ലോകകപ്പിനുള്ള ടീമിൽ ആദ്യമായി മലയാളി; ഖത്തർ സംഘത്തിൽ കണ്ണൂർ സ്വദേശി തഹ്സിൻ മുഹമ്മദും

ദോഹ: 2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്‌ക്വാഡ് കോച്ച് ഹൂലൻ ലോപെറ്റെഗി പ്രഖ്യാപിച്ചു. കണ്ണൂർ വളപട്ടണം സ്വദേശിയായ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷീദും ടീമിൽ ഇടംപിടിച്ചു. ഒരു മലയാളി ഇതാദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇപ്പോഴും വിദൂര സ്വപ്‌നമായി തുടരുമ്പോൾ, തഹ്‌സിൻ അന്തിമ ഇലവനിൽക്കൂടി ഉൾപ്പെട്ടാൽ ലോകകപ്പ് ചരിത്രത്തിൽ അതൊരു സുവർണ അധ്യായമാകും.
സൂപ്പർ താരം അക്രം അഫീഫാണ് ഖത്തർ മുന്നേറ്റനിരയെ നയിക്കുക. 126 മത്സരങ്ങളിൽനിന്ന് 60 ഗോളുകൾ നേടി ഖത്തറിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അൽമോയസ് അലിയും സംഘത്തിലുണ്ട്. പരിചയസമ്പന്നനായ ഹസ്സൻ അൽ ഹൈദോസ്, ബൗലെം ഖൂഖി തുടങ്ങിയ പ്രമുഖരും ടീമിന്റെ കരുത്താണ്.
ഗോൾകീപ്പർമാർ: സലാഹ് സക്കറിയ (അൽ-ദുഹൈൽ), മഹ്‌മൂദ് അബുനദ (അൽ റയ്യാൻ), മിഷാൽ ബർഷാം (അൽ-സദ്ദ്)
പ്രതിരോധനിരക്കാർ: ഹാഷ്മി ഹുസൈൻ (അൽ അറബി), അയൂബ് അലവി (അൽ ഗറാഫ), ബൗലെം ഖൂഖി (അൽ-സദ്ദ്), പെഡ്രോ മിഗ്വൽ (അൽ-സാദ്), ഇസ്സ ലായെ (അൽ അറബി), ലൂക്കാസ് മെൻഡിസ് (അൽ-വക്ര), സുൽത്താൻ അൽ-ബ്രൈക് (അൽ-ദുഹൈൽ), ഹോമം അൽ-അമീൻ (കൽച്ചറൽ ലിയോണീസ)
മധ്യനിരക്കാർ: മുഹമ്മദ് അൽ-മനായ് (അൽ ഷമാൽ), ജാസിം ജാബർ (അൽ അറബി), കരീം ബൗദിയാഫ് (അൽ-ദുഹൈൽ), അഹമ്മദ് ഫാതി (അൽ അറബി), അബ്ദുൽ അസീസ് ഹാതിം (അൽ റയ്യാൻ), അസിം മാഡിബോ (അൽ-വക്ര)
മുന്നേറ്റനിരക്കാർ: തഹ്‌സിൻ മുഹമ്മദ് (അൽ-ദുഹൈൽ), എഡ്മിൽസൺ ജൂനിയർ (അൽ-ദുഹൈൽ), അൽമോയസ് അലി (അൽ-ദുഹൈൽ), അക്രം അഫീഫ് (അൽ-സാദ്), മുഹമ്മദ് മുൻതാരി (അൽ ഗറാഫ), യൂസഫ് അബ്ദുൽ റസാഖ് (അൽ-വക്ര), അഹമ്മദ് അലാ (അൽ റയ്യാൻ), ഹസ്സൻ അൽ-ഹൈദോസ് (അൽ-സാദ്), അഹമ്മദ് അൽ-ജനഹി (അൽ ഗറാഫ)
മുൻ സ്‌പെയിൻ, റയൽ മാഡ്രിഡ്, വോൾവ്‌സ്, വെസ്റ്റ് ഹാം യുണൈറ്റഡ് പരിശീലകനായിരുന്ന ഹൂലൻ ലോപെറ്റെഗി 2025 മേയിലാണ് ഖത്തർ ടീമിന്റെ ചുമതലയേറ്റത്. ലോപെറ്റെഗിയുടെ കീഴിൽ ഏഷ്യൻ ക്വാളിഫയേഴ്‌സിലെ ഗ്രൂപ്പ് എ-യിൽ ഒന്നാമതെത്തിയാണ് ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.
ലോകകപ്പിൽ സ്വിറ്റ്‌സർലൻഡ്, സഹ-ആതിഥേയരായ കാനഡ, ബോസ്‌നിയ ആൻഡ് ഹെർസഗോവിന എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഖത്തർ മത്സരിക്കുന്നത്. സാന്താ ക്ലാരയിൽ സ്വിറ്റ്‌സർലൻഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. തുടർന്ന് വാൻകൂവറിൽ കാനഡയുമായും, സിയാറ്റിലിൽ ബോസ്‌നിയ-ഹെർസഗോവിനയുമായും ഖത്തർ ഏറ്റുമുട്ടും. 2022 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ഖത്തർ, പിന്നീട് ഏഷ്യൻ കപ്പ് നിലനിർത്തിക്കൊണ്ട് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.