മാറഡോണക്ക് മുൻപേ മരിക്കാൻ മോഹിച്ച 'ഹരിഡോണ'; ചരിത്ര ഗോളുകൾക്ക് 40 വയസ്സ്

#രവിമേനോന്‍

'ഹരിഡോണ' എന്നാണ് ഞാൻ ഹരിയെ വിളിക്കുക. അവൻ തിരിച്ചെന്നെ 'മിഷേൽ മേനോൻ' എന്നും. ഹരി മാറഡോണയുടെയും ഞാൻ ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റീനിയുടെയും അടിയുറച്ച ഭക്തന്മാർ. 1986-ലെ മെക്‌സിക്കോ ലോകകപ്പിന്റെ ഫൈനലിൽ മാറഡോണയുടെ അർജന്റീന റൂമനിഗയുടെ ജർമ്മനിയുടെ കഥകഴിച്ച രാത്രി, കട്ടൻചായ കുടിക്കാൻ ഹോസ്റ്റലിൽ നിന്നിറങ്ങി സി എച്ച് ഓവർബ്രിഡ്ജും കടന്ന് മാവൂർ റോഡിലേക്ക് നടക്കുമ്പോൾ ഹരി ആരോടെന്നില്ലാതെ മന്ത്രിച്ച വാക്കുകൾ ഓർമ്മയുണ്ട്: ''മാറഡോണയും ജയേട്ടനും ലാലേട്ടനുമൊക്കെ ജീവിച്ചിരിക്കുമ്പോ മരിക്കണം നമ്മൾ. ആ വേർപാടുകളൊന്നും താങ്ങാൻ പറ്റില്ല. ഞാൻ മരിച്ചിട്ടേ ഇവരൊക്കെ മരിക്കാവൂ എന്നാണെന്റെ പ്രാർത്ഥന..''

വിചിത്രമായ ആ മനസ്സ് വായിച്ചെടുക്കാമായിരുന്നു എനിക്ക്. കളിയിൽ മാറഡോണയെന്ന പോലെ പാട്ടിൽ ജയചന്ദ്രനാണ് ഹരിയുടെ എക്കാലത്തെയും ആരാധനാപുരുഷൻ. അഭിനയത്തിൽ അന്ന് പ്രശസ്തിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന മോഹൻലാലും. അധികമാരും കണ്ടെത്താത്ത ഒരു സാമ്യം മൂന്നു പേരുടെയും വ്യക്തിത്വത്തിൽ കണ്ടെത്തിയിട്ടുണ്ട് ഹരി. മൂവരും ജീവിതത്തെ ലാഘവത്തോടെ കാണുന്നവർ. നല്ലൊരളവോളം 'താന്തോന്നി'കൾ. കളിക്കളത്തിലാണെങ്കിലും വോയിസ് ബൂത്തിലാണെങ്കിലും ക്യാമറക്ക് മുന്നിലാണെങ്കിലും ഒരു വ്യാകരണത്തിനും വഴങ്ങാത്ത ശൈലികളുടെ ഉടമകൾ. കളിച്ച കളികളിലെല്ലാം ഗോളടിക്കുന്നവർ. സർവോപരി, സംസാരത്തിലും പ്രവൃത്തിയിലും ഒരൽപ്പം കുസൃതി കാത്തുസൂക്ഷിക്കുന്നവർ.

നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം. ഹരിക്കതൊരു വിഷയമല്ല. ജയചന്ദ്രന്റെ 'ഹർഷബാഷ്പം തൂകി' ആസ്വദിക്കുന്ന അതേ ആവേശത്തോടെ അന്തിക്കാടൻ ചിത്രങ്ങളിലെ മോഹൻലാലിന്റെ അനായാസ അഭിനയം ആസ്വദിക്കും അവൻ; മറഡോണയുടെ അലൗകികമായ ഡ്രിബ്ലിങ് പാടവത്തിൽ അഭിരമിക്കും. ഇഷ്ടങ്ങളുടെ വിചിത്രമായ ഒരു ഫ്യൂഷൻ.

Photo: Getty Images

ഓർമ്മവന്നത് അതേ ലോകകപ്പിലെ 'കുപ്രസിദ്ധ'മായ അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലാണ്. ഹരിയ്ക്കൊപ്പമിരുന്ന് ടെലിവിഷനിൽ ആ കളി കാണുമ്പോൾ മനസ്സുകൊണ്ട് ഇംഗ്ലണ്ടിന്റെ പക്ഷത്തായിരുന്നു ഞാൻ. മറ്റേ ക്വാർട്ടറിൽ ഇഷ്ട ടീമായ ഫ്രാൻസ് തലേന്ന് ബ്രസീലിനെ അട്ടിമറിച്ചു കഴിഞ്ഞിരുന്നല്ലോ. കപ്പിലേക്കുള്ള പ്ലാറ്റീനിയുടെ കുതിപ്പിന് കടിഞ്ഞാണിടാൻ ആ ഘട്ടത്തിൽ മാറഡോണയ്ക്ക് മാത്രമേ കഴിയൂ എന്നായിരുന്നു എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ അർജന്റീന ഈ കടമ്പ കടന്നു മുന്നേറിക്കൂടാ. അപകടമാണത്.

ആസ്റ്റക് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ഒന്നേകാൽ ലക്ഷത്തോളം കാണികളുടെ പിന്തുണയോടെ ഇരമ്പിക്കളിച്ചു തുടങ്ങിയ മാറഡോണയുടെയും ബുറുഷാഗയുടെയും വാൾഡാനോയുടെയും ഓരോ നീക്കങ്ങളും നിറഞ്ഞ മനസ്സോടെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു തൊട്ടടുത്തിരുന്ന് ഹരി. ഇടക്കെന്നെ നോക്കി ചില കോപ്രായങ്ങളും പ്രകോപനകരമായ കമന്റുകളും: 'കണ്ടോ കണ്ടോ, ആങ്കുട്ട്യോൾ കളിക്കണത് കണ്ടോ. നിങ്ങടെ പ്ലാറ്റീനിയുടെ ശുദ്ധസംഗീതൊന്നും ഇവിടെ ചെലവാകൂല. ഇത് അസ്സൽ ഹെവി മെറ്റലാണ്. ചെവിട് പൊട്ടും. ഗോൾ വരണത് കണ്ടോ നീ...''

ഒടുവിൽ ഗോൾ വന്നു. അതും എന്തൊരു ഗോൾ. സ്റ്റീവ് ഹോഡ്ജിന്റെ കാലിൽ തട്ടി അബദ്ധത്തിൽ സ്വന്തം പെനാൽട്ടി ഏരിയയിലേക്ക് ഗതിമാറിവന്ന പന്ത്, വായുവിൽ ഉയർന്നുചാടി പഞ്ച് ചെയ്തകറ്റാനുള്ള യത്‌നത്തിലായിരുന്നു ഗോളി പീറ്റർ ഷിൽട്ടൺ. പക്ഷേ ഷിൽട്ടൺ മനസ്സിൽ കണ്ടത് മാനത്ത് കണ്ടു മാറഡോണ. കയ്യുയർത്തി ഒരൊറ്റക്കുതിപ്പിന് ആറടി ഒരിഞ്ചുകാരൻ ഷിൽട്ടണെയും വെട്ടി പന്ത് വലയിലെത്തിക്കുന്നു എട്ടിഞ്ച് ഉയരക്കുറവുള്ള മാറഡോണ. ഹാൻഡ്ബാൾ വിളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കേ, ടുണീഷ്യൻ റഫറിയതാ കൈപൊക്കുന്നു. സെന്റർ സർക്കിളിലേക്ക് വിരൽ ചൂണ്ടുന്നു. അവിശ്വസനീയമായ ആ ഗോളിന്റെ ഞെട്ടൽ നൽകിയ തരിപ്പിലായിരുന്നു ഹരിയും ഞാനും. വികാരപ്രകടനങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ വ്യത്യാസം. ഹരിക്ക് ആഹ്ലാദം, എനിക്ക് ദുഃഖം.

അത്ഭുതഗോളിൽ മാറഡോണയുടെ ഇടതുകൈയ്യിന്റെ ഇടപെടലിനെ കുറിച്ചുള്ള സംശയം കമന്റേറ്റർമാർ പ്രകടിപ്പിച്ചപ്പോൾ വൈക്കോൽത്തുരുമ്പ് വീണുകിട്ടിയ ആശ്വാസം എനിക്ക്. ''മൊത്തം തട്ടിപ്പാണ്.'' ഞാൻ പറഞ്ഞു. ''പ്ലാറ്റീനിയാണെങ്കിൽ ഒരിക്കലും ഇതുപോലൊരു വൃത്തികേട് കാണിക്കില്ലായിരുന്നു. ഇങ്ങനെ ജയിച്ചിട്ടെന്ത് കാര്യം? ജയിക്കയാണെങ്കിൽ അന്തസ്സോടെ ജയിക്കണം.'' അധികം തർക്കിച്ചില്ല ഹരി. എന്തോ ഒരു പന്തികേട് അവനും മണത്തിരിക്കാം.

എന്നാൽ നാല് മിനിറ്റിനകം കളി മാറി. കെന്നി സാൻസമിനേയും പീറ്റർ ബെയേഡ്സ്ലിയെയും ടെറി ബുച്ചറേയും ടെറി ഫെൻവിക്കിനെയും ഏറ്റവുമൊടുവിൽ സാക്ഷാൽ ഷിൽട്ടനേയും വഴിക്കുവഴിയായി മറികടന്ന് മറഡോണ നേടിയ ആ മില്യൺ ഡോളർ ഗോൾ ഒന്നുമതിയായിരുന്നു അതിനു മുൻപത്തെ 'കൈപ്പിഴ'യുടെ എല്ലാ നാണക്കേടും മറക്കാൻ. 'ഇതാണ് മോനേ ഗോൾ.'' ടി വി സ്‌ക്രീനിൽ ആക്ഷൻ റീപ്ലേ പൊടിപൊടിക്കേ, അന്തംവിട്ടിരുന്ന എന്റെ ചുമൽ പിടിച്ചു കുലുക്കി ഹരി അട്ടഹസിക്കുന്നു. 'ലോകത്താരുണ്ട് ഇതു പോലൊരു ഗോളടിക്കാൻ? നിങ്ങളുടെ പ്ലാറ്റീനിയോട് പറ ഇതിന്റെ വീഡിയോ എടുത്തു കാണാൻ. അടുത്ത മാച്ചിൽ ഗുണം ചെയ്യും..'' ശരിക്കും പൊട്ടിത്തെറിക്കുകയായിരുന്നു അവൻ.

പ്ലാറ്റീനിവധം ആട്ടക്കഥ തുടങ്ങിയിരുന്നതേയുള്ളൂ ഹരി. തലങ്ങും വിലങ്ങും വിമർശനങ്ങൾ; പരിഹാസശരങ്ങൾ. കാതുകൾ പൊത്തി ഞാൻ എണീറ്റു പോകും വരെ തുടർന്നു അത്. അവശേഷിച്ച കളി കണ്ടത് ഒപ്പമിരുന്നല്ല. ഹരി മുൻ നിരയിലും ഞാൻ ഡിഫൻസിലും. എങ്കിലും മത്സരം കഴിഞ്ഞപ്പോൾ എണീറ്റുചെന്ന് ഹരിക്ക് കൈകൊടുക്കാൻ മറന്നില്ല; ഇനി ഫൈനലിൽ കാണാം എന്ന വാഗ്ദാനത്തോടെ. പക്ഷേ അതൊരു പാഴ്ക്കിനാവ് മാത്രമായിരുന്നു. സെമിയിൽ ജർമ്മനിയോട് കീഴടങ്ങാനായിരുന്നല്ലോ പ്ലാറ്റീനിയുടെയും, ടിഗാനയുടെയും ബാറ്റിസ്റ്റന്റെയും ജോയൽ ബാത്സിന്റെയും ഫ്രാൻസിന് യോഗം. എങ്കിലും ഫൈനലിൽ മാറഡോണപ്പടയുടെ വിജയം ആഘോഷിച്ചത് ഞാനും ഹരിയും ഒരുമിച്ചാണ്. അപ്പോഴേക്കും ഡീഗോ ജ്വരം എന്നെയും പിടികൂടിത്തുടങ്ങിയിരുന്നു.

മറ്റൊരു ലോകകപ്പും ഒരുമിച്ചിരുന്നു കണ്ടിട്ടില്ല. അവസരമുണ്ടായില്ല എന്നതാണ് സത്യം. അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ഹരി കൊച്ചിയിലേക്ക് കുടിയേറി. എങ്കിലും മാറഡോണയും ജയേട്ടനും ലാലും ഞങ്ങളുടെ ഫോൺ സംഭാഷണങ്ങളിൽ കയറിയിറങ്ങി പൊയ്ക്കൊണ്ടിരുന്നു. ജയേട്ടന്റെ പുതിയൊരു പാട്ട് വന്നാൽ, ലാലിന്റെ പുതിയ ചിത്രം റിലീസായാൽ നിശ്ചയമായും വിളിച്ചിരിക്കും അവൻ. ഇടക്കൊരു നാൾ ഹരിയെ പ്രകോപിപ്പിക്കാനായി ഞാൻ ചോദിച്ചു: 'വാർത്തകൾ കാണുന്നില്ലേ? നിന്റെ പ്രിയതാരം മാറഡോണ മയക്കുമരുന്നിന്റെ ആളാണത്രെ. മരുന്നടിച്ചു മരുന്നടിച്ചു ബോധം പോയിട്ടുണ്ടാകും. ചെല്ലുന്നിടത്തെല്ലാം അടിപിടിയാണ്. ഇപ്പോഴും നിനക്ക് അയാളെ ഇഷ്ടമാണോ?''

നിമിഷനേരം നിശബ്ദനായി നിന്ന ശേഷം ഹരി പറഞ്ഞു: ''സംശയമെന്ത്? കൊലപാതകം ചെയ്തു എന്നറിഞ്ഞാലും മാറഡോണയോടുള്ള എന്റെ ആരാധന മങ്ങില്ല. കളിച്ച കളിയുടെ മേന്മ നോക്കിയാൽ ഒന്നുരണ്ടു കൊലപാതങ്ങൾ അങ്ങേർക്ക് വകവെച്ചു കൊടുക്കാവുന്നതേയുള്ളൂ..''

പൊട്ടിച്ചിരിച്ചുപോയി ആ മറുപടി കേട്ട്. എന്തൊരു ലോജിക്. ''ചിരിക്കേണ്ട.'' ഹരി പറഞ്ഞു. ''ഇനിയൊരാളുണ്ടാവില്ല അതുപോലെ. ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ, മാറഡോണ യാത്രയാകും മുൻപേ സ്ഥലം വിടണം എനിക്ക്. മൂപ്പരില്ലാത്ത ലോകം സങ്കൽപ്പിക്കാൻ വയ്യ..''

അറം പറ്റിയോ ആ വാക്കുകൾക്ക്. ജോലിയെടുക്കുന്ന പത്രമാപ്പീസിന്റെ ഡെസ്‌ക്കിൽ ഏതോ ഫുട്ബാൾ സ്റ്റോറി കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നടുക്കുന്ന ആ വാർത്ത എന്നെ തേടിവന്നത്. രണ്ടു ദിവസം മുൻപ് ഹരി മരിച്ചു. ട്രെയിനിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നത്രെ. ഫുട്ബാൾ ഭാഷയിൽ ''സഡൻഡെത്ത്''. അപ്രതീക്ഷിതമായ ആ വാർത്ത ഉൾക്കൊള്ളാനാവാതെ പകച്ചിരുന്നപ്പോൾ മനസ്സിൽ ഹരിയുടെ പ്രസാദാത്മക മുഖം തെളിഞ്ഞു. കാതിൽ അവന്റെ ചിരി മുഴങ്ങി: ''ഇങ്ങനെ വേണമായിരുന്നോ നിനക്ക് വാക്കുപാലിക്കാൻ?'' ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചപോലെ.

മെക്‌സിക്കോ ലോകകപ്പിലെ മാറഡോണയുടെ വിശ്വോത്തര ഗോളുകൾക്ക് (ജൂൺ 22, 1986) നാൽപ്പത് വയസ്സ് തികഞ്ഞ വർത്തയറിഞ്ഞപ്പോൾ വീണ്ടും ഓർമ്മവന്നു 'ഹരിഡോണ'യെ. അകലെയേതോ കളിക്കളത്തിന്റെ ഗാലറിയിലുണ്ടാകും അവൻ; പ്രിയതാരങ്ങളായ മാറഡോണക്കും ജയചന്ദ്രനുമൊപ്പം ആരവങ്ങളുമായി.....

Content Highlights: Commemorating the 40th anniversary of Diego Maradona's historic 1986 World Cup goals., A nostalgic narrative of a superfan nicknamed 'Haridona' and his obsession with Maradona, Jayachandran, and Mohanlal., Reflecting on the 'Hand of God' and the 'Goal of the Century' through the eyes of football enthusiasts., An emotional tribute to a friend whose life was deeply intertwined with the legends of the game.