പിർലോ ഇല്ല, ഇറ്റലിയുടെ പുതിയ പരിശീലകനായി മാൻചീനി

റോം: ഇറ്റാലിയൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനായി റോബർട്ടോ മാൻചീനിയെ നിയമിച്ചു. ഇറ്റാലിയൻ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇറ്റലിയെ പരിശീലിപ്പിച്ചിട്ടുള്ള മാൻചീനി മൂന്നുവർഷത്തിന് ശേഷമാണ് വീണ്ടും ഇറ്റലിയെ കളിപഠിപ്പിക്കാനെത്തുന്നത്. ഇതിഹാസതാരം ആന്ദ്രെ പിർലോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് റഷ്യൻ കമ്പനിയുമായി കരാറുള്ളത് രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയ പശ്ചാത്തലത്തിൽ ആ നീക്കം ഒഴിവാക്കുകയായിരുന്നു.
പരിശീലകനായ ക്ലോഡിയോ റനിയേരി പുതിയ ടെക്‌നിക്കൽ ഡയറക്ടറായും ചുമതലയേറ്റു. മുൻ താരം പൗളോ മാൾഡീനി ടെക്‌നിക്കൽ ഡയറക്ടർ സ്ഥാനം രാജിവെച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം. പിർലോ കോച്ചായി എത്തില്ലെന്നുറപ്പായതോടെയാണ് മാൾഡീനിയും രാജിവെച്ചത്. സ്ഥാനത്ത് നിയമിതനായി 16 ദിവസം മാത്രം കഴിയുമ്പോഴാണ് മാൾഡീനി ഒഴിഞ്ഞത്.
2021 ൽ ഇറ്റലിയെ യൂറോ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് മാൻചീനി. എന്നാൽ 2023 ൽ അസൂറികളുടെ പരിശീലക സ്ഥാനം രാജിവെച്ച് സൗദി അറേബ്യയുടെ കോച്ചായി. മൂന്നുവർഷത്തിനിപ്പുറം വീണ്ടും ഇറ്റലിയെ പരിശീലിപ്പിക്കാനെത്തുകയാണ് മാൻചീനി. നാലുതവണ ലോകചാമ്പ്യന്മാരായ ഇറ്റലിക്ക് അടുത്ത ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുക എന്നതായിരിക്കും പ്രധാനദൗത്യം. കഴിഞ്ഞ മൂന്നുലോകകപ്പിലും ഇറ്റലിക്ക് യോഗ്യതനേടാനായിരുന്നില്ല.
റഷ്യയിലെ ബെറ്റിങ് സ്ഥാപനവുമായി കരാറുള്ള പിർലോയെ ഇറ്റലി ടീമിന്റെ പരിശീലകനാക്കുന്നതിനെതിരേ രാജ്യത്തെ മുതിർന്ന നേതാക്കൾ രംഗത്തുവന്നതോടെയാണ് ഇറ്റലിയുടെ മുൻ ഇതിഹാസതാരം കോച്ചാകാനുള്ള സാധ്യത മങ്ങിയത്. യുക്രൈൻ അധിനിവേശം നടത്തിയതിനാൽ റഷ്യക്കും ബെലറൂസിനും ഇറ്റലി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ വിലക്കുണ്ട്. നേരത്തേ ഇറ്റലി ക്ലബ്ബായ യുവന്റസിന്റെ കോച്ചായിരുന്ന പിർലോ, ഇപ്പോൾ ദുബായ് യുണൈറ്റഡ് ടീമിന്റെ പരിശീലകനാണ്. ദുബായ് യുണൈറ്റഡുമായുള്ള ബന്ധത്തിന്റെ ഭാഗമായാണ് റഷ്യയിലെ ബെറ്റിങ് സ്ഥാപനമായ ഫോൺനെറ്റുമായി കരാറുണ്ടാക്കിയതെന്നും അതിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നുമാണ് പിർലോയുടെ വിശദീകരണം.
Content Highlights: Roberto Mancini officially returns as Italy's head coach