മൂന്ന് രാജ്യങ്ങളിലും മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിലേക്ക് ആകാശ കണക്ഷൻ; അവസരമൊരുക്കി കാക്കനാട്ടുകാരൻ

മലയാളിയുടെ സ്വപ്നങ്ങൾക്ക് വാനോളം ഉയരമുണ്ട്. ആ സ്വപ്നത്തേരിലാണ് ഷോബി അമേരിക്കയിലെ ആകാശത്തേക്കു പറന്നുവന്നത്. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ തലചുറ്റിക്കുന്ന ദൂരത്തേക്ക് പറന്നുചെല്ലാൻ അവസരമൊരുക്കുകയാണ് ഈ കാക്കനാട്ടുകാരൻ. യു.എസിലും മെക്‌സിക്കോയിലും കാനഡയിലും കളികൾ നടക്കുന്ന നഗരങ്ങളിലേക്ക് ആകാശകണക്ഷൻ ഒരുക്കുകയെന്ന പ്രയത്നം വിജയിച്ച സന്തോഷത്തിലാണ് ഷോബി ടി. പോൾ.
സ്വകാര്യ എയേർഡ് ചാർട്ടർ കമ്പനിയായ ഹാലോ എയർവേയ്‌സിന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ്. കേരളത്തിൽനിന്നുള്ള സംരംഭമായിട്ടും ആഗോള സ്വകാര്യ വിമാന കമ്പനികൾ സഹകരിക്കാൻ തയ്യാറായത് അതിന്റെ സാധ്യതയെക്കുറിച്ച് നല്ല ബോധ്യമായതുകൊണ്ടാണെന്ന് ഷോബി അഭിമാനത്തോടെ പറയുന്നു. അഞ്ചുലക്ഷംമുതൽ നാലുകോടിവരെയുള്ള ചാർട്ടറുകൾ ഹാലോയ്ക്ക് ലഭിക്കുന്നു. ഏഴുമുതൽ 13 സീറ്റുവരെയുള്ള വിമാനങ്ങളാണ് ലോകകപ്പ് വേദികളിലേക്ക് പറക്കുന്നത്.
‘‘വിശ്വാസ്യതയും കൃത്യമാർന്ന സേവനവുമാണ് മാഷേ എല്ലാത്തിലും വലുത്. പിന്നെ ദൈവാനുഗ്രഹവും ആത്മവിശ്വാസവും’’ - ഷോബി പറഞ്ഞു.
ഫോണിൽ വിളിച്ചപ്പോൾ വിമാനത്തിലായിരുന്നു ഷോബി. ഒരു ഐ.ടി. കമ്പനിയുടെ എം.ഡി. ആയിരിക്കേയാണ് ആകാശ ആശയത്തിനു ചിറകുമുളച്ചത്. ഹെലികോപ്റ്ററിലായിരുന്നു തുടക്കം. തുടക്കത്തിൽ വിമാനം നൽകാൻ കമ്പനികൾ തയ്യാറായില്ല. കോവിഡ് വന്നതോടെ കാര്യങ്ങൾ മാറി. വ്യക്തിഗത ആവശ്യങ്ങൾക്ക് ആളുകൾ ജെറ്റുകൾ അന്വേഷിക്കുന്നത് വ്യാപകമായി. അങ്ങനെയാണ് പ്രൈവറ്റ് ജെറ്റ് സർവീസ് ഒരുക്കിക്കൊടുക്കാൻ തുടങ്ങിയത്. ഹെലിടൂർസ് എന്ന പേരുമാറ്റി ഹാലോഎയർ എന്നാക്കി. തുടർന്ന് കാഡില ഫാർമസ്യൂട്ടിക്കൽസിന്റെ ഒരു ജെറ്റ് എടുത്തു. പതിയെ എല്ലാ എയർക്രാഫ്റ്റ് വെൻഡേഴ്‌സും സേവനം നൽകാൻ തുടങ്ങി. നാലുസീറ്റുള്ള ജെറ്റുകളിൽനിന്ന് ആറുസീറ്റുള്ള പ്രീമിയം സൗകര്യത്തിലെത്തി. യു.എസിൽനിന്ന് ഡൽഹിയിലേക്കുവരെ പറക്കാവുന്ന എയർക്രാഫ്റ്റുകൾ തയ്യാറായി. അതോടെ ആവശ്യക്കാർ കൂടി. ടിക്കറ്റ് റദ്ദാക്കിയാലും പണം തിരിച്ചുനൽകാൻ തുടങ്ങിയതോടെ വിശ്വാസ്യത കൂടി. പിന്നീട് വിദേശപറക്കലുകൾക്ക് അവസരമൊരുക്കി. വിസ ജെറ്റ് പോലുള്ള കമ്പനികളുമായി സഹകരിച്ചുതുടങ്ങി. 2024 മുതൽ ഇന്റനാഷണൽ ചാർട്ടറുകൾ ലഭിച്ചു. യൂറോപ്പ്, പൂർവേഷ്യ, പശ്ചിമേഷ്യ സെക്ടറുകളിൽ ഇപ്പോൾ സർവീസ് നൽകുന്നു. ‘‘ഈ ആശയവുമായി യു.എസിലേക്ക് എങ്ങനെ കടക്കാം എന്നാലോചിച്ചിരിക്കേയാണ് പന്തുപോലെ അവസരം ഉരുണ്ടുവന്നത്. അങ്ങനെ അവിടെ വിപണിതുറന്നു. അത് കൃത്യസമയത്തായിരുന്നു’’ -ഷോബി പറഞ്ഞു.
മൂന്നു രാജ്യങ്ങളിലെയും വിപണി നന്നായി മനസ്സിലാക്കാനായി. അവിടത്ത പ്രാദേശിക കമ്പനികളുമായി സഹകരിക്കാൻ അവസരമൊരുങ്ങി. അതിൽ എടുത്തുപറയേണ്ട കമ്പനി ഒരു മലയാളിയുടേതാണ് -ഫ്‌ളോറിഡയിലെ റോയൽ ഏവിയേറ്റേഴ്‌സിന്റെ ഉടമ ക്യാപ്റ്റൻ വിപിന്റേത്. സ്വയപ്രയത്നംകൊണ്ട് വളർന്നുവന്ന മനുഷ്യൻ.
‘‘പറന്നുചെല്ലാൻ പറ്റാവുന്ന ഇടങ്ങളിലൊക്കെ നമുക്ക് പറക്കാം മാഷേ...’’ -ഷോബി പറഞ്ഞു.
Content Highlights: Shoby T Paul, founder of Halo Airways, is facilitating private charter flights for the 2026 World Cup., Services cover host cities across the US, Mexico, and Canada., Transitioned from IT management to aviation, scaling from helicopters to premium private jets., Built global credibility through transparent refund policies and strategic international partnerships., Collaborating with Florida-based Royal Aviators for US market operations.