20 വര്‍ഷത്തിനുശേഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി ന്യൂകാസില്‍ യുണൈറ്റഡ്

ലണ്ടന്‍: 20 വര്‍ഷത്തിനുശേഷം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡ്. നടപ്പുസീസണില്‍ ആദ്യ നാലില്‍ ഇടം നേടിയതോടെയാണ് ന്യൂകാസില്‍ ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം നേടിയത്.
ലെസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ന്യൂകാസില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചത്. നിലവില്‍ 37 മത്സരങ്ങളില്‍ നിന്ന് 70 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ടീം. 36 മത്സരങ്ങളില്‍ നിന്ന് 69 പോയന്റുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് നാലാം സ്ഥാനത്ത്. അഞ്ചാമതുള്ള ലിവര്‍പൂള്‍ നിലവില്‍ 37 മത്സരങ്ങളില്‍ നിന്ന് 66 പോയന്റാണ് നേടിയത്. ലീഗിലെ അവസാന മത്സരത്തില്‍ വിജയിച്ചാലും ലിവര്‍പൂളിന് 69 പോയന്റ് മാത്രമേ നേടാനാകൂ. ഇതോടെയാണ് ന്യൂകാസില്‍ യോഗ്യത ഉറപ്പിച്ചത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് നേടിയാല്‍ ചാമ്പ്യന്‍സ് ലീഗ് പ്രവേശനം സാധ്യമാകും.
പരിശീലകന്‍ എഡി ഹോവിയുടെ തന്ത്രങ്ങളാണ് ന്യൂകാസിലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുത്തത്. ഈ സീസണില്‍ ഉജ്ജ്വലഫോമില്‍ കളിച്ച ടീം കഴിഞ്ഞ സീസണില്‍ 11-ാം സ്ഥാനത്താണ് ലീഗ് അവസാനിപ്പിച്ചത്. തകര്‍ച്ചയുടെ വക്കില്‍ നിന്ന ടീമിനെ സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയതോടെയാണ് മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. മികച്ച താരങ്ങളെ കൊണ്ടുവന്ന ന്യൂകാസില്‍ പതിയെ ലീഗിലെ ഏറ്റവും വലിയ ടീമുകളിലൊന്നായി മാറി.
ലിവര്‍പൂള്‍, ടോട്ടനം ഹോട്‌സ്പര്‍, ചെല്‍സി തുടങ്ങിയ വമ്പന്‍ ടീമുകളെ മറികടന്നാണ് ന്യൂകാസില്‍ ആദ്യ നാലില്‍ ഇടം നേടിയത്. ഇതിനുമുന്‍പ് 2002-2003 സീസണ്‍ ചാമ്പ്യന്‍സ് ലീഗിലാണ് ന്യൂകാസില്‍ അവസാനമായി പങ്കെടുത്തത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ടീം പുറത്താവുകയും ചെയ്തു. ബാഴ്‌സലോണ, ഇന്റര്‍മിലാന്‍, ബയേണ്‍ ലെവര്‍കൂസന്‍ എന്നീ ശക്തരായ എതിരാളികള്‍ അണിനിരന്ന ഗ്രൂപ്പ് എ യിലാണ് ന്യൂകാസില്‍ മത്സരിച്ചത്. എന്നാല്‍ ടീമിന് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനം മാത്രമാണ് നേടാനായത്.
Content Highlights: Newcastle Back In Champions League For First Time In 20 Years