68 വർഷങ്ങൾക്കു ശേഷം ഒരു നോക്കൗട്ട് ജയം; അൾജീരിയ കടന്ന് സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ

വാൻകൂവർ: ഫിഫ ലോകകപ്പിൽ 1938-ന് ശേഷം ആദ്യമായി ഒരു നോക്കൗട്ട് വിജയം സ്വന്തമാക്കി സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32 മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്വിസ്സ് പടയുടെ പ്രീക്വാർട്ടർ പ്രവേശനം. 1938 ലോകകപ്പിൽ ജർമനിയെ തോൽപ്പിച്ചതിന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഒരു മത്സരം പോലും വിജയിക്കാൻ ഇതുവരെ സ്വിറ്റ്‌സർലൻഡിന് കഴിഞ്ഞിരുന്നില്ല. ഇതിനു മുമ്പ് കളിച്ച ഏഴ് നോക്കൗട്ട് മത്സരങ്ങളിലും അവർ പരാജയപ്പെടുകയായിരുന്നു. ആ നാണക്കേട് അൾജീരിയക്കെതിരേ സ്വിറ്റ്‌സർലൻഡ് മറികടന്നു. 10-ാം മിനിറ്റിൽ ബ്രീൽ എംബോളോയും 46-ാം മിനിറ്റിൽ ഡാൻ എൻഡോയെയുമാണ് ഗോളുകൾ നേടിയത്. കൊളംബിയ - ഘാന മത്സര വിജയികളാണ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ.
പരിക്കേറ്റ ലൂക്ക ജാക്വസ്, ജിബ്രിൽ സോ എന്നിവരില്ലാതെയാണ് സ്വിറ്റ്‌സർലൻഡ് മത്സരത്തിനിറങ്ങിയത്. പകരം ഡെനിസ് സക്കറിയയും ഡാൻ എൻഡോയും ടീമിലിടം നേടി. മൂന്ന് മാറ്റങ്ങളുമായാണ് അൾജീരിയ ഇറങ്ങിയത്. ലൂക്കാ സിദാൻ ഗോൾകീപ്പറായി തിരിച്ചെത്തിയപ്പോൾ റയൻ ഐത്-നൂരി, റാമിസ് സെറൂക്കി എന്നിവരും ആദ്യ ഇലവനിലെത്തി.
മത്സരത്തിന്റെ തുടക്കം മുതൽ മൈതാനത്ത് ലക്ഷ്യബോധത്തോടെ പന്ത് തട്ടിയത് സ്വിറ്റ്‌സർലൻഡായിരുന്നു. പിന്നാലെ കളംപിടിച്ച അവർ 10-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. മൈതാനമധ്യത്തു നിന്ന് റൂബൻ വാർഗാസ്, ജൊഹാൻ മൻസാംബിക്ക് നീട്ടിയ പന്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് ലഭിച്ച മൻസാംബി അൾജീരിയൻ ബോക്‌സിലേക്ക് ഓടിക്കയറി. താരത്തെ തടയാൻ അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാൻ എത്തിയ സമയത്ത് ഗോളിയേയും പ്രതിരോധ നിരക്കാരെയും കബളിപ്പിച്ച് മൻസാംബി പന്ത് ബ്രീൽ എംബോളോയ്ക്ക് നീട്ടി. ഒഴിഞ്ഞ പോസ്റ്റിലേക്ക് ഒരു ബാക്ക് ഹീൽ ഷോട്ടിലൂടെ എംബോളോ പന്തെത്തിച്ചു.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ സ്വിറ്റ്‌സർലൻഡ് രണ്ടാം ഗോളും നേടി. ബോക്‌സലേക്ക് വന്ന ഒരു ക്രോസ് കൃത്യമായി ക്ലിയർ ചെയ്യാൻ സാധിക്കാതിരുന്ന അൾജീരിയൻ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിന് വഴിവെച്ചത്. അൾജീരിയൻ ഡിഫൻസ് ക്ലിയർ ചെയ്ത പന്ത് നേരേ കിട്ടിയത് സ്വിസ്സ് താരം സക്കറിയക്ക്. താരം വീണ്ടും ബോക്‌സിലേക്ക് നൽകിയ പാസും അൾജീരിയ താരങ്ങൾക്ക് ക്ലിയർ ചെയ്യാനായില്ല. പന്ത് ലഭിച്ച ഡാൻ എൻഡോയെ മികച്ചൊരു ഷോട്ടിലൂടെ സ്‌കോർ ചെയ്തു. ലൂക്കാ സിദാൻ ചാടി നോക്കിയെങ്കിലും പന്തിലൊന്ന് തൊടാൻ പോലുമായില്ല.
പിന്നീട് തുടർച്ചയായി സ്വിറ്റ്‌സർലൻഡ് ഗോളിനടുത്തെത്തിയെങ്കിലും ഗോൾ കീപ്പർ ലൂക്കാ സിദാൻ വിലങ്ങുതടിയായി.