ഒടുവില്‍ ആ വാര്‍ത്തയെത്തി, ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സലോണയില്‍

Photo: twitter.com/FabrizioRomano
Photo: twitter.com/FabrizioRomano

ബാഴ്‌സലോണ: ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ സ്വന്തമാക്കി സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. 50 മില്യണ്‍ യൂറോയ്ക്കാണ് (ഏകദേശം 401 കോടി രൂപ) പോളിഷ് സൂപ്പര്‍ താരത്തെ ബാഴ്‌സലോണ സ്വന്തമാക്കിയത്. 

ഇനി വൈദ്യ പരിശോധനയും കരാറില്‍ ഒപ്പുവെയ്ക്കലും മാത്രമാണ് ബാക്കിയുള്ളത്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. 45 മില്യണ്‍ യൂറോ താരത്തിന് ശമ്പളമായി ലഭിക്കും. പിന്നീട് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് മില്യണ്‍ യൂറോ കൂടി ലഭിക്കും. 

ബയേണ്‍ മ്യൂണിക്കിന്റെ കുന്തമുനയായിരുന്ന ലെവന്‍ഡോവ്‌സ്‌കിയ്ക്ക് അടുത്ത സീസണ്‍ വരെ ജര്‍മന്‍ ക്ലബ്ബുമായി കരാറുണ്ടായിരുന്നു. എന്നാല്‍ ടീം വിടണമെന്ന താരത്തിന്റെ ആവശ്യത്തിനുമുന്നില്‍ ബയേണ്‍ നിസ്സഹായരായി. 2022 ഫെബ്രുവരി തൊട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സലോണയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ബയേണ്‍ വലിയ തുകയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ നാലുതവണയാണ് ബാഴ്‌സയ്ക്ക് കരാര്‍ തുക പുതുക്കേണ്ടിവന്നത്. സാവിയുടെ കീഴില്‍ പുതിയ സീസണിനുവേണ്ടി ഒരുങ്ങുന്ന ബാഴ്‌സ ഈ സീസണില്‍ നിരവധി താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. 

2014-ല്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് ലെവന്‍ഡോവ്‌സ്‌കി ബയേണിലെത്തുന്നത്. ബയേണിനായി 253 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 238 ഗോളുകള്‍ നേടി. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുവെന്നും പുതിയ തട്ടകത്തിലേക്ക് മാറേണ്ടത് അത്യാവശ്യമാണെന്നും ലെവന്‍ഡോവ്‌സ്‌കി നേരത്തേ സൂചിപ്പിച്ചിരുന്നു. 

ലയണല്‍ മെസ്സി ടീം വിട്ടശേഷം ബാഴ്‌സയില്‍ മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം പ്രകടമായിരുന്നു. ലെവന്‍ഡോവ്‌സ്‌കിയിലൂടെ ആ വിടവ് നികത്താനാകുമെന്നാണ് ടീം കണക്കുകൂട്ടുന്നത്. ബാഴ്‌സയില്‍ ചേരുന്നതിന്റെ മുന്നോടിയായി ലെവന്‍ഡോവ്‌സ്‌കി ബയേണിന്റെ പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഈയാഴ്ച തന്നെ താരം സ്‌പെയിനിലേക്ക് പറക്കും.

Content Highlights: lewandowski to barcelona, barcelona transfer news, lewandowski transfer, football transfers, sports