സൂപ്പർ ലീഗ് കേരള: കൊമ്പൻസിനെ വീഴ്ത്തി കാലിക്കറ്റിന് തകർപ്പൻ തുടക്കം

#സ്പോർട്സ് ഡെസ്ക്

കോഴിക്കോട്: കാലിക്കറ്റ്‌ എഫ്സിക്ക് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ തകർപ്പൻ തുടക്കം. ഇ.എം.എസ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ് സിയെ 2–0 ന് തോൽപ്പിച്ചു. ആദ്യപകുതിയിൽ ക്യാപ്റ്റൻ പ്രശാന്ത്, അർജന്റീനക്കാരൻ മാക്സിമിലിയാനോ എന്നിവരാണ് ഗോൾ നേടിയത്.

എവേ ഗ്രൗണ്ടിൽ സമ്മർദ്ദങ്ങളൊന്നുമില്ലാതെ ആക്രമിച്ചാണ് കൊമ്പൻസ് മത്സരം തുടങ്ങിയത്. ആദ്യ പത്ത് മിനിറ്റിനുള്ളിൽ മുഹമ്മദ് നിഷാം വിങിലൂടെ നടത്തിയ രണ്ട് മുന്നേറ്റങ്ങൾ കാലിക്കറ്റ് പ്രതിരോധത്തെ പരീക്ഷിച്ചു. ബോക്സിനുള്ളിലേക്ക് നൽകിയ പന്തുകളിൽ അവസാന ടച്ചിന്റെ അഭാവമാണ് കൊമ്പൻസിന് ലീഡ് നേടാനുള്ള അവസരം നിഷേധിച്ചത്. പതിനഞ്ചാം മിനിറ്റിൽ അർജന്റീനക്കാരൻ മാക്സിമിലിയാനോ തൊടുത്തുവിട്ട ശക്തമായ ഷോട്ട് കൊമ്പൻസ് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി.

ഇരുപത്തിമൂന്നാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. ഇടതുവിങ്ങിലൂടെ ഫെഡറിക്കോ ബുവാസോ നടത്തിയ അതിവേഗ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. കൊമ്പൻസ് പ്രതിരോധനിരയെ വേഗത്തിൽ മറികടന്ന ബുവാസോ ബോക്സിലേക്ക് കയറി, ഗോളി സത്യജിത്തിനെ മുന്നിലേക്ക് വലിച്ചിറക്കി. തുടർന്ന് നൽകിയ കൃത്യമായ പാസ് ക്യാപ്റ്റൻ പ്രശാന്ത് പോസ്റ്റിലെത്തിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് കാലിക്കറ്റ് ലീഡ് രണ്ടാക്കി. അണ്ടർ 23 താരം ആൻഡ്രൂസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മാക്സിമിലിയാനോ അനായാസം ഗോളാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജംഷീദ് അലിയെയും അർജുനെയും ഇറക്കിയ കൊമ്പൻസ് ആക്രമണം ശക്തമാക്കി. അൻപത്തിയൊൻപതാം മിനിറ്റിൽ തുടർച്ചയായി രണ്ട് കോർണറുകൾ നേടിയ കാലിക്കറ്റ് മൂന്നാം ഗോളിന് ശ്രമിച്ചെങ്കിലും ബോക്സിനുള്ളിൽ കൊമ്പൻസ് പ്രതിരോധം കൃത്യമായ പൊസിഷനിംഗിലൂടെ ഭീഷണി ഒഴിവാക്കി. പിന്നാലെ കാലിക്കറ്റ്‌ ജോബിൻ, മുഹമ്മദ്‌ ആഷിഖ് എന്നിവരെ കളത്തിലിറക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് കോർണറിൽ നിന്ന് വന്ന പന്ത് കൊമ്പൻസിന്റെ പകരക്കാരൻ ആദിൽ പോസ്റ്റിലേക്ക് അടിച്ചെങ്കിലും പ്രതിരോധത്തിൽ തട്ടി മടങ്ങിയതോടെ മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങി.

അടുത്തിടെ അന്തരിച്ച കാലിക്കറ്റ്‌ എഫ്സി സെക്രട്ടറിയായിരുന്ന ബിനോ ജോസ് ഈപ്പൻ, കാലിക്കറ്റ് താരമായിരുന്ന റിജോൺ ജോസ് , അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഗനി അഹമ്മദ് നിഗം എന്നിവരെ ഓർമ്മിച്ചുകൊണ്ടാണ് കാലിക്കറ്റ്‌ - കൊമ്പൻസ് മത്സരം തുടങ്ങിയത്.

Content Highlights: slk calicut beat thiruvananthapuram