റെക്കോഡിനൊപ്പമെത്താന്‍ റയല്‍,സ്വന്തം റെക്കോഡ് സൂക്ഷിക്കാന്‍ ബാഴ്‌സ; എല്‍ ക്ലാസിക്കോ ആവേശം

റയല്‍ മാഡ്രിഡ് താരങ്ങള്‍ പരിശീലനത്തില്‍ | Photo: AFP
റയല്‍ മാഡ്രിഡ് താരങ്ങള്‍ പരിശീലനത്തില്‍ | Photo: AFP

മഡ്രിഡ്: റെക്കോഡിനൊപ്പമെത്താന്‍ റയല്‍ മഡ്രിഡും സ്വന്തം റെക്കോഡ് സൂക്ഷിക്കാന്‍ എഫ്.സി. ബാഴ്സലോണയും ഇറങ്ങുമ്പോള്‍ സ്പാനിഷ് ലാലിഗ ഫുട്ബോളിലെ ഇത്തവണത്തെ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് ആവേശം കൂടും. ശനിയാഴ്ച രാത്രി 12.30-ന് റയലിന്റെ തട്ടകമായി സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം.

ഒരു കളികൂടി തോല്‍ക്കാതിരുന്നാല്‍ സ്പാനിഷ് ലാലിഗയിലെ അപരാജിത റെക്കോഡിനൊപ്പമെത്താല്‍ റയല്‍ മഡ്രിഡിന് കഴിയും. 42 തുടര്‍മത്സരങ്ങളിലാണ് ടീം തോല്‍വിയറിയാതെ കുതിക്കുന്നത്. എന്നാല്‍, ഈ റെക്കോഡ് നിലവില്‍ ബാഴ്സയുടെ പേരിലാണ്. 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 43 മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ചാണ് ബാഴ്സ റെക്കോഡിട്ടത്. റയലിന് ഈ റെക്കോഡിനൊപ്പമെത്തണമെങ്കില്‍ ബാഴ്സയ്‌ക്കെതിരേ തോല്‍ക്കാതിരിക്കണം.

സീസണില്‍ മികച്ചഫോമിലാണ് ഇരുടീമുകളും. ലാലിഗയില്‍ 10 കളിയില്‍നിന്ന് 27 പോയിന്റുമായി ബാഴ്സയാണ് മുന്നില്‍. 24 പോയിന്റുമായി റയല്‍ രണ്ടാമതും. ബാഴ്സ ഒന്‍പത് കളിയില്‍ ജയിച്ചു. ഒന്നില്‍ തോറ്റു. റയല്‍ ഏഴു കളിയില്‍ ജയിച്ചു. മൂന്നെണ്ണം സമനിലയിലായി. 12 ഗോള്‍ നേടിയ ബാഴ്സ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ലീഗിലെ ഗോള്‍വേട്ടയില്‍ ഒന്നാമതാണ്. റയലിന്റെ കിലിയന്‍ എംബാപ്പെ ആറുഗോളുമായി രണ്ടാമതുണ്ട്.

Content Highlights: real madrid vs barcelona el clasico preview