വരവറിയിച്ച് യമാൽ, വലനിറച്ച് സ്‌പെയിൻ; എതിരില്ലാത്ത നാലുഗോളിന് സൗദിയെ കീഴടക്കി

#ലോകകപ്പ് ഡെസ്ക്
ലാമിൻ യമാൽ | AP
ലാമിൻ യമാൽ | AP

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ... ലാമിൻ യമാലും ഒയർസബാലും ചേർന്ന് സൗദിയെ തകർത്തെറിഞ്ഞു. എതിരില്ലാത്ത നാലുഗോളിനാണ് സ്‌പെയിൻ സൗദി അറേബ്യയെ കീഴടക്കിയത്. മൈക്കേൽ ഒയർസബാൽ ഇരട്ടഗോളുകൾ നേടി. യമാൽ കരിയറിലെ ആദ്യ ലോകകപ്പ് ഗോളും നേടി. ഈ ലോകകപ്പിലെ സ്‌പെയിനിന്റെ ആദ്യ ജയമാണിത്.

ആദ്യപതിനൊന്നിൽ സ്പാനിഷ് കൗമാരതാരം ലാമിൻ യമാലെത്തിയതോടെ സ്‌പെയിനിന്റെ ആക്രമണങ്ങൾക്ക് വേഗത കൂടി. മത്സരം ആരംഭിച്ചതുമുതൽ സ്‌പെയിൻ, സൗദി പ്രതിരോധനിരയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പത്താം മിനിറ്റിൽ തന്നെ ആദ്യ ഗോളും പിറന്നു. കൗമാരതാരം ലാമിൻ യമാൽ തന്നെ ലോകകപ്പിലെ ടീമിന്റെ ആദ്യ ഗോൾ നേടി. മികച്ച കൗണ്ടർ അറ്റാക്കിനൊടുക്കം ഇടതുവിങ്ങിൽ നിന്ന് മൈക്കൽ ഒയർസബാലിന്റെ ക്രോസ്സിൽ നിന്നാണ് ഗോൾ പിറന്നത്. ക്രോസ്സ് സൗദി താരങ്ങളെ മറികടന്ന് യമാലിന്റെ കാലിലെത്തി. താരം അനായാസം വലയിലെത്തിച്ചു. യമാലിന്റെ ആദ്യ ലോകകപ്പ് ഗോൾ കൂടിയായിരുന്നു ഇത്.

ഗോളിന് പിന്നാലെ സ്‌പെയിൻ മുന്നേറ്റനിര സൗദി ബോക്‌സിലേക്ക് ഇരച്ചെത്തി. ഒയർസബാലും അലക്‌സ് ബെയ്‌നയും നിരന്തരം ആക്രമണങ്ങൾ നടത്തി. 21-ാം മിനിറ്റിൽ ഒയർബസാൽ രണ്ടാം ഗോൾ നേടി. കോർണറിന് പിന്നാലെ സൗദി ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുക്കം താരം വലകുലുക്കി. മിനിറ്റുകൾക്കകം താരം മത്സരത്തിലെ രണ്ടാം ഗോളും നേടി. പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്ന് സ്‌പെയിൻ നടത്തിയ മികച്ച നീക്കമാണ് ഗോളിലേക്ക് വഴിവെച്ചത്. ബോക്‌സിനുള്ളിൽ നിന്ന് ലപോർട്ടയുടെ ഹെഡർ ഒരു ഇടംകാലൻ ഷോട്ടിലൂടെ ഒയർസബാൽ വലയിലാക്കി. 24 മിനിറ്റിൽ തന്നെ സ്‌പെയിൻ മൂന്ന് ഗോളിന് മുന്നിലായി.

പിന്നീട് സ്‌പെയിൻ മുന്നേറ്റങ്ങളെ പ്രതിരോധിച്ച സൗദി ആദ്യപകുതിയിൽ കൂടുതൽ ഗോൾ വഴങ്ങിയില്ല. ആദ്യപകുതി 3-0 ന് സ്‌പെയിൻ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ യമാലിനെയും ഒയർസബാലിനെയും സ്‌പെയിൻ കോച്ച് പിൻവലിച്ചു. പകരം യെറെമി പിനോയും ഫെറാൻ ടോറസുമാണ് കളത്തിലിറങ്ങിയത്. 49-ാം മിനിറ്റിൽ സ്‌പെയിൻ ലീഡ് നാലാക്കി ഉയർത്തി. സൗദി താരം ഹസ്സന്റെ സെൽഫ് ഗോളാണ് ലീഡുയർത്തിയത്. മാർക് കുകുറെയ്യയുടെ ഷോട്ട് സൗദി ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും പന്ത് ഹസന്റെ മേൽ തട്ടി വലയിൽ പതിച്ചു.

നാലാം ഗോളും വീണതോടെ സൗദി തീർത്തും പ്രതിരോധത്തിലായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ സൗദിക്കായില്ല. സ്‌പെയിനാകട്ടെ നിക്കോ വില്ല്യംസിനെയും മെറിനോയേയും കളത്തിലിറത്തി മുന്നേറ്റങ്ങൾ തുടർന്നു. മത്സരത്തിന്റെ അവസാനം സ്‌പെയിൻ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതോടെ ഗോൾ നിഷേധിച്ചു. അതോടെ 4-0 ന് ജയിച്ച് സ്‌പെയിൻ ഈ ലോകകപ്പിലെ ആദ്യ ജയവുമായി മടങ്ങി.

Content Highlights: Spain clinches victory over Saudi Arabia in a high-stakes 2026 World Cup match., Detailed analysis of the gameplay and tactical performance., Post-match reactions and current group standing implications.