റൊണാൾഡോ, എംബാപ്പെ, മെസ്സി; ഇതിഹാസങ്ങളെ ജയിച്ച ‘ടോട്ടൽ ഫുട്ബോൾ’

മാറഡോണയുടെ കണ്ണീര് വീണ ആ ഫൈനൽരാത്രി മെസ്സിയിലൂടെ ആവർത്തിച്ചു. രണ്ടും സംഭവിച്ചത് ലോകകപ്പ് നിലനിർത്താനിറങ്ങിയ ഫൈനൽ പോരാട്ടത്തിലും. രണ്ടിലും അർജന്റീന തോറ്റു. അതും ഏകപക്ഷീയമായ ഒരു ഗോളിന്. അന്ന് ഡെസോട്ടിയാണ് ചുവപ്പുകാർഡ് കണ്ട് പുറത്തായതെങ്കിൽ ഇത്തവണ അത് എൻസോ ഫർണാണ്ടസായിരുന്നു. അന്ന് ബ്രഹ്മയുടെ പെനാൽറ്റി ഗോളാണ് അർജന്റീനയുടെ ഹൃദയം തകർത്തത്. അതും കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ. ഇത്തവണ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഫെറാൻ ടോറസ് ആ ചരമഗീതം എഴുതി. ഈ ഫൈനലിൽ ബോൾ പൊസഷനിൽ അർജന്റീനയുടെ വിഹിതം കേവലം 32 ശതമാനം മാത്രമായിരുന്നു (ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും കുറവ്). 1990 ൽ അത് 39 ശതമാനമായിരുന്നു. അതായത് രണ്ട് ലോകകപ്പ് ഫൈനലിലും അർജന്റീന കളിക്കാതെ തോറ്റു. അല്ലെങ്കിൽ എതിരാളികൾ അവർക്ക് അവസരം നൽകാതെ തോൽപ്പിച്ചു. ജയിക്കാൻ സ്പെയിനും അത് തടയാൻ അർജന്റീനയും എന്നതായിരുന്നു ഓപ്പണിങ് വിസിൽ മുതൽ ഫൈനൽ വിസിൽ വരെയുള്ള ഈ ഫൈനലിലെ കാഴ്ച. തികച്ചും ഏകപക്ഷീയമായി പോയ കലാശപ്പോര്. എങ്ങനെയെങ്കിലും തട്ടിമുട്ടി ഷൂട്ടൗട്ടിലേക്ക് തള്ളിവിടാനായിരുന്നു അർജന്റീന ശ്രമിച്ചത്. എൻസോ ചുവപ്പുകാർഡ് കണ്ടതോടെ പത്ത് പേരായി ചുരുങ്ങിയതുകൊണ്ടല്ലേ എന്ന് തോന്നാം. എന്നാൽ അതിന് മുമ്പും ഗോളടിക്കാനുള്ള ഒരു മുന്നേറ്റമോ അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. അല്ലെങ്കിൽ സ്പെയിൻ അവർക്ക് ഒരു അവസരവും നൽകിയില്ല. രണ്ടും ശരിയാണ്.
ഒന്നും രണ്ടുമല്ല ഈ ലോകകപ്പ് അടക്കം 16 കിരീടങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്പെയിൻ നേടിയത്. അണ്ടർ 17 ടീം മുതൽ പുരുഷ വനിതാ ടീമുകൾ ഇക്കാലയളവിൽ നേടിയ കിരീടങ്ങളുടെ കണക്കാണിത്. പുരുഷ വനിതാ ലോകകിരീടം തുടർച്ചയായി നേടിയ ആദ്യ ടീം കൂടിയാണ് സ്പെയിൻ. ഈ 17 കിരീടങ്ങളിൽ 11 എണ്ണവും വനിതാ ടീമിന്റെ സംഭാവനയായിരുന്നു. ഫാബിയൻ റൂയിസ് തോൽവിയറിയാത്ത 50 കളികളുടെ സ്പാനിഷ് ചരിത്രവും കുറിച്ചു. അതായത് റൂയിസ് കളിച്ച കഴിഞ്ഞ 50 കളികളിലും സ്പെയിൻ തോറ്റിട്ടില്ല. അതിൽ 35 വിജയവും 15 സമനിലയും ഉൾപ്പെടുന്നു. അർജന്റീനയെ തോൽപിച്ചതോടെ മറ്റൊരു റെക്കോഡും സ്പെയിൻ സ്വന്തം പേരിൽ കുറിച്ചു. പരാജയമറിയാതെ 38 കളികളാണ് ഫ്യുയന്റെയുടെ ഈ ടീം പൂർത്തിയാക്കിയത്. ഇതിൽ 29 വിജയവും ഒമ്പത് സമനിലയും ഉൾപ്പെടുന്നു. ഇറ്റലിയുടെ പേരിലുണ്ടായിരുന്ന 37 കളികളുടെ റെക്കോഡാണ് സ്പെയിൻ തകർത്തത്. 2024 ൽ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തിലാണ് അവസാനമായി സ്പെയിൻ തോറ്റത്(അതിനിടെ 2025 യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗലിനോട് ഷൂട്ടൗട്ടിൽ തോൽക്കുകയുണ്ടായി). അവിടെയും തീരുന്നില്ല ഈ ലോകകപ്പിൽ ഏഴ് ക്ലീൻ ഷീറ്റുകളാണ് സ്പെയിനിന്റെ പേരിലുള്ളത്. ആകെ വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം. ഒരൊറ്റ ഗോൾ മാത്രം വഴങ്ങി ലോകകപ്പ് നേടിയ ആദ്യ ടീമും ഈ സ്പാനിഷ് നിരയാണ്.
കളിച്ച് ജയിച്ച് മാത്രമല്ല സ്പെയിൻ ഈ രണ്ടാം ലോകകിരീടം ചൂടിയത്, ആ കളി ഒന്നാകെ ഹൈജാക് ചെയ്താണ് ജയിച്ചത്. ആ പന്തിന് പോലും അവരുടെ കാലുകളോട് മാത്രം ഒരു പ്രത്യേക ഇഷ്ടം ഉണ്ടോ എന്ന് പോലും തോന്നിച്ചു. മെസ്സി എന്ന ഇതിഹാസം പോലും പന്ത് കിട്ടാതെ അലയുന്ന കാഴ്ച അർജന്റീന ആരാധകരുടെ നെഞ്ച് തകർക്കുന്നതായി. പന്തിന് വേണ്ടി യാചിക്കുന്ന അവസ്ഥയിലേക്ക് ഒരു ടീം പതറുന്നത് ആരാധകർ എങ്ങനെ സഹിക്കും. എംബാപ്പെ എന്ന മിന്നലിനേയും ഒലീസെ-ഡെംബലെ ചുഴലിയേയും സെമിയിൽ വരച്ചവരയിൽ നിർത്തിയ സ്പെയിനിനോട് അതിനപ്പുറമൊന്നും ചെയ്യാൻ അർജന്റീനക്കുമായില്ല. ടിക്കി ടാക്കയുടെ ആധുനിക ശൈലിയെ മറികടക്കാൻ പോന്ന ആയുധം രണ്ട് ടീമുകൾക്കുമില്ലായിരുന്നു. റോഡ്രിയും സംഘവും ഫ്രാൻസിനെക്കാൾ അനായാസമായാണ് അർജന്റീനയെ വരിഞ്ഞുമുറുക്കിയത്. മെസ്സിപ്പട അത്രയും നിസ്സഹായരായിരുന്നു. എക്സ്ട്രാ ടൈം വരെ കളിനീട്ടാനായി എന്നെങ്കിലും ആശ്വസിക്കാം.
സ്പെയിൻ താരങ്ങളോളം മികവ് പ്രകടമാക്കിയ ഒറ്റയാളെ ഫൈനലിൽ അർജന്റീന നിരയിലുണ്ടായിരുന്നുള്ളൂ. അത് എമിലിയാനോ മാർട്ടിനസ് എന്ന അവരുടെ ഗോളിയായിരുന്നു. ഗോളെന്നുറപ്പിച്ച എത്രയെത്ര മിന്നും സേവുകൾ. അല്ലെങ്കിൽ കുറഞ്ഞത് അഞ്ചോ ആറോ ഗോളിന്റെ നാണംകെട്ട തോൽവി ഒഴിവാക്കിയതിന് നന്ദിപറയണം എമിലിയാനോയോട്. മറുവശത്ത് സ്പാനിഷ് ഗോളിക്ക് ഒരു സേവിന് പോലും ശ്രമിക്കേണ്ടി വന്നില്ല. ഉനയ് സിമോൺ ഫൈനലിൽ പന്ത് കൈകൊണ്ട് പിടിച്ചതിലും കൂടുതൽ പാസ് ചെയ്ത് കളിക്കുകയായിരുന്നു. എതിരാളികൾ ഷോട്ട് ഉതിർക്കാതിരിക്കുമ്പോൾ പിന്നെയുള്ള ഏക ജോലി ബാക് പാസുകൾ വരുന്നത് പാസ് ചെയ്ത് കളിക്കുകയായിരുന്നു. അർജന്റീന മികച്ചതെന്ന് തോന്നിച്ച ഒരു നീക്കം പോലും നടത്തുന്നത് 70 മിനിറ്റ് പിന്നിട്ടിട്ടാണ്. മറുവശത്ത് 12 സേവുകളാണ് എമിലിയാനോക്ക് നടത്തേണ്ടി വന്നത്. സ്പെയിൻ തൊടുത്തത് 20 ഷോട്ടായിരുന്നെങ്കിൽ (അതിൽ ഓൺ ടാർജറ്റിൽ 13 എണ്ണവും) അർജന്റീനക്ക് അതിന് കഴിഞ്ഞത് കേവലം മൂന്ന് തവണ മാത്രം. അതും എന്തെങ്കിലും ഒരു ശ്രമം നടത്തിയത് ഗോൾ വീണ ശേഷമായിരുന്നു. മെസ്സിയുടെ ക്രോസ് രക്ഷിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ കുബാർസിയുടെ ആ ഇടപെടൽ ഒരുപക്ഷ ഒരു ദുരന്ത നായകനാകാൻ കെൽപ്പുള്ളതായിരുന്നു. ഒരു സെൽഫ് ഗോളിൽ നിന്നും കഷ്ടിച്ചാണ് ഈ ക്ലിയറിങ് രക്ഷപെട്ടത്.
എക്സ്ട്രാ സ്പെയിൻ
റോണാൾഡോ, എംബാപ്പെ ഒടുവിൽ മെസ്സി. മൂന്ന് ഇതിഹാസങ്ങളെയും ജയിച്ചാണ് സ്പെയിൻ വിശ്വ വിജയികളായത്. പെഡ്രിയുടെ ആ കണക്ക് പുസ്തകവും അങ്ങനെ ലോകകിരീടത്താൽ മകുടംചാർത്തപ്പെട്ടു (നേഷൻസ് ലീഗിൽ തോറ്റതിന് പിന്നാലെ 19-07-2026 എന്ന തീയതി പെഡ്രി കുറിച്ചത് വെറുതെയല്ല). എക്സ്ട്രാ ടൈം ഒരിക്കൽ കൂടി സ്പെയിന് ബെസ്റ്റ് ടൈമായി. എതിരാളികൾക്ക് സൂപ്പർ താരങ്ങളുണ്ടായിരുന്നു. എന്നാൽ ആ സൂപ്പർ താരങ്ങളുടെയെല്ലാം ഇന്ദ്രജാലത്തിനും മേലെയായിരുന്നു സ്പെയിൻ എന്ന സൂപ്പർ ടീം. മധ്യനിരയ്ക്കൊപ്പം പ്രതിരോധവും കോട്ടകെട്ടി കാക്കുന്ന ടിക്കി ടാക്കയുടെ ഹൈപ്രസിങ് ക്വിക് പാസുകൾ നിറയുന്ന ആധുനിക വേർഷനുമായി കളംനിറഞ്ഞ സ്പെയിന് മുന്നിൽ ടീമുകൾ നിഷ്പ്രഭരായി. എതിരാളികൾ പകച്ചു. വിയർത്തു. പന്ത് കിട്ടാതെ അലഞ്ഞു. നിസ്സാഹായരായി കയർത്തു. ഫൗൾ പ്ലേക്ക് മുതിർന്നു. കാർഡുകൾ വാങ്ങിക്കൂട്ടി. കളിതോറ്റതിന്റെ നിരാശയിൽ അടിക്കാൻ മുതിർന്ന പരേഡസിലും മൊളീനയിലും ആ നിരാശ വായിക്കാം. അതിന് മുന്നെ ആറ് മഞ്ഞക്കാർഡും ഒരു ചുവപ്പ് കാർഡും അർജന്റീന വാങ്ങിക്കൂട്ടി. ലോക ഫുട്ബോളിൽ താരതമ്യേന ഫൗൾരഹിതമായി കളിക്കാൻ ഇഷ്ടപ്പെടുന്ന ടീമാണ് സ്പെയിൻ. പാസുകളുടെ പ്രവാഹമാണ് സ്പാനിഷ് വസന്തം. അഴകുള്ള കളി. പരുക്കൻ കളി തന്നെ വളരെ അപൂർവ്വം.
2010 ൽ സ്പെയിൻ സുവർണതലമുറ ആ കിരീടം നേടുമ്പോൾ ഉണ്ടായിരുന്ന ടിക്കി ടാക്കയ്ക്ക് വേഗത കുറവായിരുന്നു. അതിനെ എതിരാളികൾ നേരിട്ടത് ഹൈപ്രസിങ് ഗെയിമിലൂടെയാണ്. കാലിൽ പന്ത് വച്ച് കളിക്കാൻ അനുവദിക്കാതെ അവരെ തകർത്തു. 10 വർഷത്തിന് ശേഷം ശൈലി മാറ്റി അവർ തിരിച്ചുവന്നു. അണ്ടർ 19 യൂറോ കിരീടം 2019 ൽ നേടിയ ആ തലമുറയാണ് ഇന്ന് സ്പാനിഷ് ഫുട്ബോളിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുന്നത്. പഴയ ടിക്കി ടാക്കയിലേക്ക് വേഗവും പ്രസിങ്ങും ചേർത്തുള്ള കോമ്പിനേഷനിലാണ് ഫ്യുയന്റെ അതിനെ പരിവർത്തനം ചെയ്തത്. പിന്നെ എല്ലാ അർഥത്തിലും സ്പെയിന് ചെറുപ്പമുണ്ടായിരുന്നു. എതിർപോസ്റ്റ് വരെ പോയി ഗോൾശ്രമം നടത്തുന്ന കുക്കുറേയെ തൊട്ടടുത്ത മിനിറ്റിൽ ഡിഫണ്ടറുടെ റോളിൽ അപകടം ഒഴിവാക്കുന്നത് കാണാം. മെസ്സിയേയും അൽവാരസിനേയും നിലംതൊടീക്കാതിരുന്ന അതേ 19 കാരൻ കുബാർസി അർജന്റീനയുടെ പോസ്റ്റിലേക്ക് ഷോട്ടും ക്രോസും ഉതിർക്കുന്നതും ഇതിനിടെ കണ്ടു.
70 മിനിറ്റിനിടെ ആകെ 22 തവണയാണ് മെസ്സിക്ക് പന്ത് തട്ടാൻ പോലും അവസരം കിട്ടിയത്. ഒരിക്കൽ പോലും സ്പെയിനിന്റെ പെനാൽറ്റി ബോക്സിൽ പോലും പന്തുമായി കയറാനായില്ല. ഒരു പ്രധാന ടൂർണമെന്റിൽ ഒരു അവസരം പോലും സൃഷ്ടിക്കാനാകാതെ മെസ്സി സമ്പൂർണ പരാജയമായത് ആകെ ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ്. മെസ്സിയിലേക്ക് പന്ത് എത്താൻ സ്പെയിൻ അനുവദിച്ച് പോലുമില്ല. ആ ചാല് അവർ മുറിച്ചുകളഞ്ഞു. മെസ്സിയെ മുഴുവൻ സമയം മാർക്ക് ചെയ്യുക എന്നത് വിട്ട് മെസ്സിയെ ഒറ്റപ്പെടുത്തി താരത്തിലേക്ക് പന്ത് എത്തുന്ന വഴിയടക്കുകയാണ് സ്പെയിൻ ചെയ്തത്. ആകെ പന്തിൽ മെസ്സിക്ക് തൊടാൻ അനുവദിച്ചതാകട്ടെ പോസ്റ്റിൽ നിന്ന് വളരെ അകലെയായിരിക്കുമ്പോൾ മാത്രം. ഡ്രിബ്ലിങ്ങിന് ശ്രമിക്കുമ്പോൾ റോഡ്രി എത്തി അത് നിർവീര്യമാക്കി. ഫൈനൽ തേർഡിൽ സ്പെയിൻ 235 പാസുകൾ പൂർത്തിയാക്കിയപ്പോൾ സ്കലോണിയുടെ സംഘത്തിന് അത് 47 മാത്രമായിരുന്നു.
റോഡ്രിയെ ഫൗൾ ചെയ്തതിന് മഞ്ഞക്കാർഡ് കിട്ടിയ എൻസോ ഫെർണാണ്ടസ് കുബാർസിയെ അപകടകരമായി ഫൗൾ ചെയ്തത് രണ്ടാം മഞ്ഞക്കാർഡും വാങ്ങി പുറത്തേക്ക് വഴിതുറന്നു. മിഡ്ഫീൽഡിൽ എന്തെങ്കിലും ഒരു നീക്കം നടത്തുന്ന ഘട്ടത്തിൽ റോഡ്രി അതെല്ലാം അനായാസം കൈകാര്യം ചെയ്തു. അർജന്റീനയുടെ ഒരു ഗോൾശ്രമം മെറീനോ മുഖം കൊണ്ടാണ് രക്ഷിച്ചത്. റോഡ്രി എന്ന നായകൻ ഗോളടിക്കാതെ എങ്ങനെ ഗോൾഡൻ ബോൾ നേടി എന്ന് ആലോചിച്ച് നോക്കിയാൽ മതി സ്കോർ ബോർഡിന് അപ്പുറത്തെ കളിനായകന്റെ റോൾ അറിയാൻ. എന്നും എപ്പോഴും ഗോളടിക്കുന്നവർ ആഘോഷിക്കപ്പെടുന്ന ഫുട്ബോൾ ആരാധകർക്ക് അതിനോട് അത്ര പെട്ടെന്ന് യോജിക്കാനാകണമെന്നില്ല. എട്ട് ഗോളടിച്ച മെസ്സിയെക്കാൾ ഗോൾ വീഴാതെ മിഡ്ഫീൽഡ് ജനറലായ റോഡ്രി കൈയ്യടി വാങ്ങുന്നു. കുബാർസി എന്ന 19 കാരൻ യമാലിനൊപ്പം ആഘോഷിക്കപ്പെടുന്നു. സർവത്ര ബാഴ്സാ മയത്തിലാണ് സ്പെയിൻ. ഈ ടീമിനെ വീഴ്ത്താൻ പുതിയ അടവുകൾ കണ്ടെത്താൻ എതിരാളികൾ പഠിക്കണം. യൂറോ ചാമ്പ്യന്മാരായി പിന്നാലെയാണ് 2010 ൽ സ്പെയിൻ കന്നി ലോകകിരീടം ചൂടിയത്. അന്ന് തുടങ്ങിയത് സ്വിറ്റ്സർലൻഡിനോട് തോറ്റാണെങ്കിൽ ഇത്തവണ കെയ്പ് വെർദയോടെ സമനില വഴങ്ങിയായിരുന്നു പതിഞ്ഞ തുടക്കം. പ്രീക്വാർട്ടിൽ അന്നും ഇന്നും പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപിച്ചത്. രണ്ട് ഫൈനലിലും എക്സ്ട്രാ ടൈമിലെ ഗോളിലായിരുന്നു കപ്പടിച്ചത്. ഇനിയസ്റ്റയും ഫെറാൻ ടോറസും അവരുടെ വീരനായകരായി. കന്നിക്കിരീടം നേടുമ്പോൾ ഇനിയസ്റ്റയുടെ ഗോളിലേക്കുള്ള ആ പാസ് നീട്ടിനൽകിയത് ഫെർണാണ്ടോ ടോറസിൽ നിന്ന് വാങ്ങിയ ഫാബ്രിഗാസായിരുന്നു. ഇന്നും ഒരു ടോറസ് അന്നും ഒരു ടോറസ്. അന്നും ഇന്നും സ്പെയിൻ.
Content Highlights: Spain secured the 2026 World Cup title with a 1-0 extra-time victory over Argentina