അർജന്റീന വിറച്ച നിമിഷം; ലോകകപ്പിലെ മികച്ച ഗോളായി കേപ് വെർദെയുടെ ലോപ്പസ് കബ്രാളിന്റെ ലോങ് റേഞ്ചർ

ന്യൂയോർക്ക്: അങ്ങനെ വെറുതെ പോകാൻ വന്നവരല്ലെന്ന് തെളിയിച്ച ശേഷമാണ് ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി കേപ് വെർദെയുടെ പന്തുകളിക്കാർ ഫിഫ ലോകകപ്പിന്റെ വേദിയിൽ നിന്ന് മടങ്ങിയത്. റൗണ്ട് ഓഫ് 32 മത്സരത്തിൽ 2022 ലോകകപ്പ് ജേതാക്കളായ അർജന്റീനയെ അടിമുടി വിറപ്പിച്ച ശേഷമാണ് കേപ് വെർദെ കീഴടങ്ങിയത്. ഇപ്പോഴിതാ അന്ന് മെസ്സിപ്പടയ്‌ക്കെതിരേ കേപ് വെർദെയുടെ സിഡ്‌നി ലോപ്പസ് കബ്രാൾ നേടിയ ഗോൾ ലോകകപ്പിലെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ടൂർണമെന്റിൽ ആകെ പിറന്ന 308 ഗോളുകളിൽ നിന്ന് പൊതുജനങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ തിരഞ്ഞെടുത്തത്. അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ കബ്രാൾ തൊടുത്ത മനോഹരമായ കർലിങ് ഷോട്ട് അങ്ങനെ 2026 ലോകപ്പിലെ മികച്ച ഗോളായി. എങ്കിലും മത്സരത്തിൽ ഒരു സെൽഫ് ഗോൾ അവരുടെ മുന്നേറ്റം തടഞ്ഞു. അർജന്റീന 3-2ന് ജയിച്ചുകയറി.
ഫിഫ തയ്യാറാക്കിയ 12 ഗോളുകളുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് വോട്ടെടുപ്പ് നടന്നത്. ഉസ്‌ബെക്കിസ്ഥാന്റെ എൽദോർ ഷോമുറോദോവ്, ഹെയ്തിയുടെ വിൽസൺ ഇസിഡോർ എന്നിവരെ പിന്നിലാക്കിയാണ് കബ്രാളിന്റെ ഗോൾ മികച്ചതായത്.
ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിനെ കേപ് വെർദെ വിറപ്പിച്ചപ്പോൾ പലരും സ്പാനിഷ് ടീമിന്റെ കളിയെ കുറ്റപ്പെടുത്തുകയായിരുന്നു. എന്നാൽ പിന്നീട് വന്ന മത്സരങ്ങളിൽ കേപ് വെർദെ തങ്ങളുടെ കരുത്ത് എന്താണെന്ന് ഫുട്ബോൾ ലോകത്തിന് കാട്ടിക്കൊടുത്തു. മയാമി ഗാർഡൻസിൽ 120 മിനിറ്റും നിലവിലെ ചാമ്പ്യൻമാരായ മെസ്സിപ്പടയെ വിറപ്പിക്കുകയായിരുന്നു കേപ് വെർദെ. വെറും അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ ദ്വീപ് രാഷ്ട്രം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കിയാണ് മടങ്ങിയത്.
മത്സരത്തിൽ 29-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ ലീഡെടുത്ത അർജന്റീനയ്ക്കെതിരേ 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയുടെ ഗോളിൽ കേപ് വെർദെ സമനില പിടിച്ചിരുന്നു. എന്നാൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 92-ാം മിനിറ്റിൽ ലിസാൺഡ്രോ മാർട്ടിനെസ് അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ ഈ ഗോളിനുള്ള കേപ് വെർദെയുടെ മറുപടി ഒരു ലോകോത്തര ഗോളോടുകൂടിയായിരുന്നു.
103-ാം മിനിറ്റിലെ സിഡ്നി ലോപ്പസ് കബ്രാളിന്റെ ഗോൾ കണ്ടവരെല്ലാം തലയിൽ കൈവെച്ചുപോകുകയായിരുന്നു. ഇടതുവിങ്ങിലൂടെ മുന്നേറിയ കബ്രാൾ ബോക്സിന്റെ മൂലയിൽ നിന്ന് തകർപ്പനൊരു ലോങ് റേഞ്ചറിലൂടെ വല തുളച്ചു. കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് എമിലിയാനോ മാർട്ടിനെസിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിൽ കയറി. ഗോൾ നേടിയ ശേഷം കബ്രാൾ നേരേ ഓടിയത് ഗാലറിക്കടുത്തേക്കായിരുന്നു. അവിടെ തന്റെ കുടുംബത്തെ കെട്ടിപ്പിടിച്ചാണ് താരം ഗോൾ നേട്ടം ആഘോഷിച്ചത്.
കൃത്യമായി പൊസിഷനിങ് ചെയ്ത് അളന്നുമുറിച്ച് കബ്രാൾ തൊടുത്ത ഷോട്ട് അർജന്റീനിയൻ വലയിലേക്ക് അങ്ങ് കയറിപ്പോയി. അർജന്റീനയുടെ വിജയത്തിനിടയിലും കബ്രാളിന്റെ ഈ പ്രകടനം ആഗോള ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. മത്സരം തോറ്റെങ്കിലും കബ്രാളിന്റെ മാന്ത്രിക ഗോൾ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
SIDNEY LOPES CABRAL, TAKE A BOW! pic.twitter.com/ylc6NZuscv
— SOMTOCHUKWU 🔴🇬🇭 (@SommyMufc) July 4, 2026
2002-ൽ നെതർലൻഡ്സിലെ റോട്ടർഡാമിൽ ജനിച്ച സിഡ്നി ലോപ്പസ് കബ്രാളിന്റെ ഫുട്ബോൾ ജീവിതമാരംഭിക്കുന്നത് നെതർലാൻഡിലെ എഫ്‌സി ട്വന്റെ അക്കാദമിയിലൂടെയാണ്. തുടർന്ന് സ്വീഡിഷ് ക്ലബ്ബായ ഹെൽസിങ്ബോർഗിലും ജർമനിയിലെ റോട്ട്-വെയ്‌സ് എർഫർട്ടിലും താരം കളിച്ചു. ജർമൻ ക്ലബ്ബായ വിക്ടോറിയ കോൾണിനായി 46 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്. താരത്തിന്റെ മികച്ച പ്രകടനം കണ്ട് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്ക കബ്രാളിനെ ടീമിലെടുത്തു. ഈ ലോകകപ്പിന് തൊട്ടുമുമ്പാണ് 10 മില്യൺ യൂറോയ്ക്ക് തുർക്കി ക്ലബ്ബായ ട്രാബ്സൺസ്പോർ താരത്തെ സ്വന്തമാക്കുന്നത്.
Content Highlights: Sidney Lopes Cabral's goal against Argentina voted best of 2026 World Cup, Cape Verde pushed 2022 champions Argentina to the limit in the Round of 32, Cabral's long-range curling shot beat Emiliano Martinez, Cabral currently plays for Turkish club Trabzonspor, Cape Verde's impressive performance earned global admiration