യുവന്റസിനായി അവസാന മത്സരം കളിച്ചതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് പൗളോ ഡിബാല

പൗളോ ഡിബാല | Photo: twitter.com/SerieA_EN
പൗളോ ഡിബാല | Photo: twitter.com/SerieA_EN

ടൂറിന്‍: ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി അവസാന മത്സരം കളിച്ചതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം പൗളോ ഡിബാല. 

കഴിഞ്ഞ ദിവസം ലാസിയോക്കെതിരായ മത്സരത്തോടെയാണ് യുവന്റസിനൊപ്പമുള്ള ഏഴു വര്‍ഷത്തെ യാത്ര ഡിബാല അവസാനിപ്പിച്ചത്. ജിയോര്‍ജിയോ കിയെല്ലിനിയുടെയും യുവന്റസിനൊപ്പമുള്ള അവസാന മത്സരമായിരുന്നു ഇത്. മത്സര ശേഷം ഇരുവരെയും ക്ലബ്ബ് ആദരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഡിബാല കരച്ചില്‍ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞുപോയത്.

ഈ സീസണോടെ താന്‍ ടീം വിടുകയാണെന്ന് നേരത്തെ തന്നെ ഡിബാല പ്രഖ്യാപിച്ചിരുന്നു. 2015-ല്‍ പലെര്‍മോയില്‍ നിന്നാണ് ഡിബാല യുവന്റസിലെത്തുന്നത്. ഏഴു വര്‍ഷത്തിനിടെ യുവന്റസിനൊപ്പം തുടര്‍ച്ചയായ അഞ്ച് സീരി എ കിരീടങ്ങളിലും നാല് കോപ്പ ഇറ്റാലിയ കിരീട നേട്ടങ്ങളിലും താരം പങ്കാളിയായി. 2017-ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ടീമിലും ഡിബാലയുണ്ടായിരുന്നു. 

അതേസമയം ഡിബാല ഏത് ക്ലബ്ബിലേക്കാണ് പോകുന്നതെന്ന കാര്യം വ്യക്തമല്ല. എങ്കിലും ഇന്റര്‍ മിലാന്‍ താരത്തെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ടോട്ടനം, ആഴ്സണല്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി എന്നീ ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്. 


 

Content Highlights: Paulo Dybala breaks down after playing his last match for Juventus