കാണികളുടെ എണ്ണത്തില്‍ ഐ.എസ്.എല്ലിനെ മറികടന്ന് സൂപ്പര്‍ ലീഗ് കേരള

സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്.സി.-ഫോഴ്‌സാ കൊച്ചി ഫൈനല്‍ മത്സരം കാണാന്‍ കോഴിക്കോട് സ്റ്റേഡിയത്തിലെത്തിയവര്‍
സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്.സി.-ഫോഴ്‌സാ കൊച്ചി ഫൈനല്‍ മത്സരം കാണാന്‍ കോഴിക്കോട് സ്റ്റേഡിയത്തിലെത്തിയവര്‍

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ ഞായറാഴ്ചനടന്ന കാലിക്കറ്റ് എഫ്.സി.-ഫോഴ്‌സ കോച്ചി ഫൈനലിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഇരമ്പിയെത്തിയപ്പോള്‍ പിറന്നത് സീസണിലെ റെക്കോഡ്. ഔദ്യോഗിക കണക്കില്‍ നടപ്പുസീസണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തില്‍ വന്നുകണ്ട മത്സരമാണിത്. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു ഐ.എസ്.എല്‍. മത്സരത്തിനെത്തിയ കാണികളുടെ എണ്ണത്തെയാണ് മറികടന്നത്.

സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍ കാലിക്കറ്റ്-കൊച്ചി മത്സരം കാണാന്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തിയത് 35,672 പേരെന്നാണ് ഔദ്യോഗിക കണക്ക്. ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്.സി. മത്സരം കാണാന്‍ കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലെത്തിയത് 34,940 പേരാണ്. ഇതുപ്രകാരം ഐ.എസ്.എല്ലിനെ മറികടക്കുന്ന പ്രകടനമാണ് സൂപ്പര്‍ ലീഗ് കേരള പ്രഥമ സീസണില്‍ത്തന്നെ നടത്തിയത്.

സൂപ്പര്‍ ലീഗില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രതീക്ഷിച്ചതിനെക്കാള്‍ കാണികള്‍ മത്സരം കാണാനെത്തി. കാലിക്കറ്റ്-തിരുവനന്തപുരം കൊമ്പന്‍സ് സെമിഫൈനലിന് 15,867 കാണികളുണ്ടായിരുന്നു. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലെ അവസാന ലീഗ് മത്സരത്തില്‍ മലപ്പുറവും കൊമ്പന്‍സും കളിച്ചപ്പോള്‍ 10,420 പേര്‍ സ്റ്റേഡിയത്തിലെത്തി.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അവസാന രണ്ട് കളിക്കും ശരാശരി 9000-ത്തോളം കാണികളുണ്ടായിരുന്നു. തിരുവനന്തപുരത്തെ കാണികളുടെ പങ്കാളിത്തം സംഘാടകരെ അമ്പരപ്പിക്കുന്നതായി. കൊച്ചിയില്‍ മാത്രമാണ് പ്രതീക്ഷിച്ചത്ര കാണികളില്ലാതെ പോയത്. പ്രഥമസീസണില്‍ കാണികളുടെ മികച്ച പങ്കാളിത്തം സംഘാടകര്‍ക്ക് ഊര്‍ജം പകരും.

Content Highlights: Calicut FC vs Forza Kochi final in Kozhikode draws a record crowd, surpassing ISL attendance.