ചരിത്രമെഴുതി കേപ് വെർദെ നോക്കൗട്ടിൽ, എതിരാളികൾ അർജന്റീന; സ്പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

വാഷിങ്ടൺ: സ്പെയിനിന്റെ മൂർച്ചയേറിയ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഹൈപ്രസ്സിങ് ഗെയിം പുറത്തെടുക്കുകയും ചെയ്തിട്ടും ഒറ്റ ഗോൾ തോൽവിയോടെ യുറഗ്വായ് ലോകകപ്പിൽ നിന്ന് പുറത്ത്. രണ്ടാം ജയത്തോടെ സ്പെയിൻ നോക്കൗട്ടിൽ. അലക്സ് ബയേനയാണ് സ്പെയിനിന്റെ ഏക ഗോൾ നേടിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ സൗദിയോട് സമനില വഴങ്ങിയ കേപ് വെർദെ നോക്കൗട്ടിൽ കടന്ന് ചരിത്രമെഴുതി. പങ്കെടുത്ത ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ടിലേക്ക് മുന്നേറാൻ കേപ് വെർദെയ്ക്കായി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് പ്രവേശം.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴുപോയന്റോടെ സ്‌പെയിൻ ഗ്രൂപ്പ് ജേതാക്കളായി. രണ്ട് സമനില മാത്രമുള്ള യുറഗ്വായ് രണ്ട് പോയന്റോടെ ഗ്രൂപ്പിൽ മൂന്നാമത്. അതോടെ പുറത്തായി. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ കലാശിച്ച കേപ് വെർദെ മൂന്ന് പോയന്റോടെ ഗ്രൂപ്പിൽ രണ്ടാമതായി. റൗണ്ട് ഓഫ് 32 വിൽ അർജന്റീനയാണ് കേപ് വെർദെയുടെ എതിരാളികൾ.
യുറഗ്വായ് മികച്ച പ്രസ്സിങ് ഗെയിം പുറത്തെടുത്തതോടെ സ്പെയിനിന് കാര്യമായ മുന്നേറ്റങ്ങൾ ഒന്നും ചെയ്യാനായില്ല. സ്പെയിനിന്റെ ആക്രമണങ്ങളെ യുറഗ്വായ് ചെറുക്കുകയും ചെയ്തു. കൗമാരതാരം ലാമിൻ യമാലിന്റെ മുന്നേറ്റങ്ങളെല്ലാം യുറഗ്വായ് ഫുൾ ബാക്ക് സനബ്രിയ തടഞ്ഞു. വിങ്ങുകളിൽ നിന്ന് കാര്യമായി മുന്നേറാൻ സ്പെയിനിന് സാധിച്ചില്ല. മറുവശത്ത് കിട്ടിയ അവസരങ്ങളിൽ യുറഗ്വായ് കിടിലൻ കൗണ്ടർ അറ്റാക്കുകൾ നടത്തി. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് സ്പെയിൻ വലകുലുക്കി.
42-ാം മിനിറ്റിൽ അലക്സ് ബയേനയാണ് സ്പെയിനിനായി ഗോളടിച്ചത്. വലതുവിങ്ങിൽ നിന്ന് മാർക്കോസ് ലോറന്റെ നൽകിയ പാസ് പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ബയേന മികച്ച ഷോട്ടിലൂടെ വലയിലെത്തിച്ചു. യുറഗ്വായ് ഗോളി ഫെർണാണ്ടോ മുസ്ലേര തടയാൻ ശ്രമിച്ചെങ്കിലും ഗ്ലൗവിൽ തട്ടി പന്ത് വലയിലെത്തി. അതോടെ ആദ്യ പകുതി ഒരു ഗോളിന് സ്പെയിൻ മുന്നിട്ടുനിന്നു. കേപ് വെർദെ-സൗദി മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. അതോടെ കോപ് വെർദെ ആ ഘട്ടത്തിൽ പട്ടികയിൽ രണ്ടാമതെത്തി.
രണ്ടാം പകുതിയിൽ ഗോൾ കീപ്പറെ മാറ്റിയാണ് യുറഗ്വായ് ഇറങ്ങിയത്. ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയ്ക്ക് പകരം സെർജിയോ റോഷറ്റിനെ കളത്തിലിറക്കി. തിരിച്ചടി ലക്ഷ്യമിട്ട് മികച്ച നീക്കങ്ങളുമായി യുറഗ്വായ് കളംനിറഞ്ഞു. മാത്രമല്ല, ഹൈപ്രസ്സിങ് പുറത്തെടുത്ത് സ്പെയിനിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. എന്നാൽ യുറഗ്വായ്ക്ക് ഗോൾ മടക്കാൻ സാധിച്ചില്ല. ഒടുക്കം ഒരു ഗോൾ തോൽവിയോടെ യുറഗ്വായ് പുറത്ത്. അതേസമയം സൗദിക്കെതിരേ അതിശക്തമായ ആക്രമണമാണ് കേപ് വെർദെ പുറത്തെടുത്തത്. മത്സരത്തിലുടനീളം കേപ് വെർദെ മുന്നേറ്റം സൗദി ബോക്സിൽ കയറിയിറങ്ങി. എന്നാൽ ഗോൾ മാത്രം അകന്നു. ഗോൾ രഹിതസമനിലയോടെ ഗ്രൂപ്പിൽ രണ്ടാമതായി നോക്കൗട്ടിൽ.
Content Highlights: Spain vs Uruguay: FIFA world cup match 2026