ലിവര്‍പൂളിനെ ഞെട്ടിച്ച് നോട്ടിങ്ഹാം; എവേ ഗെയിമില്‍ വിജയിക്കാനാവാതെ ലിവര്‍പൂള്‍

നോട്ടിങ്ഹാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് നോട്ടിങ്ഹാം ചെമ്പടയെ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗ് സീസണില്‍ ഇതുവരെ ഒരു എവേ ഗെയിമില്‍ പോലും ലിവര്‍പൂളിന് വിജയിക്കാനായിട്ടില്ല. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 16 പോയന്റോടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ക്ലോപ്പും സംഘവും.
സ്വന്തം തട്ടകത്തില്‍ നടന്ന കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയിക്കാനാവാതെയാണ് നോട്ടിങ്ഹാം ലിവര്‍പൂളിനെതിരേ കളിക്കാനിറങ്ങിയത്. ആദ്യ പകുതിയില്‍ രണ്ടുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഗോളാക്കാനായില്ല. ലിവര്‍പൂള്‍ പ്രതിരോധതാരം വാന്‍ഡൈക്കിനും മുന്നേറ്റതാരം ഫാബിയോ കാര്‍വാലോയ്ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഗോളാക്കാനാവാതെ വന്നത് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായി. നോട്ടിങ്ഹാം ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ മികച്ച സേവുകളുമായി കളം നിറഞ്ഞുകളിച്ചു. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ വിജയഗോളിനായി ഇരുടീമുകളും ആക്രമിച്ചുകളിച്ചു. 55-ാം മിനിറ്റില്‍ ലിവര്‍പൂളിനെ ഞെട്ടിച്ചുകൊണ്ട് നോട്ടിങ്ഹാം ലീഡെടുത്തു. സ്‌ട്രൈക്കര്‍ ടൈവോ അവോനിയിയാണ് വലകുലുക്കിയത്. റൈറ്റ് ബാക്ക് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിനേയും മധ്യനിരതാരം ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സണേയും കളത്തിലിറക്കി ചെമ്പട തിരിച്ചടിക്കാന്‍ ശ്രമിച്ചു. പക്ഷേ ശ്രമങ്ങളെല്ലാം പ്രതിരോധക്കോട്ടയില്‍ തട്ടി വിഫലമായി. ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ ഗംഭീര സേവുകളുമായി മികച്ചുനിന്നപ്പോള്‍ ലിവര്‍പൂള്‍ തോല്‍വിയോടെ മടങ്ങി. പ്രീമിയര്‍ ലീഗ് സീസണില്‍ ഇതുവരെ ഒരു എവേ ഗെയിമില്‍ പോലും ടീമിന് വിജയിക്കാനായിട്ടില്ല.
സിറ്റി ഗ്രൗണ്ടിലെ ആദ്യ മൂന്ന് പ്രീമിയര്‍ലീഗ് മത്സരത്തിലും ഗോള്‍ നേടുന്ന ആദ്യ നോട്ടിങ്ഹാം ഫോറസ്റ്റ് താരമാണ് ടൈവോ അവോനിയി. 1996 ന് ശേഷമാണ് സ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാം ലിവര്‍പൂളിനെ തോല്‍പ്പിക്കുന്നത്. 12 മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റോടെ പട്ടികയില്‍ 19-ാം സ്ഥാനത്താണ് നോട്ടിങ്ഹാം ഫോറസ്റ്റ്.
Content Highlights: Nottingham stuns liverpool