ട്രോഫികൾ നേടുക എന്നതു മാത്രമല്ല പ്രധാനം; വൈകാതെതന്നെ ഇന്ത്യ സന്ദർശിക്കും - പെപ് ഗാർഡിയോള

ലോകഫുട്ബോളിലെ തന്ത്രങ്ങളുടെ മാന്ത്രികനാണ് പെപ് ഗാർഡിയോള. ഇംഗ്ലീഷ് ക്ലബ് മാഞ്ചെസ്റ്റർ സിറ്റിയുടെ പരിശീലകൻ. സീസണിൽ ആഴ്സനലിനൊപ്പം കിരീടപ്പോരാട്ടത്തിലാണ് സിറ്റി. ജിയോസ്റ്റാർ ഒരുക്കിയ അഭിമുഖത്തിൽ പെപ് ഗാർഡിയോള മാതൃഭൂമിയോട് സീസണിലെ പ്രതീക്ഷകൾ പങ്കുവെക്കുന്നു.
മാഞ്ചെസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ സ്വന്തമാക്കിയ പരിശീലകനാണ് താങ്കൾ. എന്താണ് ഇപ്പോഴും മുന്നോട്ടുനയിക്കുന്നത്?
ഇഷ്ടമുള്ളത് ചെയ്യണം എന്ന ആവേശത്തോടെയാണ് ദിവസവും ഉണരുക. അതുമാത്രമാണ് എന്റെ ഊർജത്തിന്റെ രഹസ്യം. മടുപ്പുതോന്നുകയോ, ഇഷ്ടം നഷ്ടപ്പെടുകയോ, ഊർജം ഇല്ലാതാകുകയോ ചെയ്യുന്ന നിമിഷം, ഇത് നിർത്തി വീട്ടിൽ പോകാൻ സമയമായി എന്ന് മനസ്സിലാക്കും. ട്രോഫികൾ നേടുക എന്നതു മാത്രമല്ല പ്രധാനം. അതൊരു ഉപോത്‌പന്നം മാത്രമാണ്.
സ്ഥിരതയുള്ള പ്രകടനം, ടീമിന്റെ ആഴം, താരങ്ങളുടെ മാനസികാവസ്ഥ. ഇതിൽ ഏതായിരിക്കും ഈ വർഷം ലീഗ് നേടുന്നതിൽ ടീമിനെ സഹായിക്കുന്ന ഘടകം?
ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ ആയിരക്കണക്കിന് ഘടകങ്ങളുണ്ട്. ഏതെങ്കിലും പ്രത്യേക താക്കോൽ മാത്രമാണ് വിജയത്തിനു പിന്നിലെങ്കിൽ, അത് എല്ലാവർക്കും തുറക്കാൻ സാധിക്കും. ഒരിക്കൽ നിങ്ങൾ വിജയിച്ചു, അപ്പോൾ നിങ്ങൾ വിചാരിക്കുന്നു, ഇതാണ് വിജയത്തിന്റെ മന്ത്രമെന്ന്. എന്നാൽ, അടുത്തമാസംമുതൽ ആ മന്ത്രം വിജയിക്കണമെന്നില്ല. അതുകൊണ്ട് എപ്പോഴും ശൂന്യമായ പേജുകളിൽനിന്നാണ് തുടങ്ങുന്നത്.
അന്റോയിൻ സെമെന്യോ അടക്കമുള്ള താരങ്ങളുടെ വരവ് ടീമിനെ എങ്ങനെ മാറ്റി?
വന്നവരാരും ഞങ്ങളുടെ സമീപനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. അവരുടെ തനതായ ഗുണങ്ങൾ ടീമിലേക്കും മൈതാനത്തേക്കും സംഭാവനചെയ്തു. അവരെ ഇപ്പോഴും അളക്കാനായിട്ടില്ല. അവരെല്ലാം വരുംവർഷങ്ങളിൽ ടീമിനായി തിളങ്ങേണ്ട താരങ്ങളാണ്.
ദൈർഘ്യമേറിയ സീസണാണ്. മത്സരം കൂടുതലും. പരിക്കുകളും താരങ്ങളുടെ റൊട്ടേഷനുകളും കൈകാര്യം ചെയ്യുന്നത് എത്രത്തോളം പ്രധാനമാണ്?
ഒരു സീസണും സുഖകരമായ യാത്രയല്ല. അതിനിടെ ഒരുപാട് തടസ്സങ്ങൾ കടന്നുവരും. ചില കാര്യങ്ങൾ തെറ്റായി സംഭവിക്കുമ്പോൾ, പ്രപഞ്ചം അത് നമ്മോട് ആജ്ഞാപിക്കുന്നതുപോലെയാണെന്ന് തിരിച്ചറിയുന്നു. നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളും എപ്പോഴും കടന്നുപോകും. നിങ്ങൾ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കുക.
ഇന്ത്യൻ ആരാധകരെക്കുറിച്ച് കേട്ടിട്ടില്ലേ. അവരോട് എന്താണ് പറയാനുള്ളത്...?
ഞാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് ഇന്ത്യ. ഇതുവരെ എത്താൻ സാധിച്ചിട്ടില്ല. പക്ഷേ, വൈകാതെതന്നെ ഞാൻ ഇന്ത്യ സന്ദർശിക്കുമെന്ന് ഉറപ്പുതരുന്നു.