട് കിടിലൻ ക്ലൈമാക്‌സ്, ഗ്രൂപ്പ് ബിയിലെ സ്വിറ്റ്‌സർലൻഡ് - ബോസ്‌നിയ മത്സരത്തെ അങ്ങനെ വിശേഷിപ്പിക്കാം. 73 മിനിറ്റുകൾക്കൊടുവിൽ ബോസ്‌നിയയുടെ പ്രതിരോധപ്പൂട്ട് പൊളിച്ച സ്വിറ്റ്‌സർലൻഡിന് തകർപ്പൻ ജയം. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് സ്വിസ്സ് പട ജയിച്ചുകയറിയത്.

സബ്സ്റ്റിറ്റിയൂഷനുകളാണ് സ്വിറ്റ്‌സർലൻഡിന്റെ വിജയത്തിനു പിന്നിൽ. പകരക്കാരനായി ഇറങ്ങിയ യൊഹാൻ മാൻസാംബി ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ മറ്റൊരു പകരക്കാരൻ റൂബൻ വാർഗാസും സ്‌കോർ ചെയ്തു. മാൻസാംബിയുടെ ഒരു ഗോളിന് വഴിയൊരുക്കിയത് വാർഗാസ് തന്നെ. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ലഭിച്ച പെനാൽറ്റി ലക്ഷത്തിലെത്തിച്ച് ഗ്രാനിത് ഹാക്ക സ്വിറ്റ്‌സർലൻഡിന്റെ ഗോൾപട്ടിക തികച്ചു. എർമിൻ മഹ്‌മിക്കിന്റെ വകയായിരുന്നു ബോസ്‌നിയയുടെ ആശ്വാസ ഗോൾ.

എങ്കിലും സ്വിറ്റ്‌സർലൻഡ് മുന്നേറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും മികച്ച കൗണ്ടർ അറ്റാക്കുകൾ നടത്താനും ബോസ്‌നിയക്കായിരുന്നു. അവസരം ലഭിച്ചപ്പോഴെല്ലാം ബോസ്‌നിയ, സ്വിസ്സ് ഗോൾമുഖം വിറപ്പിച്ചു. സ്വിസ്സ് ഗോൾകീപ്പർ ഗ്രെഗോർ കോബെലിനും കാര്യമായ ഇടപെടലുകൾ നടത്തേണ്ടി വന്നു.

ഒടുവിൽ 74-ാം മിനിറ്റിൽ ഗോൾ വർഷം തുടങ്ങി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ യൊഹാൻ മാൻസാംബിയാണ് 74-ാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡിന്റെ ആദ്യ ഗോൾ നേടിയത്. ഇടതു വിങ്ങിലൂടെയുള്ള റൂബൻ വാർഗാസിന്റെ ഒരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ബോസ്‌നിയ താരം ക്ലിയർ ചെയ്ത പന്ത് ചെന്നുവീണത് മാൻസാംബിയുടെ കാൽപ്പാകത്തിന്. ഒട്ടും സമയം കളയാതെ കിടിലൻ വോളിയിലൂടെ താരം പന്ത് വലയിലാക്കി.

പിന്നാലെ 80-ാം മിനിറ്റിൽ സ്വിസ്സ് താരത്തെ ബോക്‌സിന് തൊട്ടുവെളിയിൽ വീഴ്ത്തിയതിന് ബോസ്‌നിയ താരം താരിക് മുഹറെമോവിച്ചിന് ചുവപ്പുകാർഡ് ലഭിച്ചു. ഇതോടെ ശേഷിച്ച സമയം ബോസ്‌നിയക്ക് 10 പേരുമായി കളിക്കേണ്ടി വന്നു.

എണ്ണത്തിൽ ഒരാൾ കുറഞ്ഞ അവസരം മുതലെടുത്ത് 84-ാം മിനിറ്റിൽ ബ്രീൽ എംബോളോയുടെ പാസ് വലയിലെത്തിച്ച് റൂബൻ വാർഗാസ് സ്വിറ്റ്‌സർലൻഡിന്റെ ലീഡുയർത്തി. 90-ാം മിനിറ്റിൽ വാർഗാസിന്റെ അസിസ്റ്റിൽ നിന്ന് രണ്ടാം ഗോൾ കണ്ടെത്തിയ മാൻസാംബി സ്വിസ്സ് ടീമിന്റെ ജയമുറപ്പിച്ചു. ഇതിനിടെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ എർമിൻ മഹ്‌മിക്ക് ബോസ്‌നിയയുടെ ആശ്വാസ ഗോൾ കണ്ടെത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ അമർ മെമിക്കിന്റെ പിഴവിൽ സ്വിറ്റ്‌സർലൻഡിന് അനുകൂലമായി പെനാൽറ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാക്ക സ്വിറ്റ്‌സർലൻഡിന്റെ ഗോൾ പട്ടിക തികച്ചു. ജയത്തോടെ ഗ്രൂപ്പ് എയിൽ നാല് പോയന്റുമായി സ്വിറ്റ്‌സർലൻഡാണ് ഒന്നാമത്.

Content Highlights: Switzerland defeated Bosnia 4-1 in a Group B clash., Substitutes Yohan Mansambi (brace) and Ruben Vargas changed the game dynamics., Bosnia played with 10 men after a red card for Tarik Muharemovic in the 80th minute., Granit Xhaka sealed the win with a late penalty., Switzerland currently leads Group B with 4 points.