അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ - പിഎസ്ജി ഫൈനൽ

മ്യൂണിക്ക്: ഈ സീസണിൽ എവേ മത്സരങ്ങളിൽ കാഴ്ചവെയ്ക്കുന്ന മികവ് തുടർന്ന ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ മൈതാനത്ത് നടന്ന രണ്ടാം പാദ സെമിയിലെ സമനിലയാണ് നിലവിലെ ചാമ്പ്യൻമാർ കൂടിയായ പിഎസ്ജിയെ ഫൈനലിലെത്തിച്ചത്. അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ ആഴ്ച പിഎസ്ജിയുടെ മൈതാനത്ത് നടന്ന മത്സരം 5-4ന് പിഎസ്ജി ജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി 6-5ന്റെ ജയത്തോടെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ ഫൈനൽ പ്രവേശനം. ബുദാപെസ്റ്റിൽ മേയ് 30-ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലാണ് പിഎസ്ജിയുടെ എതിരാളികൾ.
കളിയാരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഒസ്മാൻ ഡെംബെലെയിലൂടെ പിഎസ്ജി മുന്നിലെത്തി. മികച്ച ഒരു മുന്നേറ്റത്തിനൊടുവിൽ ഖ്വിച്ച വാരത്‌സ്‌ഹേലിയ നൽകിയ പാസ് ഡെംബെലെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ സീസണിൽ നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടുകയോ അസിസ്റ്റ് നൽകുകയോ ചെയ്യുന്ന ആദ്യ താരമായി വാരത്‌സ്‌ഹേലിയ മാറി.
സ്വന്തം മൈതാനത്ത് മികച്ച കളി പുറത്തെടുത്തെങ്കിലും പിഎസ്ജിയുടെ ശക്തമായ പ്രതിരോധം മറികടക്കാൻ ബയേണിന് ഇൻജുറി ടൈം വരെ കാക്കേണ്ടി വന്നു. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഹാരി കെയ്‌നാണ് ബയേണിനായി വലകുലുക്കിയത്.
അതേസമയം റഫറിയുടെ പല തീരുമാനങ്ങളും ബയേണിന് എതിരായിരുന്നുവെന്നും വിലയിരുത്തലുണ്ട്. ആദ്യ പകുതിയിൽ നുനോ മെൻഡസിനെതിരേ ഹാൻഡ്‌ബോളിനായി ബയേൺ താരങ്ങൾ അപ്പീൽ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല. ജാവോ നെവസിനെതിരായ മറ്റൊരു ഹാൻഡ് ബോൾ അപ്പീലും റഫറി തള്ളി. രണ്ട് തീരുമാനങ്ങളിലും റഫറി വാർ പരിശോധിക്കാതിരുന്നതും ബയേൺ താരങ്ങളെ ചൊടിപ്പിച്ചു.
Content Highlights: PSG qualified for the 2026 Champions League final with a 6-5 aggregate victory., The final match is scheduled for May 30 in Budapest against Arsenal., Ousmane Dembélé scored for PSG, while Harry Kane netted a late equalizer for Bayern., Khvicha Kvaratskhelia set a record for goals or assists in seven consecutive knockout games.