കളി തീരാൻ 10 മിനിറ്റ് ശേഷിക്കേ പെനാൽറ്റി; ചെക്ക് റിപ്പബ്ലിക്കുമായി സമനിലയിൽ പിരിഞ്ഞ് ദക്ഷിണാഫ്രിക്ക

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കുമായി സമനിലയിൽ (1-1) പിരിഞ്ഞ് ദക്ഷിണാഫ്രിക്ക. ആറാം മിനിറ്റിൽ മുന്നിലെത്തിയ ചെക്ക് ടീമിനെതിരേ കളിയവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കേ ലഭിച്ച പെനാൽറ്റിയാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ചെക്ക് റിപ്പബ്ലിക്കിനായി മൈക്കൽ സാദിലെക്കും ദക്ഷിണാഫ്രിക്കയ്ക്കായി തെബോഹോ മൊക്കൊയ്‌നയും സ്‌കോർ ചെയ്തു. ഇതോടെ ഇരു ടീമിനും രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയന്റായി. ഇരുവരും നോക്കൗട്ട് പ്രതീക്ഷ നിലനിർത്തുകയും ചെയ്തു.
ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോട് തോറ്റതിന്റെ ക്ഷീണത്തിലെത്തിയ ചെക്ക് റിപ്പബ്ലിക്ക് മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ മുന്നിലെത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന് സംഭവിച്ച പിഴവിൽ നിന്നായിരുന്നു ഗോൾ. അലക്‌സാണ്ടർ സോയ്ക നീട്ടിയ പന്ത് വലയിലാക്കി മൈക്കൽ സാദിലെക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ മുന്നിലെത്തിച്ചത്.
ഗോൾ വഴങ്ങിയതോടെ ദക്ഷിണാഫ്രിക്ക ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. കിട്ടിയ അവസരങ്ങളിൽ ചെക്ക് റിപ്പബ്ലിക്കും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ലഭിച്ച മികച്ച അവസരങ്ങൾ ഇരു ടീമിനും മുതലാക്കാൻ സാധിക്കാതെ പോകുകയും ചെയ്തു.
ഒടുവിൽ 80-ാം മിനിറ്റിൽ ബോക്‌സിൽ പാവെൽ സുൽക്കിന്റെ കൈയിൽ പന്ത് വന്നിടിച്ചതിന് റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത തെബോഹോ മൊക്കൊയ്‌ന പന്ത് വലയിലാക്കി. പിന്നാലെ വിജയ ഗോളിനായി ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ വന്നില്ല.
Content Highlights: South Africa drew 1-1 against Czech Republic in FIFA World Cup 2026 Group A., Michael Sadilek scored early for Czech Republic in the 6th minute., Teboho Mokoena equalized via a penalty in the 80th minute., Both teams remain in contention for the knockout stages with one point each.