തൊടുന്നതോ കെട്ടിപ്പിടിക്കുന്നതോ മെസ്സിക്ക് ഇഷ്ടമല്ലായിരുന്നു,പരിപാടി താറുമാറാക്കിയത് ഒരു ഉന്നതൻ–ദത്ത

കൊൽക്കത്ത: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഗോട്ട് ടൂറിന്റെ ഭാഗമായി കൊൽക്കത്തയിൽ നടന്ന പരിപാടികൾ സംഘർഷത്തിൽ കലാശിച്ചതിന് പിന്നിൽ സ്വാധീനമുള്ള ഒരു വ്യക്തിയെന്ന് അറസ്റ്റിലായ മുഖ്യ സംഘാടകൻ സതാദ്രു ദത്ത. ആ വ്യക്തി നടത്തിയ ഇടപെടലുകൾ കാര്യപരിപാടികൾ താറുമാറാക്കിയെന്നും ദത്ത പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. അതേസമയം പരിപാടിക്കിടെ മറ്റുള്ളവർ ആലിംഗനം ചെയ്യുന്നത് മെസ്സി ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ദത്ത എസ്ഐടിയോട് പറഞ്ഞതായാണ് വിവരം.
സ്വാധീനമുള്ള ഒരാൾ സ്റ്റേഡിയത്തിലെത്തുകയും ഗ്രൗണ്ട് പാസുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയും ചെയ്തതായി ദത്ത പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞതായി പിടിഐ ആണ് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷമാണ് പരിപാടി സംഘർഷത്തിൽ കലാശിച്ചതെന്നുമാണ് ദത്തയുടെ വാദം."സ്വാധീനമുള്ള വ്യക്തി" സ്റ്റേഡിയത്തിൽ പ്രവേശിച്ചതിന് പിന്നാലെ പരിപാടിയുടെ മുഴുവൻ കാര്യപരിപാടിയും താറുമാറായെന്നും അത് നിയന്ത്രിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും ദത്ത പറഞ്ഞതായാണ് റിപ്പോർട്ട്.
പുറകിൽ തൊടുന്നതോ കെട്ടിപ്പിടിക്കുന്നതോ മെസ്സിക്ക് ഇഷ്ടമല്ലായിരുന്നുവെന്ന കാര്യവും ദത്ത ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. മെസ്സിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തേ ഈ ആശങ്ക അറിയിച്ചിരുന്നുവെന്നും ദത്ത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു."ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവർത്തിച്ചുള്ള പൊതു അറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, യാതൊരു ഫലവുമുണ്ടായില്ല. മെസ്സിയെ വളയുകയും കെട്ടിപ്പിടിക്കുകയും ചെയ്ത രീതി ലോകകപ്പ് ജേതാവിനെ സംബന്ധിച്ച് അസ്വീകാര്യമായിരുന്നു,"- ദത്ത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
തുടക്കത്തിൽ 150 ഗ്രൗണ്ട് പാസുകൾ മാത്രമാണ് നൽകിയിരുന്നതെന്നും എന്നാൽ "വളരെ സ്വാധീനമുള്ള" ഒരാൾ സ്റ്റേഡിയത്തിലെത്തിയപ്പോൾ അത് മൂന്നിരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്തെന്നുമാണ് ദത്തയുടെ പക്ഷം. ആ വ്യക്തി തന്റെ അധികാരത്തെ മറികടന്നതായും ദത്ത ആരോപിക്കുന്നു. ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ ആണഅ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡിസംബർ 13 ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മെസ്സിയുടെ സന്ദർശനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മെസ്സിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മെസ്സി വേഗം തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ കാണികൾ അക്രമാസക്തരായി. സ്റ്റേഡിയത്തിലേക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുകയും സീറ്റുകൾ തകർക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സംഘാടകനായ സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മെസ്സിയോടും ആരാധകരോടും മാപ്പുപറഞ്ഞു. പിന്നാലെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാനസർക്കാർ ഉത്തരവിട്ടു.
Content Highlights: "influential person" entered the stadium, the entire flowchart of the event got disturbed says dutta