മെസ്സിയുടെ നിരാശയും മാറഡോണയുടെ കണ്ണീരും; 36 വർഷത്തിനിപ്പുറം ഫൗൾമൂടിയ മറ്റൊരു ഫൈനൽ

#പി. മുരളീധരന്‍
2026 ലോകകപ്പിൽ സ്പെയിനോട് പരാജയപ്പെട്ട് ഗ്രൗണ്ടില്‍ മുഖംപൊത്തിക്കരയുന്ന ലയണൽ മെസ്സി, 1990-ലെ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിയോട് തോറ്റതിന് പിന്നാലെ ഗ്രൗണ്ടില്‍ മുഖംപൊത്തിക്കരയുന്ന ഡീഗോ മാറഡോണ | ഫോട്ടോ - Getty Images
2026 ലോകകപ്പിൽ സ്പെയിനോട് പരാജയപ്പെട്ട് ഗ്രൗണ്ടില്‍ മുഖംപൊത്തിക്കരയുന്ന ലയണൽ മെസ്സി, 1990-ലെ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിയോട് തോറ്റതിന് പിന്നാലെ ഗ്രൗണ്ടില്‍ മുഖംപൊത്തിക്കരയുന്ന ഡീഗോ മാറഡോണ | ഫോട്ടോ - Getty Images

ന്യൂജേഴ്‌സിയിൽ റഫറിയുടെ ലോങ് വിസിൽ മുഴങ്ങി. എക്‌സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളിന് സ്‌പെയിൻ രണ്ടാംതവണ ഫുട്‌ബോൾ ലോകകപ്പ് സ്വന്തമാക്കിയിരിക്കുന്നു. പക്ഷേ, പന്തില്ലാത്ത പോരാട്ടം അപ്പോഴും അവസാനിച്ചിരുന്നില്ല, അല്ലെങ്കിൽ അർജന്റീനിയൻ കളിക്കാർ അവസാനിപ്പിച്ചില്ല. വാഗ്വാദങ്ങളും ഉന്തും തള്ളും കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ ലിയാൻഡ്രോ പരേഡെസിന് ചുവപ്പുകാർഡു കിട്ടി. മത്സരശേഷം കളിക്കളത്തിനകത്തെ അക്രമത്തിന് ഒരു ലോകകപ്പിൽ കാർഡ് നൽകുന്നത് ഇതാദ്യമാവണം. അർജന്റീനയുടെ എൻസോ ഫെർണാണ്ടസിന് കളിയുടെ സ്റ്റോപ്പേജ് ടൈമിൽ ആദ്യമേ ചുവപ്പുകാർഡു കിട്ടിയിരുന്നു.

തുടർച്ചയായ രണ്ടാം തവണയും കപ്പുയർത്തി അവസാനത്തെ ലോകകപ്പ് അവിസ്മണീയമാക്കാം എന്ന സ്വപ്നത്തിന് തൊട്ടരികിലെത്തിയ ലയണൽ മെസ്സി കണ്ണീർ തുടയ്ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ കപ്പിനു പുറമേ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും നേടിയ മെസ്സിയ്ക്ക് ഇക്കുറി കഴുത്തിലെ വെള്ളി മെഡൽ മാത്രം. കപ്പൽച്ചേതത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട നാവികരെപ്പോലെ അദ്ദേഹത്തിന്റെ ടീമംഗങ്ങൾ നിന്നു. ഒരു പ്രതിസന്ധിയിലും തങ്ങൾ തോൽക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നീലയും വെള്ളയും വരകളുള്ള 'ദിവ്യമായ' ജേഴ്‌സികൾ വിയർപ്പിലും ചെളിയിലും നിരാശയിലും കുതിർന്ന് കനം തൂങ്ങുന്നതുപോലെ.

സ്‌പെയിൻ അർഹിച്ച വിജയത്തിന്റെ ആരവങ്ങളിലേക്ക് കടക്കുമ്പോൾ മനസ്സ് മുപ്പത്തിയാറ് വർഷം മുമ്പത്തെ ഒരു ക്രൂരസായാഹ്നത്തിലേക്ക് പറക്കുന്നു. 1990-ലെ ലോകകപ്പ് ഫൈനൽ കഴിഞ്ഞിരിക്കുന്നു. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ വിളക്കുകൾക്ക് കീഴിൽ, വീർത്ത കണങ്കാലും തകർന്ന മനസ്സുമായി പൊട്ടിക്കരയുന്ന ഡീഗോ മാറഡോണ. മെസ്സിയെപ്പോലെ അദ്ദേഹവും വന്നത് അടുപ്പിച്ച രണ്ടാംതവണയും ലോകകപ്പു നേടാനായിരുന്നു. ഇപ്പോഴത്തെ അർജന്റീന ടീമിനെപ്പോലെ, അവരും ജയിക്കാനായി സാധ്യമായതെല്ലാം ചെയ്തു- നിയമാനുസൃതവും അല്ലാത്തതുമായ എല്ലാം.

ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ 85 മിനിട്ട് പിടിച്ചു നിന്നെങ്കിലും ആൻഡ്രിയാസ് ബ്രെയ്‌മെയുടെ പെനാൽറ്റി ഗോളിൽ അവർ ഇടറി വീണു. ഒരുപക്ഷേ, അന്യായമായ പെനാൽറ്റി. എങ്കിലും കപ്പ് ജർമനിക്ക് അർഹതപ്പെട്ടതായിരുന്നു, ഇക്കുറി കിരീടം സ്‌പെയിന് അർഹതപ്പെട്ടതു പോലെ. എങ്കിലും മാറഡോണയുടെ കണ്ണീർ ഫുട്‌ബോൾ പ്രേമികളെയാകെ കരയിച്ചു. അമേരിക്കയിൽ 1994-ൽ നടന്ന അടുത്ത ലോകകപ്പിൽ മരുന്നടി വിവാദത്തിൽ ഡീഗോ പുറത്താക്കപ്പെട്ടപ്പോഴും അതുകണ്ടു. മാറഡോണയ്‌ക്കൊപ്പം ലോകം കണ്ണീരൊഴുക്കി. മെസ്സിയടക്കം മറ്റൊരു താരത്തിനും പന്തുകളി പ്രേമികളുടെ അത്രമേൽ തീവ്രമായ സ്‌നേഹവും കൂറും ലഭിച്ചിട്ടില്ല.

1990-ലെ ലോകകപ്പും ഫൗളിന്റെ 'പെരുന്നാളും'

ഇന്ത്യയിലെ കോടിക്കണക്കായ ക്രിക്കറ്റ് പ്രേമികളെ ഫുട്‌ബോളിലേക്ക് മാമോദീസ മുക്കിയത് 1986-ലെ ലോകകപ്പാണ്. മുഖ്യകാർമികൻ അത്ഭുതപ്രവർത്തകനായ ഡീഗോ മാറഡോണയും. അവിശ്വസനീയമായ മായജാലത്തിന്റെ എത്രയെത്ര നിമിഷങ്ങളാണ് മെക്‌സിക്കോയിലെ ടൂർണമെന്റിൽ ആ പത്താം നമ്പറുകാരൻ ലോകത്തിനു കാഴ്ചവെച്ചത്! സ്വന്തം പകുതിയിൽനിന്ന് ആരംഭിച്ച് ഗോളി പീറ്റർ ഷിൽട്ടനെയടക്കം ആറുപേരെ വെട്ടിച്ച് ഇംഗ്ലണ്ടിനെതിരെ നേടിയ ഗോൾ, അതിന് നാലുമിനിറ്റ് മുമ്പ് പിറന്ന 'ദൈവത്തിന്റെ കൈ' ഗോൾ (അദ്ദേഹത്തോട് പൂർണ്ണമായും ക്ഷമിക്കാനാണ് അന്ന് തോന്നിയത്), ബെൽജിയത്തിനെതിരെ നേടിയ സോളോ ഗോൾ... അദ്ദേഹവും കളിക്കളത്തിലെ മറ്റുള്ളവരും തികച്ചും വ്യത്യസ്തമായ കളികളിലാണ് ഏർപ്പെട്ടിരിക്കുന്നത് എന്നു തോന്നിപ്പോവും! അന്ന് അർജന്റീന കപ്പെടുത്തപ്പോൾ തോന്നിയ ആനന്ദം പറഞ്ഞറിയിക്കാനാവില്ല. സ്വന്തം നാട് ചാമ്പ്യനായതുപോലെ.

1990 ആയപ്പോഴേക്കും ലോകം മാറി, സ്വന്തം വീട്ടിലെ 'ഡയനോര' കളർ ടെലിവിഷനിലാണ് ലോകകപ്പ് കണ്ടത്. മാറഡോണ പുറത്തെടുക്കാൻ മറന്നതോ വിട്ടുപോയതോ സമയം കിട്ടാത്തതോ ആയ ചില മാന്ത്രികവിദ്യകൾ റോമിൽ കാണാമെന്നു പ്രതീക്ഷിച്ച പന്തുകളി പ്രേമികൾക്ക് ലഭിച്ചത് ഫുട്‌ബോളിന്റെ സമസ്ത സൗന്ദര്യങ്ങളും ആവാഹിച്ച 1986-ലെ മാന്ത്രിക ഗെയിമല്ല, ഇടിച്ചും ചവിട്ടിവീഴ്ത്തിയും എതിരാളിയെ തളർത്തി വിജയം തട്ടിപ്പറിക്കുന്ന കവർച്ചക്കാരന്റെ കളി. ഫിറ്റ്‌നസില്ലാത്ത, ഫോമിലല്ലാത്ത നായകൻ മാറഡോണയും പ്രതിസന്ധിയെ അതിജീവിക്കാൻ നിയമലംഘനത്തിന്റെ വഴി കണ്ടെത്തുന്ന ഒരു ടീമും.

പ്രധാന മത്സരങ്ങളിലൊക്കെ കളി അർജന്റീനയുടെ ഹാഫിലായിരുന്നു. കടുത്ത വേദന സഹിച്ചാണ് മാറഡോണ കളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഒരുകാൽ നീരുവെച്ച് വീർത്തിരുന്നു. എന്നിട്ടും മാറഡോണയ്ക്ക് മാത്രം സാധിക്കുന്ന ചില മാന്ത്രികനിമിഷങ്ങൾ കൊള്ളിയാൻ പോലെ മിന്നി, പ്രീ ക്വാർട്ടറിൽ ബ്രസീലിനെതിരെ ക്ലോഡിയോ കനീജിയയ്ക്ക് നൽകിയ ത്രൂപാസ് പോലെ. ഒരുപക്ഷേ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൂപാസ്. തന്നെ പൊതിഞ്ഞിരുന്ന പ്രതിരോധ നിരക്കാർക്കിടയിലൂടെ ഇടതുകാലിന്റെ പുറംഭാഗം കൊണ്ട് നൽകിയ പാസ്. ആ ഗോളിൽ അവർ ക്വാർട്ടർ ഫൈനലിലെത്തി.

പക്ഷേ, ഫൈനലിലെത്താൻ അതുപോരായിരുന്നു. അപ്പോഴാണ് സെർജിയോ ഗോയ്‌കോച്യ അവതരിച്ചത്. ഒന്നാംഗോളി നെറി പുംപിഡോ കാലൊടിഞ്ഞ് പുറത്തായതിനെ തുടർന്ന് ടീമിലിടം പിടിച്ച രണ്ടാംഗോളി ഏതാണ്ടൊറ്റയ്ക്ക് അർജന്റീനയെ ഫൈനലിൽ എത്തിച്ചു. പ്രതിരോധക്കാർ എങ്ങനെയും ഗോൾ വീഴാതെ നോക്കിയാൽ ബാക്കി ഗോയ്‌ക്കോച്യ ചെയ്‌തോളും! ഫൈനലിൽ ജർമനിക്കെതിരെ കാര്യമായി പൊരുതാൻ പോന്ന ടീമായിരുന്നില്ല അർജന്റീന. നേരത്തേ കിട്ടിയ കാർഡുകൾ കാരണം കനീജിയയും ജുസ്തിയുമടക്കം നാലു പ്രധാന കളിക്കാർക്ക് ഇറങ്ങാനാവില്ല. എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല. ഫോമില്ലെങ്കിൽ പോലും മാറഡോണക്ക് അത്ഭുതം പ്രവർത്തിക്കാനാവുമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു.

പക്ഷേ, കണ്ടത് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ ഫൈനലാണ്്. അർജന്റീന വളരെ പ്രതിരോധാത്മകവും ശാരീരികവുമായ ഗെയിമാണ് അർജന്റീന കളിച്ചത്. മികച്ച കളിക്കാരെ ഫൗൾ ചെയ്ത് ജർമനിയുടെ താളം തകർക്കാൻ അവർ നിരന്തരം ശ്രമിച്ചു. ജർമ്മനിയുടെ യുർഗൻ ക്ലിൻസ്മാനെ ബൂട്ടുയർത്തി ഫൗൾ ചെയ്ത പെഡ്രോ മോൺസോൺ ലോകകപ്പ് ഫൈനലിൽ ചുവപ്പുകാർഡ് കണ്ട് പുറത്താകുന്ന ആദ്യ കളിക്കാരനായി. യുർഗൻ കോഹ്ലറെ കഴുത്തിനു പിടിച്ച്തള്ളിയിട്ടതിന് രണ്ടാമത്തെ മഞ്ഞക്കാർഡ് കണ്ട ഗുസ്താവോ ഡെസോട്ടി പിന്നാലെ പുറത്തായി. രണ്ടാമത്തെ ചുവപ്പുകാർഡിനെതിരെ പ്രതിഷേധിച്ചതിന് മാറഡോണയ്ക്കും കിട്ടി മഞ്ഞക്കാർഡ്. എല്ലാ കാർഡും അർജന്റീനയ്ക്കു തന്നെ.

മാറഡോണ കണ്ണീർ വാർക്കുമ്പോൾ ദുഃഖം തോന്നിയെങ്കിലും തോറ്റതിൽ ചതി തോന്നിയില്ല. മാന്ത്രികത നഷ്ടപ്പെട്ട ഒരു ടീം തോൽക്കില്ലെന്ന ദൃഢനിശ്ചയം കൊണ്ടും ചെയ്യരുതാത്ത ഫൗളുകൾ കൊണ്ടും കുറവുകൾ നികത്താൻ ശ്രമിക്കുന്നതുപോലെയാണ് അർജന്റീനയുടെ കളി കാണുമ്പോൾ തോന്നിയത്. ഭൂരിപക്ഷം കമന്റേറ്റർമാരും ഫുട്‌ബോൾ ചരിത്രകാരന്മാരും ആ മത്സരം ഫുട്‌ബോളിന് ചീത്തപ്പേരുണ്ടാക്കിയെന്ന് അഭിപ്രായപ്പെട്ടു. 1990-ലെ ടൂർണമെന്റ് തന്നെ അമിത പ്രതിരോധത്തിനും ഫൗളുകൾക്കും വിമർശിക്കപ്പെട്ടു. അത് കളിയെ കൂടുതൽ ആകർഷകമാക്കാനുള്ള നിയമനിർമാണത്തിനും (ഓഫ്‌സൈഡ് ചട്ടം ഉദാഹരണം) ഫൗളുകൾ കർശനമായി നിയന്ത്രിക്കുന്നതിനും വഴിയൊരുക്കി.

ഫൗൾതന്ത്രം ദൗർബല്യലക്ഷണം?

1990-ലെ അർജന്റീന ടീമിന് ഏറെക്കുറെ ഉറപ്പായിരുന്നു, കളിമികവു കൊണ്ടു ജയിക്കാനാവില്ലെന്ന്. പക്ഷേ, മെസ്സി നയിച്ച ടീം അങ്ങനെയാണോ? അദ്ദേഹത്തിന് ഡീഗോയെപ്പോലെ പരിക്ക് ഉണ്ടായിരുന്നില്ല. എങ്കിലും തന്റെ പ്രതാപകാലത്ത് ഇതേ ടൂർണമെന്റിനെ വിറപ്പിച്ചിരുന്ന കളിക്കാരനായിരുന്നില്ല അമേരിക്കയിൽ കണ്ടതെന്ന് വ്യക്തമായിരുന്നു. തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ കഴിയാതെ പോയ ഫൈനൽ അധികസമയത്ത് കൈവിട്ടുപോകുന്നത് നോക്കിനിൽക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

സ്‌പെയിൻ ഗോൾപോസ്റ്റിലേക്ക് 20 ഷോട്ടുകൾ എടുത്തപ്പോൾ അർജന്റീന പായിച്ചത് നാലു ഷോട്ടുകൾ മാത്രമെന്ന് ഒരു കണക്ക്. ഫൗളുകളിൽ തളരാത്ത സ്‌പെയിൻ പന്തിൻമേൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ചു. പന്തുകിട്ടാതെ വന്നതോടെ ഫൗളുകൾ കൂടി. ഈ ഫൈനലിൽ അർജന്റീനക്കെതിരെ 25 ഫൗളുകളാണ് വിളിച്ചതെങ്കിൽ കഴിഞ്ഞ തവണ അവർ ചാമ്പ്യനായ കലാശക്കളിയിൽ 26 എണ്ണമുണ്ടായിരുന്നു (ഫ്രാൻസിന് 19). ഈ ലോകകപ്പിൽ ഏറ്റവുമധികം ഫൗൾ ചെയ്ത ടീമും അർജന്റീന തന്നെ. റഫറിമാർ വിട്ടുകളഞ്ഞ ഫൗളുകൾ ഏറെയുണ്ടെന്ന് വിമർശകർ. ഫൈനൽ മത്സരത്തിനു ശേഷം ചുവപ്പുകാർഡു കിട്ടിയ പാരഡസ് കാർഡർഹിക്കുന്ന നിരവധി ഫൗളുകൾ ചെയ്‌തെന്നും റഫറി കണ്ടില്ലെന്നു നടിച്ചെന്നും അവർ ആരോപിക്കുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വാർ തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായാണ് വന്നത്.

പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെയും ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായുമുള്ള മത്സരങ്ങളിൽ റഫറിമാർ അർജന്റീനയെ തുണച്ചുവെന്ന് ശക്തമായ ആരോപണമുണ്ടായിരുന്നു. ഫൈനലിനെക്കുറിച്ചുമുണ്ട് ആരോപണങ്ങൾ. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്ന ടീം അർജന്റീനയാണെന്ന ശക്തമായ വിശ്വാസം തന്നെയുണ്ട്. ചട്ടങ്ങളനുസരിച്ച് തീരുമാനങ്ങളിൽ അപാകമില്ലെന്നു കാട്ടി ആക്ഷേപങ്ങൾ നിഷേധിക്കാൻ ഫിഫയുടെ റഫറിയിംഗ് മേധാവി പാടുപെട്ടു. 1990-ൽ ഇങ്ങനെ ഒരു വിവാദം ഉണ്ടായിരുന്നില്ല. അത് ഈ അർജന്റീന ടീമിന്റെ കുതിപ്പു സംബന്ധിച്ച വൈകാരിക അന്തരീക്ഷത്തെ മാറ്റിമറിച്ചു. മെസ്സിക്കു തന്നെ തങ്ങളുടെ വിജയം അർഹിച്ചതാണെന്നു പോസ്റ്റിടേണ്ടി വന്നു. 1990-ൽ സഹതാപം അർജന്റീനയ്ക്ക് ഒപ്പമായിരുന്നെങ്കിൽ ഈ വർഷം ഫുട്‌ബോൾ ലോകത്തെ വലിയൊരു വിഭാഗം ആളുകൾ അവർ തോൽക്കണമെന്നാണ് ആഗ്രഹിച്ചത്.

സ്‌പെയിൻ അർഹിച്ച കിരീടം

തോൽവിയറിയാതെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഫൈനലിനെത്തിയ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ടീം കളിശൈലിയിൽ ഫൈനലിലും ഒരു മാറ്റവും വരുത്തിയില്ല. അർജന്റീനയുടെ രണ്ട് ഷോട്ടുകൾക്കെതിരെ ഇരുപത് ഷോട്ടുകൾ ഉതിർക്കുക എന്നത് വെറും ഭാഗ്യമല്ല; ഈ മാനേജരുടെ കീഴിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വിജയം മുതൽ പ്രയോഗിച്ച് തെളിയിക്കപ്പെട്ട തന്ത്രങ്ങളെ കളിക്കാർ പൂർണ്ണമായി വിശ്വസിച്ചതിന്റെ ഫലമാണ്. അവർക്ക് മുന്നോട്ടു കുതിക്കാൻ 1990-ലെ ഗോയ്‌കോച്യയെ പോലെയോ 2022-ലെ മെസ്സിയെ പോലെയോ ഒരു വീരനായകന്റെ ആവശ്യമില്ലായിരുന്നു. ടീമിനെ കളിയിൽ പിടിച്ചുനിർത്താൻ അർജന്റീനയുടെ ഗോളി എമിലിയാനോ മാർട്ടിനസിന് റെക്കോഡ് സേവുകൾ നടത്തേണ്ടി വന്നത് സ്‌പെയിന്റെ സമഗ്രാധിപത്യം വ്യക്തമാക്കുന്നു.

അർജന്റീനയുടെ ശാരീരിക കരുത്തിന്റെ കളി സ്‌പെയിൻ ഈ ടൂർണമെന്റിൽ കാഴ്ചവെച്ച ചന്തമുള്ള പാസിംഗ് ഗെയിം പുറത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. ഒടുവിൽ പകരക്കാരായ രണ്ട് കളിക്കാർ ചേർന്ന് സ്‌പെയിന്റെ വിജയഗോൾ നേടി- നിക്കോ വില്യംസിന്റെ അസിസ്റ്റ്, ഫെറാൻ ടോറസിന്റെ ഫിനിഷിംഗ്. ആദ്യ ഇലവനിലെ കളിക്കാർക്ക് വഴികൾ അടഞ്ഞാലും നല്ല ആഴമുള്ള ഒരു സ്‌ക്വാഡിനും സ്ഥിരതയുള്ള ശൈലിക്കും എന്തു ചെയ്യാൻ കഴിയുമെന്ന് അവർ കാണിച്ചുതന്നു. ഒടുവിൽ ആ കായികവിനോദത്തിലെ ഏറ്റവും വലിയ കിരീടം അവരിലേക്കെത്തി- സ്വാഭാവികമായ കളിക്ക് ലഭിച്ച അർഹമായ പ്രതിഫലമായി.

ഒരുപക്ഷേ, സ്‌പെയിൻ ഓർമിക്കുന്നത് അവരുടെ ആദ്യത്തെ ഫൈനലാകാം. 2010-ൽ എതിരാളികളായ നെതർലൻഡ്‌സിന്റെ കടുത്ത ടാക്കിളുകളെ എതിരിട്ടാണ് അവർ ഇനിയെസ്റ്റയുടെ ഗോളിൽ ജയിച്ചു കയറിയത്. ഈ ഫൈനലിൽ ആകെ പതിനാലു തവണ റഫറി കാർഡ് പുറത്തെടുത്തു. ഒൻപതെണ്ണം ഡച്ചുടീമിനും അഞ്ചെണ്ണം സ്‌പെയിനിനും. സാബി അലോൻസോയുടെ നെഞ്ചിൽ ഡച്ച് താരം നൈജൽ ഡി ജോങ് കരാട്ടെ ശൈലിയിൽ 'പറന്നു' ചവിട്ടിയത് ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും മോശം ടാക്കിളായി കരുതപ്പെടുന്നു. പക്ഷേ, റഫറി മഞ്ഞക്കാർഡേ കൊടുത്തുള്ളൂ! അതും കടന്നുവന്നവരാണ് ഈ സ്പാനിഷ് വീരൻമാർ!

മാറഡോണയുടെ മാന്ത്രികതയിലൂടെ അർജന്റീന ജയിക്കുമെന്ന് വിശ്വസിച്ച ഫൈനലിൽ അവർ തോൽക്കുന്നത് കണ്ടു. കലാശക്കളി വരെ എത്തിയതിനെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നശേഷം വന്ന ഫൈനലിൽ മെസ്സിയുടെ അർജന്റീന തോൽക്കുന്നതും കണ്ടു. തികച്ചും വ്യത്യസ്തമായ രണ്ട് ഫൈനലുകൾ. ഈ വർഷം സ്‌പെയിൻ വിജയിച്ച രീതി പ്രതീക്ഷ പകരുന്നതാണ്. ഒരു പ്രത്യേകനിമിഷത്തെ മാത്രം ആശ്രയിക്കാതെ, കുറുക്കുവഴികൾ തേടാതെ തങ്ങൾ വിശ്വസിച്ച കളിശൈലിയുടെ ശാന്തമായ പ്രയോഗത്തിലൂടെ നേടിയ വിജയം. ഈ കായികവിനോദത്തിന് ഏറ്റവും നല്ല പരസ്യമാവുന്ന മനോഹരവിജയം തന്നെ!