പോക്കർ കളിക്കാൻ പോയെന്ന് വിമർശിച്ചവർക്ക് മറുപടി; സാന്റോസിനായി ഇരട്ടഗോൾ നേടി നെയ്മർ

കോപ സുഡാമേരിക്കാനയിൽ കളിക്കുന്ന സാന്റോസ് ടീമിനൊപ്പം മത്സരത്തിനിറങ്ങാതെ പോക്കർ ടൂർണമെന്റിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നെയ്മർ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിന് മറുപടിനൽകി ബ്രസീലിയൻ സീരി എയിൽ ഇരട്ട ഗോളുകളുമായി നെയ്മർ തിളങ്ങി. ചാപെക്കോൻസെയ്ക്കെതിരെ 2-2ന് സമനില വഴങ്ങിയ സാന്റോസിനായി 36, 89 മിനിറ്റുകളിലായിരുന്നു ബ്രസീൽ താരത്തിന്റെ ഗോളുകൾ. ഗോൾ ആഘോഷത്തിനിടെ വിമർശകർക്കുള്ള മറുപടിയും നെയ്മർ നൽകി. കാർഡുകൾ വിതറുന്നത് അനുകരിച്ചായിരുന്നു ഗോളാഘോഷം. ലോകകപ്പിനുശേഷം ബ്രസീൽ താരം കളിക്കുന്ന ആദ്യ മത്സരംകൂടിയായിരുന്നു ഇത്.
കോപ സുഡാമേരിക്കാനയിൽ യൂണിവേഴ്‌സിഡാഡ് സെൻട്രലിനെതിരായ ആദ്യപാദ മത്സരത്തിലാണ് നെയ്മർ കളിക്കാതിരുന്നത്. 4-1ന് സാന്റോസ് വിജയിക്കുകയും ചെയ്തു. ഈസമയത്ത് സാവോ പോളോയിൽ നടന്ന ബിഎസ്ഒപി വിന്റർ പോക്കർ ടൂർണമെന്റിൽ നെയ്മർ മത്സിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ പോസ്റ്റുകൾ നിറഞ്ഞത്. എന്നാൽ, പോക്കർ കളിക്കാൻ വേണ്ടിയായിരുന്നില്ല നെയ്മർ മത്സരം ഒഴിവാക്കിയത്. സാന്റോസ് പരിശീലകൻ കുക്ക, 34-കാരനായ താരത്തിന്റെ ഫിറ്റ്‌നസ് പരിഗണിച്ച് മത്സരത്തിൽനിന്ന് മാറ്റിനിർത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന പോസ്റ്റുകൾക്ക് നെയ്മർ മറുപടി നൽകുകയും ചെയ്തിരുന്നു. 'ജീവിതം ഒരു തമാശയാണ്' എന്ന അടിക്കുറിപ്പോടെ പോക്കർ ടൂർണമെന്റിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു. 'ഞാൻ രാവിലെ ജോലിചെയ്തു, മത്സരത്തിന് പോയില്ല, പരിശീലനത്തിൽ തിരിച്ചെത്തി. എനിക്ക് ഒരു ദിവസത്തെ അവധിയായിരുന്നു' എന്നും താരം വിശദീകരിച്ചു. തന്റെ പരിശീലനത്തെയും വിമർശകർ എതിർക്കുമോയെന്നും നിങ്ങൾ നിങ്ങളുടെ കാര്യം നോക്കണമെന്നും നെയ്മർ വ്യക്തമാക്കി.
Content Highlights: Neymar scores two goals against Chapecoense for Santos, Celebration mimicked poker card dealing to silence critics, Clarification that absence from Copa Sudamericana was due to coach Cuca's fitness decision, Neymar addresses social media backlash regarding his personal time