ബ്രസീലിനെ ഞെട്ടിച്ച് സെനഗല്‍

Photo: AP
Photo: AP

ലിസ്ബണ്‍: സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ പരാജയപ്പെടുത്തി സെനഗല്‍. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് സെനഗല്‍ കാനറികളെ തകര്‍ത്തുവിട്ടത്. സാദിയോ മാനെ ഇരട്ട ഗോളുകളുമായി തിളങ്ങി.

കളിതുടങ്ങി 11-ാം മിനിറ്റില്‍ തന്നെ ലൂക്കാസ് പക്വേറ്റയിലൂടെ ബ്രസീലാണ് ലീഡെടുത്തത്. എന്നാല്‍ 22-ാം മിനിറ്റില്‍ ഹബിബ് ഡിയാല്ലോയിലൂടെ സെനഗല്‍ ഒപ്പമെത്തി.

പിന്നാലെ രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ വീണ സെല്‍ഫ് ഗോളില്‍ സെനഗല്‍ മുന്നിലെത്തി. ബ്രസീല്‍ താരം മാര്‍ക്വിന്യോസിന്റേതായിരുന്നു സെല്‍ഫ് ഗോള്‍. 55-ാം മിനിറ്റില്‍ സാദിയോ മാനെ സ്‌കോര്‍ ചെയ്തതോടെ ബ്രസീല്‍ ഞെട്ടി.

58-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന് പ്രായശ്ചിത്തം ചെയ്ത മാര്‍ക്വിന്യോസ് ബ്രസീലിനായി ഗോള്‍ മടക്കിയെങ്കിലും ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച മാനെ സെനഗലിന്റെ ജയം ഉറപ്പാക്കി.

Content Highlights: Sadio Mane shines Senegal Stun Brazil 4–2 in International Friendly